ചൂട് കൂടുമ്പോള്‍ കാറിന് തീപിടിക്കാതിരിക്കാന്‍ ചെയ്യേണ്ടത്; പ്രത്യേത നിര്‍ദേശവുമായി അബുദാബി പൊലീസ്

അബുദാബി: യുഎഇയില്‍ ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് തീപിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് അധികൃതര്‍. പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് അബുദാബി പൊലീസും സിവില്‍ ഡിഫന്‍സും ആവശ്യപ്പെട്ടു. ഇത്തരം തീപിടുത്തങ്ങളില്‍ ഭൂരിഭാഗവും ഉണ്ടാകുന്നത് സുരക്ഷയുടെ കാര്യത്തിലുള്ള അശ്രദ്ധ കൊണ്ടാണെന്നും പൊലീസ് അറിയിച്ചു.
വേഗത്തില്‍ തീപിടിക്കാന്‍ സാധ്യതയുള്ള വസ്‍തുക്കള്‍ വാഹനങ്ങള്‍ക്കുള്ളില്‍ സൂക്ഷിച്ച ശേഷം വാഹനം ലോക്ക് ചെയ്‍ത് പോകുന്നത് തീപിടിക്കാനുള്ള ഒന്നാമത്തെ കാരണമാണ്. വാഹനത്തിന് യോജിച്ചതല്ലാത്ത ഇന്ധന ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതും തീപിടിക്കാന്‍ കാണമാവും. വാഹനങ്ങള്‍ക്ക് കൃത്യമായ ഇടവേളകളില്‍ യോഗ്യരായ മെക്കാനിക്കുകളുടെയോ സര്‍വീസ് സെന്ററുകളുടെയോ സഹായത്തോടെ അറ്റകുറ്റപ്പണികള്‍ നടത്തിയിരിക്കണമെന്ന് അബുദാബി സിവില്‍ ഡിഫന്‍സ് പബ്ലിക് സേഫ്റ്റി വിഭാഗം ഡയറക്ടര്‍ സലീം അല്‍ ഹബഷി പറഞ്ഞു. അംഗീകൃതമല്ലാത്ത ടെക്നീഷ്യന്മാര്‍ വാഹനം റിപ്പെയര്‍ ചെയ്യുമ്പോള്‍ പലപ്പോഴും മറ്റൊരു തകരാറ് വന്നുപെടുകയാവും ചെയ്യുന്നത്. അത്യാവശ്യ സമയങ്ങളില്‍ ഉപയോഗിക്കാന്‍ ഫസ്റ്റ് എയ്ഡ്‍ സാമഗ്രികളും ഒരു അഗ്നിശമന ഉപകരണവും വാഹനത്തില്‍ സൂക്ഷിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.