സിപിഎം നേതാവ് ജെയിംസ് മാത്യു സജീവ രാഷ്ട്രീയം വിടുന്നു, പ്രഖ്യാപനം 11 മണിക്ക് വാർത്താ സമ്മേളനത്തിൽ

കണ്ണൂർ: സിപിഎം നേതാവും മുൻ എംഎൽഎയുമായ ജെയിംസ് മാത്യു സജീവ രാഷ്ട്രീയം വിടുന്നു. പത്തു വർഷം കണ്ണൂർ തളിപ്പറമ്പ് എംഎൽഎ ആയിരുന്ന ജെയിംസ് മാത്യു നാല് പതിറ്റാണ്ടുനീണ്ട സജീവ രാഷ്ട്രീയമാണ് അവസാനിപ്പിക്കുന്നത്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് തിരുമാനമെന്നാണ് അദ്ദേഹം അറിയിച്ചത്. തീരുമാനം പ്രഖ്യാപിക്കാൻ ഇന്ന് പതിനൊന്ന് മണിക്ക് വാർത്താ സമ്മേളനം നടത്തും.
ഇത്തവണത്തെ സിപിഎം സമ്മേളനം സംസ്ഥാനകമ്മിറ്റിയിൽ നിന്നും ജെയിംസ് മാത്യുവിനെ ഒഴിവാക്കിയിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടത് പരിഗണിച്ചായിരുന്നു സംസ്ഥാനകമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയത്. ജില്ലാകമ്മിറ്റിയിൽ തുടരണമെന്ന നിർദ്ദേശം സിപിഎം മുന്നോട്ട് വെച്ചെങ്കിലും അദ്ദേഹം അതും നിരസിക്കുകയായിരുന്നു.
ഇടത് വിദ്യാർത്ഥി പ്രസ്ഥാനമായ എസ് എഫ് ഐയിലൂടെയായിരുന്നു ജെയിംസ് മാത്യു രാഷ്ട്രീയപ്രവർത്തനങ്ങൾ ആരംഭിച്ചത്. സിപിഐഎമ്മിന്റെ ന്യൂനപക്ഷ മുഖം കൂടിയായ ജെയിംസ് മാത്യു ഇരിക്കൂർ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ മത്സരിച്ചു. തളിപ്പറമ്പ് മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എംഎൽഎയായി നിയമസഭയിലെത്തിയിട്ടുണ്ട്. കണ്ണൂർ കോർപറേഷൻ കൗൺസിലർ എൻ സുകന്യയാണ് ജീവിതപങ്കാളി.