'ഗുരുതര പിഴവ്, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു', ചോദ്യപ്പേപ്പർ വിവാദത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷാ കൺട്രോളർ

കണ്ണൂര്‍: പരീക്ഷാ നടത്തിപ്പിൽ കണ്ണൂർ സർവ്വകലാലയ്ക്ക് ( Kannur University)ഗുരുതര പിഴവ് പറ്റിയതായി ഏറ്റുപറഞ്ഞ് പരീക്ഷാ കൺട്രോളർ പിജെ വിൻസെന്റ്. സംഭവത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നറിയിച്ച പരീക്ഷാ കൺട്രോളർ, ചോദ്യം തയ്യാറാക്കിയ അധ്യാപകർ പഴയ ചോദ്യ പേപ്പർ അതേപടി നൽകുകയായിരുന്നുവെന്നും വിശദീകരിച്ചു.
ചോദ്യപ്പേപ്പർ തയ്യാറാക്കിയ അധ്യാപകരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. അത് ലഭിച്ച് കഴിഞ്ഞാൽ വൈസ് ചാൻസിലറെ അറിയിക്കും. കുറ്റക്കാരായ അധ്യാപകരെ കണ്ണൂർ സർവ്വകലാശാല കരിമ്പട്ടികയിൽ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് സാഹചര്യമായതിനാൽ കേന്ദ്രീകൃതമായി നേരിട്ടുള്ള സൂക്ഷ്മ പരിശോധന നടത്താനായിരുന്നില്ല. അതിനാലാണ് തെറ്റ് പറ്റിയത്. റദ്ദാക്കിയ പരീക്ഷകൾ ഉടൻ നടത്താൻ നടപടി എടുക്കുമെന്നും പിജെ വിൻസെന്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ ദിവസം നടന്ന സൈക്കോളജി, ബോട്ടണി പരീക്ഷകളുടെ ചോദ്യപ്പേപ്പറുകളാണ് ആവർത്തിച്ചത്. മൂന്നാം സെമസ്റ്റർ സൈക്കോളജി പരീക്ഷകളുടെ രണ്ട് ദിവസത്തെ പേപ്പറുകളും 2020 തിലേത് തന്നെയായിരുന്നു. ആകെ മൂന്ന് ചോദ്യപേപ്പറുകൾ ഇങ്ങനെയുണ്ടെന്ന് കണ്ടെത്തിയതോടെ ഈ പരീക്ഷകളെല്ലാം റദ്ദാക്കി. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകനെതിരെ അന്വേഷണം ആരംഭിച്ചു.
സൈക്കോളജി ഓഫ് ഇന്റിവിജ്വൽ ഡിഫറൻസസ് പരീക്ഷയുടെയും ന്യൂറോ ബയോളജിക്കൽ പെർസ്പെക്ടീവ് എന്ന പരീക്ഷയുടെയും ചോദ്യ പേപ്പറുകളാണ് കഴിഞ്ഞ കൊല്ലത്തിന്റെതിന് സമാനമാണെന്ന് വ്യക്തമായത്. പരിശോധിച്ചപ്പോർ ചോദ്യ പേപ്പറിലെ വർഷം മാത്രം മാറ്റി പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി നൽകിയതാണെന്നും വ്യക്തമായി.
സെനറ്റ് അംഗം ഡോ ആർ കെ ബിജു പരാതിയുമായി വൈസ് ചാൻസിലറെ സമീപിച്ചപ്പോഴാണ് യൂണിവേഴ്സിറ്റിക്ക് അബന്ധം മനസിലായത്. ഉടൻ അന്വേഷണത്തിന് ഉത്തരവിട്ടു. ചോദ്യ പേപ്പർ തയ്യാറാക്കിയ ഉദ്യോഗസ്ഥൻ കഴിഞ്ഞ കൊല്ലത്തെ ചോദ്യപേപ്പർ എടുത്ത് ഡേറ്റ് മാത്രം മാറ്റി ഇക്കൊല്ലത്തേക്കും നൽകി എന്നാണ് പ്രാധമിക നിഗമനം. അതുകൊണ്ട് ഇതേ അധ്യാപകൻ തയ്യാറാക്കിയ തിങ്കളാഴ്ച നടക്കേണ്ട മൂന്നാം സെമസ്റ്റർ ബിരുദം ഫിലോസഫി കോംപ്ലിമെൻററി പേപ്പറായ പെർസ്പെക്റ്റീവ് ഇൻ സൈക്കോളജി പരീക്ഷയും മാറ്റി വെക്കുകയായിരുന്നു.
ഇതിന് പിന്നാലെ ഏപ്രിൽ 21 വ്യാഴാഴ്ച നടന്ന മൂന്നാം സെമസ്റ്റർ ബോട്ടണി പരീക്ഷയുടെ 95 ശതമാനം ചോദ്യങ്ങളും 2020 ലെ ചോദ്യപേപ്പറിൽ നിന്നുളളതായിരുന്നുവെന്ന് കണ്ടെത്തി. ആൾഗേ ആന്റ് ബ്രയോഫൈറ്റ്സ് ചോദ്യ പേപ്പറാണ് ആവർത്തിച്ചത്. വിവാദമായതോടെ കണ്ണൂർ വിസി അന്വേഷണ കമ്മീഷനെ നിയോഗിച്ചു.