'സർക്കാർ രാജ്ഭവനെ നിയന്ത്രിക്കണ്ട, ബാലൻ ബാലിശമായി പെരുമാറരുത്', ആഞ്ഞടിച്ച് ഗവർണർ

'സർക്കാർ രാജ്ഭവനെ നിയന്ത്രിക്കണ്ട, ബാലൻ ബാലിശമായി പെരുമാറരുത്', ആഞ്ഞടിച്ച് ഗവർണർ

തിരുവനന്തപുരം: നയപ്രഖ്യാപനം വായിച്ചതോടെ സർക്കാരും ഗവർണറും തമ്മിലുള്ള പോര് അവസാനിച്ചെന്ന് കരുതിയെങ്കിൽ തെറ്റി. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനവിവാദത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർ‌ണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും രംഗത്തെത്തി. മുൻമന്ത്രി എ കെ ബാലനെയും പ്രതിപക്ഷനേതാവ് വി ഡി സതീശനെയും പേരെടുത്ത് പറഞ്ഞ് ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചു. രാജ്ഭവനെ നിയന്ത്രിക്കാമെന്ന് സർക്കാർ കരുതിയാൽ അത് അംഗീകരിക്കാനാകില്ലെന്നും ഗവർണർ ആഞ്ഞടിച്ചു.

''പേര് ബാലൻ എന്നാണെന്ന് കരുതി, ബാലിശമായി സംസാരിക്കരുത്. ഉള്ളിലെ കുട്ടി ഇനിയും വളർന്നിട്ടില്ലേ? ഇതൊന്നും ശരിയല്ല'', ഗവർണർ പരിഹസിച്ചു. ഗവർണർക്ക് രണ്ടാം ശൈശവമാണെന്നും, അങ്ങനെ വയസ്സായ കാലത്ത് പലതും പറയുമെന്നും, ഒരു കേക്ക് കൊണ്ടുപോയി വരെ താൻ പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നും, അതങ്ങനെ കണ്ടാൽ മതിയെന്നും നയപ്രഖ്യാപനവിവാദത്തെക്കുറിച്ച് മുൻമന്ത്രി എ കെ ബാലൻ പറഞ്ഞിരുന്നു. 

ഒരു പ്രതിപക്ഷനേതാവ് എങ്ങനെ പെരുമാറണം എന്ന കാര്യത്തിൽ വി ഡി സതീശന് ഒരു ധാരണയുമില്ലെന്നും ഗവർണർ ആരോപിക്കുന്നു. ''പ്രതിപക്ഷനേതാവ് എങ്ങനെ പെരുമാറണം എന്നത് ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പഠിക്കട്ടെ'', എന്നാണ് ഗവർണർ പറയുന്നത്. 

ഒരു കേന്ദ്രമന്ത്രിയെന്ന നിലയിൽ എനിക്ക് 11 പേഴ്സണൽ സ്റ്റാഫ് മാത്രമേയുണ്ടായിരുന്നുള്ളൂ. ഇവിടെ ഓരോ മന്ത്രിമാർക്കും 20-ലധികം പേഴ്സണൽ സ്റ്റാഫുണ്ട്. ഇവരെയെല്ലാം രണ്ട് വർഷം കൂടുമ്പോൾ മാറ്റി പുതിയ ആളുകളെ നിയമിക്കുന്നു. ഇങ്ങനെ മാറ്റി നിയമിച്ചവർക്കടക്കം എല്ലാവർക്കും പെൻഷൻ ആനുകൂല്യങ്ങളടക്കം എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നു. സ്റ്റാഫ് നിയമനത്തിന്‍റെ പേരിൽ ഇത്തരത്തിൽ രണ്ട് വർഷം കൂടുമ്പോൾ ആളുകളെ മാറ്റി നിയമിക്കുന്നതിൽ പാർട്ടി കേഡർ വളർത്തുക എന്ന ഒരു ലക്ഷ്യം മാത്രമേയുള്ളൂ. ഇത് ഖജനാവിനുണ്ടാക്കുന്ന നഷ്ടം ചില്ലറയല്ല. ഇതെന്ത് ധൂർത്താണ്? കേരളത്തിലെ ജനത്തിന്‍റെ പണത്തിന്‍റെ ദുർവിനിയോഗമല്ലേ ഇത്? ഗവർണർ ചോദിക്കുന്നു. 

പേഴ്സണൽ സ്റ്റാഫ് നിയമനം വെറുതെ വിട്ട് കളയില്ലെന്ന് ഗവർണർ ആവർത്തിക്കുന്നു. എജിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സർക്കാരിനെ ഉപദേശിക്കാൻ തനിക്ക് അവകാശം ഉണ്ട്. അടുത്ത കാലത്ത് മാത്രമാണ് തനിക്ക് ഇങ്ങനെയാണ് പേഴ്സണൽ സ്റ്റാഫ് നിയമനം നടക്കുന്നതെന്ന് മനസ്സിലായത്. ഈ രീതി റദ്ദാക്കി നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തണം എന്ന് താൻ ആവശ്യപ്പെട്ടിരുന്നതാണ്. ഈ നിലപാടിൽ പിന്നോട്ടില്ലെന്നും ഗവർണർ. 

പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാലിനെ മാറ്റാൻ താൻ നിർദേശിച്ചിട്ടില്ല എന്ന് ഗവർണർ പറയുന്നു. ഒരു സെക്രട്ടറിക്ക് ഒറ്റയ്ക്ക് അങ്ങനെ കത്തെഴുതാനാകില്ലെന്ന് തനിക്ക് അറിയാം. പിന്നെ എന്തിന് അദ്ദേഹത്തെ മാറ്റണം എന്ന് താനാവശ്യപ്പെടണം? സർക്കാരാണ് അദ്ദേഹത്തെ കാരണക്കാരനായി കണ്ടെത്തി നടപടിയെടുത്തത്. അതിൽ തനിക്കെന്ത് ഉത്തരവാദിത്തമാണുള്ളത്?

ബിജെപി സംസ്ഥാനസമിതി അംഗം കൂടിയായ ഹരി എസ് കർത്തായെ തന്‍റെ പി എ ആയി നിയമിച്ചതിൽ യാതൊരു തെറ്റുമില്ല എന്നാണ് ഗവർണർ പറയുന്നത്. ഇതിന് മുമ്പ് രാജ്ഭവനിൽ രാഷ്ട്രീയപശ്ചാത്തലം ഉള്ള പലരും ജോലി ചെയ്തിട്ടുണ്ട്. അതിന്‍റെ കണക്ക് തന്‍റെ പക്കലുണ്ട്. അദ്ദേഹം മുതിർന്ന മാധ്യമപ്രവർത്തകനാണ്, അദ്ദേഹത്തിന് ഇവിടെ ജോലി ചെയ്യാനുള്ള യോഗ്യതയുണ്ട്. താനും ബിജെപിക്ക് ഒപ്പമായിരുന്നു. കേരളാ പൊലീസ് ഇന്‍റലിജൻസ് ക്ലിയർ ചെയ്ത ശേഷമാണ് ഹരി എസ് കർത്തായെ നിയമിച്ചതെന്നും ഗവർണർ പറയുന്നു.