ഇടുക്കി ഡാം ഉച്ചയ്ക്ക് തുറക്കും, മുല്ലപ്പെരിയാർ സ്പിൽവേ ഷട്ടറുകൾ തുറന്നേക്കും

ഇടുക്കി ഡാം ഉച്ചയ്ക്ക് തുറക്കും, മുല്ലപ്പെരിയാർ സ്പിൽവേ ഷട്ടറുകൾ തുറന്നേക്കും

ഇടുക്കി: കനത്ത മഴ തുടരുന്നതോടെ സംസ്ഥാനത്തെ അണക്കെട്ടുകളിൽ ആശങ്ക ഉയരുകയാണ്. ഇടുക്കി ഡാം ഇന്ന് ഉച്ചയ്ക്ക് തുറക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഒരു ഷട്ട‍ർ 40 സെ.മീ ഉയ‍ർത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പെരിയാർ തീരത്തുള്ളവരോട് ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. 

ഇടുക്കിയിൽ രാവിലെ 10 മണിക്ക് പുറത്തുവന്ന ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ജലനിരപ്പ് 2398.80 അടിയാണ്. ഇടുക്കിയുടെ ജലനിരപ്പുയരുന്ന പശ്ചാത്തലത്തിൽ ചെറുതോണി ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തണോ എന്ന കാര്യത്തിൽ കെഎസ്ഇബി നിലവിൽ ചർച്ചകൾ നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഒരു ഷട്ടർ തുറക്കാൻ തീരുമാനിച്ചത്.

റൂൾ കർവ് പ്രകാരം ഇടുക്കി ഡാമിലെ ബ്ലൂ അലർട്ട് ലെവൽ 2392.03 അടിയാണ്. ഓറഞ്ച് അലർട്ട് 2398.03 അടിയും റെഡ് അലർട്ട് 2399.03 അടിയുമാണ്. റെഡ് അലർട്ട് ലെവലിലെത്തിയ ശേഷം ഇടുക്കി തുറന്നാൽ മതിയെന്നാണ് കെഎസ്ഇബി ഇന്നലെ തീരുമാനിച്ചിരുന്നത്. എന്നാൽ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ കനക്കുകയും, മുല്ലപ്പെരിയാർ സ്പിൽ വേ ഷട്ടറുകൾ തുറക്കേണ്ട സ്ഥിതി വരികയും ചെയ്തു. ചെറുതോണി ഷട്ടറുകൾ തുറന്ന് സെക്കന്‍റിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കാൻ അനുമതി കളക്ടർ ഇന്നലെത്തന്നെ നൽകിയിരുന്നു.