കെഎസ്ആർടിസി പ്രതിസന്ധി; നാളെ മുതല്‍ ശമ്പളം കൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഗതാഗത മന്ത്രി

കെഎസ്ആർടിസി പ്രതിസന്ധി; നാളെ മുതല്‍ ശമ്പളം കൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി (KSRTC) ജീവനക്കാർക്ക് നാളെ മുതല്‍ ശമ്പളം കൊടുക്കാൽ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കെഎസ്ആർടിസിയെ നില നിർത്തേണ്ടത് സർക്കാരിന്‍റെ കൂടി ആവശ്യമാണ്. മാനേജ്മെന്‍റ് മാത്രം വിചാരിച്ചാൽ ശമ്പളം നൽകാനാവില്ലെന്ന് ബോധ്യപ്പെട്ടുവെന്നും ധനമന്ത്രിയുമായി ഇന്നും ആശയ വിനിമയം നടത്തിയെന്നും ആന്‍റണി രാജു പറഞ്ഞു. കൂടുതൽ പണം കിട്ടാൻ ഇന്ന് തന്നെ അപേക്ഷിക്കും. നാളെ ധനമന്ത്രിയെ നേരിട്ട് കാണുമെന്നും ശാശ്വത പരിഹാരത്തിന് കൂടുതൽ ചർച്ചകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു. സിഎന്‍ജി ബസുകൾ വാങ്ങുന്നത് സ്വിഫ്റ്റിനായിട്ടാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഏപ്രിൽ മാസത്തെ ശമ്പളത്തിനായി ജീവനക്കാർ മൂന്ന് വാരം കാത്തിരുന്നു. ശമ്പളം ഇനിയെന്ന് കിട്ടും എന്നതിന് ഒരുത്തരവും ഇല്ല. ഭരണാനുകൂല സംഘടനയായ സിഐടിയു വരെ മൗനം വെടിഞ്ഞ് അനിശ്ചിത കാല പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. ഐഎൻടിയുസിയും എഐടിയുസിയും അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചു. മന്ത്രി മന്ദിരങ്ങളിലേക്ക് പട്ടിണ് ജാഥയെന്ന് ബിഎംഎസ്. തൊഴിലാളിയൂണിയനുകൾ സമ്മർദ്ദം കടുപ്പിച്ചതോടെ സർക്കാർ അനങ്ങിത്തുടങ്ങി. ശമ്പളത്തുക മാനേജ്മെന്റ് തന്നെ കണ്ടെത്തട്ടേയെന്ന  നിലപാടിൽ മാറ്റമുണ്ടകുമെന്ന സൂചന നൽകി ഇന്നലെ ധനമന്ത്രി ഗതാഗത മന്ത്രിയെ വിളിച്ച് ആശയവിനിമയം നടത്തി. കെഎസ്ആർടിസിക്ക് എത്ര രൂപ സമാഹരിക്കാന്‍ കഴിയും. ശമ്പളം നൽകാൻ ഇനി എത്ര രൂപ വേണം, വരും മാസത്തിലെ ശമ്പളത്തിന് എന്ത് ചെയ്യും തുടങ്ങിയ വിവരങ്ങള്‍ ധന വകുപ്പ് ശേഖരിച്ചു. 

നാളെ മുതൽ തന്നെ ശമ്പളം കൊടുക്കാൽ കഴിയുമെന്നാണ് പ്രതീക്ഷ. അതേസമയം, പ്രതിസന്ധിക്കിടയിലും സിഎൻജി ബസ്സ് വാങ്ങാൻ 455 കോടി രൂപ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിമര്‍ശനത്തിനിടയാക്കി. 700 ബസ്സ് വാങ്ങാനാണ് തുക അനുവദിച്ചത്. ഏപ്രിൽ മാസത്തെ പകുതി ശമ്പളമെങ്കിലും കൊടുക്കാൻ കഴിയുമോ എന്ന ചര്‍ച്ച കെഎസ്ആര്‍ടിസിയിൽ നടക്കുന്നനിടെയാണ് സിഎൻജി ബസുകള്‍ വാങ്ങാന്‍ 455 കോടി രൂപയുടെ സര്‍ക്കാര്‍ സഹായം. കിഫ്ബി വഴിയാണ് സഹായം എത്തിക്കുക. പത്ത് മാസത്തിനകം ബസുകൾ വാങ്ങാനാണ് പദ്ധതി. ആയിരം സിഎൻജി ബസ് വാങ്ങാൻ 2016 ലെ ബജറ്റിൽ തീരുമാനം ഉണ്ടായിരുന്നെങ്കിലും അത് നടപ്പായില്ല. നിലവിൽ കെഎസ്ആര്‍ടിസിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓടുന്നത് ഒരു സിഎൻജി ബസ് മാത്രമാണ്. പരിസ്ഥിതി സൗഹൃദമെങ്കിലും കയറ്റിറക്കമുള്ള കേരളത്തിന്റെ നിരത്തുകളിൽ ബസ് പ്രായോഗികമല്ലെന്ന വിമര്‍ശനം കെഎസ്ആര്‍ടിസിക്ക് അകത്ത് തന്നെയുണ്ട്. ഇന്ധന വില ഡീസലിനൊപ്പം ഉയര്‍ന്ന സാഹചര്യവും ട്രേഡ് യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു.