സ്റ്റേഷൻ മാർച്ചിന് മൈക്ക് ഉപയോഗിക്കാൻ അനുമതി നിഷേധിച്ചു; പൊലീസിനും സിപിഎമ്മിനുമെതിരെ സിപിഐ

സ്റ്റേഷൻ മാർച്ചിന് മൈക്ക് ഉപയോഗിക്കാൻ അനുമതി നിഷേധിച്ചു; പൊലീസിനും സിപിഎമ്മിനുമെതിരെ സിപിഐ

പൊലീസിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ. ഏരിയ കമ്മറ്റി ഓഫീസിൽ നിന്നും ലഭിക്കുന്ന നിർദ്ദേശം അനുസരിച്ചുള്ള പൊലീസിൻറെ പ്രവർത്തനം നാടിനെ തകർക്കുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നു എന്നാരോപിച്ച് സിപിഐ നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വണ്ടിപ്പെരിയാറിൽ 6 വയസ്സുകാരിയെ കൊലപ്പെടുത്തി കേസിലെ പ്രതിയ അർജുന് എതിരെ മതിയായ കുറ്റങ്ങൾ ചുമത്തിയില്ലെന്നാരോപിച്ചാണ് സിപിഐ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. ഇതിന് മൈക്ക് ഉപയോഗിക്കാൻ അനുമതി നിഷേധിച്ചിരുന്നു. കേസിലെ പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുമ്പോൾ ചില നേതാക്കൾ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതായും ശിവരാമൻ ആരോപിച്ചു.

കഴിഞ്ഞ ദിവസം സിപിഎം ജില്ല സെക്രട്ടറി സി വി വർഗീസ് കുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ചിരുന്നു. സ്റ്റേഷനു സമീപം മാർച്ച് പൊലീസ് തടഞ്ഞത് നേരിയ സംഘർഷത്തിനു കാരണമായി. പ്രതി അർജുനെതിരെ പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമ പ്രകാരമുള്ള വകുപ്പുകൾ ചേർക്കണമെന്ന് മാതാപിതാക്കളുടെ ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അർജുനും എസ് സി വിഭാഗത്തിൽ പെട്ട ആളാണെന്നതിനുള്ള രേഖകൾ പൊലീസ് കോടതിയിൽ ഹാജരാക്കിയതിനെ തുടർന്നായിരുന്നു ഇത്. ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു.

കഴിഞ്ഞ ജൂണിലാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലെ ആറ് വയസ്സുകാരിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ച ശേഷം കൊന്നുകെട്ടിതൂക്കിയത്. പ്രതി അര്‍ജുനെ ഉടനെ  പിടികൂടിയ പൊലീസ് ബലാത്സംഗം, കൊലപാതകം, പോക്സോ വകുപ്പുകൾ ചുമത്തി 45 ദിവസത്തിനകം തന്നെ കുറ്റപത്രം നൽകുകയും ചെയ്തു. എന്നാല്‍ കേസ് കൂടുതൽ ബലപ്പെടുത്തുന്ന പട്ടികജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമം ചുമത്തിയില്ല.

പ്രതി അര്‍ജുനും ഇതേ വിഭാഗത്തിൽപ്പെട്ടയാളാണെന്ന ധാരണയിലാരുന്നു  ഈ വകുപ്പ് ഒഴിവാക്കിയത്. എന്നാൽ വര്‍ഷങ്ങൾക്ക് മുന്‍പ് പ്രതി അര്‍ജുന്റെ കുടുംബം മതംമാറിയതാണ്. ഇക്കാര്യം പെൺകുട്ടിയുടെ മാതാപിതാക്കളും, പൊതുപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടിയിട്ടും വകുപ്പ് ചേര്‍ക്കാൻ തയ്യാറായില്ല. ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. എന്നിട്ടും നടപടിയുണ്ടായില്ല. ഇതോടെയാണ് മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് അർജുന് എതിരെ പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമം ഉൾപ്പെടുത്തണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയത്.