എച്ച്എൽഎൽ വിൽപന; സംസ്ഥാന സർക്കാരിന് തിരിച്ചടി, ലേലത്തിൽ പങ്കെടുക്കാനാകില്ല

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന് കീഴിലെ എച്ച് എൽ എൽ ലൈഫ് കെയർ (HLL Life Care) ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ നീക്കത്തിന് തിരിച്ചടി. ലേലത്തിൽ (Auction) പങ്കെടുക്കാൻ സർക്കാരിന് അനുമതിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് കത്തയച്ചു.വൻ ലാഭത്തിൽ പ്രവർത്തിക്കുന്ന മിനി രത്ന പദവിയിലുള്ള കമ്പനി വിൽക്കാനുള്ള തീരുമാനത്തിനെതിരെ കേരളം ആദ്യം എതിർപ്പറിയിച്ചിരുന്നു.
എച്ച്എൽഎൽ ലൈഫ് കെയർ 5375 കോടി ടേണോവർ ഉള്ള, പിന്നിട്ട വർഷം 145 കോടി ലാഭം നേടിയ പൊതുമേഖലാ സ്ഥാപനം ആണ്.ഈ വർഷം ഇതുവരെ ലാഭം അഞ്ഞൂറ് കോടി പിന്നിട്ടു. പൊതുമേഖലാ സ്ഥാപനങ്ങൾ വിൽപനക്ക് വച്ച പട്ടികയിൽ എച്ച്എൽഎല്ലിനെയും ഉൾപ്പെടുത്തിയതോടെയാണ് കേരള സർക്കാർ ഏറ്റെടുക്കാനുളള സാധ്യത തേടിയത്. കെഎസ്ഐടിസിയെ ഇതിനായി ചുമതലപ്പെടുത്തി. എന്നാൽ ഈ നീക്കങ്ങൾക്ക് തിരിച്ചടിയായിട്ടാണ് കേന്ദ്രസർക്കാരിന്‍റെ ഈ മറുപടി .
സർക്കാരിന് നേരിട്ട് 51ശതമാനം ഓഹരിയുള്ള സ്ഥാപനങ്ങൾ വാങ്ങുന്നതിൽ സർക്കാരിനോ പൊതുമേഖലാ സ്ഥാപനങ്ങൾക്കും അനുമതിയില്ലെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. 2002ൽ ഡിസ്ഇൻവെസ്റ്റ്മെന്‍റ് മന്ത്രാലയത്തിന്‍റെ തീരുമാനം അറിയിച്ചാണ് തടസവാദം.ഇതോടെ സംസ്ഥാന സർക്കാരിന് പുതിയ വഴികൾ തേടേണ്ടി വരും.കേന്ദ്രമന്ത്രി സഭയുടെ സാമ്പത്തിക കാര്യസമിതി തീരുമാനം മാറ്റുകയാണ് കേരളത്തിനുള്ള പോംവഴി. ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ എച്ച്എൽഎല്ലിന്‍റെ ആസ്ഥാനവും നാല് ഫാക്ടറികളും കേരളത്തിലാണ്.1969ൽ തുടങ്ങിയ സ്ഥാപനത്തിന് പൊതുതാത്പര്യ കണക്കിലെടുത്ത് ഒരു രൂപ വാങ്ങിയാണ് 19 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കൈമാറിയത്.