തൂക്കിലേറ്റിയ ജയിലിലെ മണ്ണുകൊണ്ട് ഗോഡ്സെ പ്രതിമ നിർമിക്കും -ഹിന്ദുമഹാസഭ

ഗ്വാളിയോർ: മഹാത്മാഗാന്ധിയുടെ ഘാതകനെ തൂക്കിലേറ്റിയ ഹരിയാനയിലെ അംബാല സെൻട്രൽ ജയിലിൽനിന്ന് കൊണ്ടുവന്ന മണ്ണുകൊണ്ട് നാഥുറാം ഗോഡ്സെയുടെ പ്രതിമ നിർമിക്കുമെന്ന് ഹിന്ദു മഹാസഭ. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്സെയെ 1949 നവംബർ 15നാണ് തൂക്കിലേറ്റിയത്. തിങ്കളാഴ്ച ഗോഡ്സെയുടെ ചരമവാർഷികം ആചരിക്കുന്നതിനിടെയാണ് വലതുപക്ഷ സംഘടനയുടെ പ്രഖ്യാപനം.
'ഗോഡ്സെയെയും നാരായൺ ആപ്തെയെയും വധിച്ച അംബാല ജയിലിൽനിന്ന് ഹിന്ദുമഹാസഭ പ്രവർത്തകർ കഴിഞ്ഞയാഴ്ച മണ്ണ് കൊണ്ടുവന്നു. ഈ മണ്ണ് ഗോഡ്സെയുടെയും ആപ്തെയുടെയും പ്രതിമ നിർമിക്കാൻ ഉപയോഗിക്കും. പ്രതിമ ഗ്വാളിയോറിലെ മഹാസഭ ഓഫിസിൽ സ്ഥാപിക്കും' -ദേശീയ വൈസ് പ്രസിഡന്‍റ് ഡോ. ജയ്വീർ ഭരത്വാജ് പറഞ്ഞു
ഉത്തർപ്രദേശ് മീററ്റിലെ ബലിദാൻ ധാമിൽ മഹാസഭ പ്രവർത്തകർ പ്രതിമകൾ സ്ഥാപിച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള ബലിദാൻ ധാം ഞങ്ങൾ നിർമിക്കും -ജയ്വീർ കൂട്ടിച്ചേർത്തു.
2017ൽ മഹാരാഷ്ട്രയിലെ ഓഫിസിൽ സ്ഥാപിച്ചിരുന്ന ഗോഡ്സെയുടെ പ്രതിമ ഗ്വാളിയോർ ജില്ല ഭരണകൂടം പിടിച്ചെടുത്തിരുന്നു. അവ ഇതുവരെ തിരികെ നൽകിയില്ല. വലിയ തോതിൽ ആളുകളുടെ കൊലപാതകത്തിൽ കലാശിച്ച 1947ൽ ഇന്ത്യ വിഭജനത്തിന് കാരണം കോൺഗ്രസാണെന്നും ജയ്വീർ പറഞ്ഞു.
അതേസമയം, ഹിന്ദു മഹാസഭ പ്രവർത്തകർ തിങ്കളാഴ്ച ഒരു പൊതുപരിപാടിയും സംഘടിപ്പിച്ചിട്ടില്ലെന്ന് ഗ്വാളിയോർ പൊലീസ് അഡീഷനൽ സൂപ്രണ്ട് സത്യേന്ദ്ര സിങ് തോമർ പറഞ്ഞു. ഒരു പ്രതിമയും സ്ഥാപിച്ചിട്ടില്ലെന്നും സംഘടനയുടെ പ്രവർത്തനങ്ങൾ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.