'കല്ലിടുന്നത് റവന്യൂവകുപ്പ് അല്ല, നിര്‍ദ്ദേശം നല്‍കിയിട്ടില്ല', കെ റെയില്‍ വാദം തള്ളി റവന്യൂ മന്ത്രി

'കല്ലിടുന്നത് റവന്യൂവകുപ്പ് അല്ല, നിര്‍ദ്ദേശം നല്‍കിയിട്ടില്ല', കെ റെയില്‍ വാദം തള്ളി റവന്യൂ മന്ത്രി

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ (Silver Line) അതിരടയാള കല്ലിടാന്‍ നിര്‍ദ്ദേശം നല്‍കിയത് റവന്യൂ വകുപ്പെന്ന കെ റെയില്‍ വാദം തള്ളി മന്ത്രി കെ രാജന്‍ (K Rajan). കല്ലിടുന്നത് റവന്യൂവകുപ്പ് അല്ല. കല്ലിടാന്‍ റവന്യൂവകുപ്പ് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രി വിശദീകരിച്ചു. ഭീഷണിപ്പെടുത്തി ആരില്‍ നിന്നും ഭൂമി ഏറ്റെടുക്കില്ല. റവന്യൂവകുപ്പ് സ്ഥലമേറ്റെടുക്കാനുള്ള സര്‍ക്കാരിന്‍റെ ഏജന്‍സി മാത്രമാണ്. ഉത്തരവാദിത്തമില്ലാതെ എന്തെങ്കിലും പറയരുത്. അങ്ങനെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ മറുപടി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം കോട്ടയം നട്ടാശ്ശേരിയിൽ കെ റെയില്‍ സര്‍വേ പുനരാരംഭിച്ചു. പൊലീസ് സുരക്ഷയില്‍ പത്തിടത്താണ് കെ റെയിലിന്‍റെ അടയാള കല്ലിട്ടത്. കൂടുതല്‍ സ്ഥലത്ത് കല്ലിടനാണ് കെ റെയില്‍ ഉദ്യോഗസ്ഥരുടെ തീരുമാനം. എന്നാല്‍ പ്രദേശത്ത് കൂടുതല്‍ ആളുകളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കാനാണ് പ്രതിഷേധക്കാരുടെ നീക്കം. അതിനിടെ എറണാകുളം പിറവത്ത് കല്ലിടൽ നടന്നേക്കും എന്ന വിവരത്തെ തുടർന്ന് പ്രതിഷേധക്കാര്‍ പ്രദേശത്ത് സംഘടിച്ചു.