അരങ്ങൊഴിഞ്ഞ് കെപിഎസി ലളിത; അന്ത്യാഞ്ജലിയുമായി കലാകേരളം

അരങ്ങൊഴിഞ്ഞ് കെപിഎസി ലളിത; അന്ത്യാഞ്ജലിയുമായി കലാകേരളം

തിരുവനന്തപുരം: രാജ്യം കണ്ട ഏറ്റവും മികച്ച സ്വഭാവ നടിമാരിലൊരാളാണ് കെപിഎസി ലളിത (KPAC Lalitha). നമുക്കൊപ്പം അഞ്ച് പതിറ്റാണ്ടിലേറെയായി കെപിഎസി ലളിതയുണ്ടായിരുന്നു. കാമുകിയായി, അമ്മയായി, അമ്മൂമ്മയായി, അമ്മായിയമ്മയായി. ചിരിപ്പിച്ചും കരയിപ്പിച്ചും ചിന്തിപ്പിച്ചുമൊക്കെ അത്ഭുതപ്പെടുത്തിയ സ്ത്രീ വേഷങ്ങൾ. അഭിനയത്തികവ് കാണിക്കാൻ നായികയാകണമെന്ന് നിർബന്ധമില്ലെന്ന് തെളിയിക്കുന്നതാണ് ലളിതയുടെ അഞ്ഞൂറിലേറെ വേഷങ്ങൾ. ഒടുവില്‍ ചമയങ്ങളഴിച്ച് കെപിഎസി ലളിത യാത്രയായിരിക്കുകയാണ്. കെപിഎസി ലളിതയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ചെന്നിത്തല, മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജുവാര്യര്‍ അടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.

മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെപിഎസി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വ്യത്യസ്ത തലമുറകളുടെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറി. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോർത്തു നിന്ന ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. 

ലളിതയുടെ വിയോഗം കേരളത്തിലെ സാംസ്കാരിക മേഖലയ്ക്ക് അപരിഹാര്യമായ നഷ്ടമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നാടക-സിനിമ രംഗത്ത് അഭിനയിച്ച് ലോകപ്രശസ്തി നേടിയ കലാകാരി എന്ന നിലയിൽ കേരളം എന്നും കെപിഎസി ലളിതയെ ഓർക്കും. എല്ലാ കാലത്തും ഇടതുപക്ഷത്തോടൊപ്പം നിന്ന ധീര വനിതയാണ് കെപിഎസി ലളിത. വ്യക്തിപരമായി വളരെ അടുത്ത ബന്ധമാണ് അവരുമായി ഉണ്ടായിരുന്നത്. നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.