കോഴിക്കോട്ട് പിഞ്ചുകുഞ്ഞ് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ; ഒരു മാസത്തിൽ താഴെ മാത്രം പ്രായമെന്ന് പൊലീസ്

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ പിഞ്ചുകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. നീലിത്തോട് പാലത്തിൻ്റെ സമീപം ആണ് കുഞ്ഞിനെ കണ്ടെത്തിയത്. ഒരു മാസത്തിൽ താഴെ മാത്രം പ്രായമുള്ള ആൺ കുഞ്ഞിനെയാണ് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഫറോക്ക് പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പുലർച്ചെ അഞ്ചുമണിക്ക് പണിക്കിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളാണ് തോട്ടുങ്ങൽ നീലിത്തോട് പാലത്തിന് സമീപം വഴിയരികിൽ പിഞ്ചു കുഞ്ഞിനെ ആദ്യം കണ്ടത്. തുടർന്ന് സമീപ വാസികളെയും പോലീസിനെയും വിവരമറിയിച്ചു.സ്ഥലത്തെത്തിയ ഫറോക്ക് പോലീസ് കുഞ്ഞിനെ ആദ്യം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും പരിചരണത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ ആദ്യം കണ്ട ഇതര സംസ്ഥാന തൊഴിലാളികളുടെ മൊഴി രേഖപ്പെടുത്തി.
കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. ഒരു മാസത്തിനിടെ നടന്ന പ്രസവങ്ങളുടെ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടിയും തുടങ്ങി. കുഞ്ഞിന്റെ ഡിഎൻഎ പരിശോധന ഉൾപ്പടെ നടത്തും.മാതാപിതാക്കൾ ആരെന്നറിയില്ലെങ്കിലും ഇവർക്കെതിരെ എതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുത്തിട്ടുണ്ട്.