എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം; പെന്‍ഷന്‍ പദ്ധതികളില്‍ അംഗമാകാം

എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം; പെന്‍ഷന്‍ പദ്ധതികളില്‍ അംഗമാകാം

പത്ത‌നംതിട്ട: യഥാസമയം എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ (Employment Registration Renewal)പുതുക്കുവാന്‍ കഴിയാതിരുന്നവര്‍ക്ക് വീണ്ടും അവസരം. 1/1/2000 മുതല്‍ 31/08/2021 വരെയുള്ള (രജിസ്ട്രേഷന്‍  ഐഡന്റ്റി കാര്‍ഡില്‍    പുതുക്കേണ്ടുന്ന മാസം 10/99 മുതല്‍ 6/21 വരെ  രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) കാലയളവില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് അവസരം. അര്‍ഹതയുള്ള മറ്റുള്ളവര്‍: എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ച് മുഖേന താല്‍ക്കാലിക ജോലി ലഭിച്ച് ജോലിയില്‍ നിന്നും യഥാവിധി പിരിഞ്ഞ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് 90 ദിവസത്തിനകം ചേര്‍ക്കാന്‍ കഴിയാതെയിരുന്ന  കാരണത്താല്‍ സീനിയോറിറ്റി നഷ്ടമായ ഉദ്യോഗാര്‍ഥികള്‍. ഈ കാലയളവില്‍ മെഡിക്കല്‍ ഗ്രൗണ്ടിലും ഉപരിപഠനത്തിന് പോകേണ്ടിവന്നതിനാലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാകാതെ വിടുതല്‍ ചെയ്തു/രാജിവച്ചവര്‍.

ഈ കാലയളവില്‍ നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാതെ നിയമനാധികാരിയില്‍ നിന്നും നോണ്‍ ജോയിനിംഗ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തതിനാല്‍ സീനിയോറിറ്റി നഷ്ടമായവര്‍. അസല്‍ രജിസ്ട്രേഷന്‍ സീനിയോറിറ്റി പുന:സ്ഥാപിച്ചു നല്‍കുന്നതിന്  ഏപ്രില്‍ 30 വരെയുള്ള  എല്ലാ പ്രവൃത്തി ദിവസങ്ങളിലും രജിസ്ട്രേഷന്‍ കാര്‍ഡ് സഹിതം അടൂര്‍ എംപ്ലോയ്മെന്റ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാം.  ലാപ്സായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ www.eemployment.kerala.gov.in എന്ന വെബ്സെറ്റ് മുഖേന ഓണ്‍ലൈനായും പുതുക്കാം. ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ  ഹോം പേജില്‍ നല്‍കിയിട്ടുള്ള സ്പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴിയാണ് പുതുക്കേണ്ടത്.

പെന്‍ഷന്‍ പദ്ധതികളില്‍ അംഗമാകാന്‍ അവസരം
പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ധന്‍ യോജന,  ചെറുകിട വ്യാപാരി ദേശീയ പെന്‍ഷന്‍ പദ്ധതി എന്നീ പെന്‍ഷന്‍ പദ്ധതികളില്‍ അംഗമാകാം. ചുമട്ടുതൊഴിലാളികള്‍, കാര്‍ഷിക മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍, നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍, ബീഡി തൊഴിലാളികള്‍, കൈത്തറി തൊഴിലാളികള്‍, മോട്ടോര്‍ വെഹിക്കിള്‍ ജീവനക്കാര്‍, കടയുടമകള്‍, സ്വയം തൊഴില്‍ സംരംഭകര്‍,  മില്ലുടമകള്‍, കമ്മീഷന്‍ ഏജന്റുമാര്‍, റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍, ചെറുകിട ഹോട്ടല്‍ റസ്റ്റേറന്റ് ഉടമകള്‍, മറ്റു ചെറുകിട വ്യാപാരികള്‍ എന്നിവര്‍ക്കാണ് അവസരം.  പെന്‍ഷന്‍ പദ്ധതിയുടെ വിജയത്തിനായി മാര്‍ച്ച് 13 വരെ പെന്‍ഷന്‍ വാരാഘോഷമായി ആചരിക്കും.

18 വയസ് മുതല്‍ 40 വയസ് വരെയുള്ള 15,000 രൂപയ്ക്ക് താഴെ വരുമാനമുള്ളവര്‍ക്ക്   പദ്ധതിയില്‍ അംഗമാകാം. അവരവരുടെ പ്രായത്തിന് അനുസരിച്ച് പ്രതിമാസ വിഹിതം 60 വയസ് വരെ അടയ്ക്കണം. ഗുണഭോക്താക്കള്‍ക്ക് 60 വയസിനുശേഷം മിനിമം പെന്‍ഷന്‍ മാസം തോറും 3,000 രൂപ പദ്ധതി ഉറപ്പാക്കുന്നു.

ഗുണഭോക്താവ് മരണപ്പെട്ടാല്‍ പങ്കാളിക്ക് (ഭാര്യ/ഭര്‍ത്താവ്) പെന്‍ഷന്‍ തുകയുടെ 50 ശതമാനം  കുടുംബ പെന്‍ഷനായി ലഭിക്കും. ആധാര്‍ നമ്പരും സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടും നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇഎസ്‌ഐ, ഇപിഎഫ് ദേശീയ പെന്‍ഷന്‍ പദ്ധതി എന്നിവയില്‍ അംഗങ്ങളായവര്‍ക്ക്  ഈ സ്‌കീം ബാധകമല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ജനസേവനകേന്ദ്രങ്ങള്‍, കേന്ദ്ര / സംസ്ഥാന ലേബര്‍ ഓഫീസുകള്‍ ഇഎസ്‌സിഐ, ഇപിഎഫ്ഒ  ഓഫീസുകള്‍, എല്‍ഐസി ബ്രാഞ്ച് ഓഫീസുകള്‍, 1800-267-6888 എന്ന ടോള്‍ ഫ്രീ നമ്പര്‍, https:// labour.gov.in എന്ന വെബ് പോര്‍ട്ടല്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെടുക.