കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് സൂര്യൻ പിടിയിൽ; അറസ്റ്റ് ബസിൽ വെച്ച് യാത്രക്കാരിയെ ശല്യപ്പെടുത്തിയതിന്

കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് സൂര്യൻ പിടിയിൽ; അറസ്റ്റ് ബസിൽ വെച്ച് യാത്രക്കാരിയെ ശല്യപ്പെടുത്തിയതിന്

കോട്ടയം: കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് സൂര്യൻ എന്ന ശരത് രാജ് അറസ്റ്റിൽ (Arrest). മാങ്ങാനം മന്ദിരം ആശുപത്രിക്ക് സമീപം ബസിൽ വെച്ച് യാത്രക്കാരിയെ ശല്യപ്പെടുത്തിയപ്പോൾ ബസ് ജീവനക്കാർ പൊലീസിനെ (Police) വിവരം അറിയിക്കുകയായിരുന്നു. കോട്ടയം ഷാൻ കൊലക്കേസ് പ്രതിയായ ഗുണ്ട കെഡി ജോമോന്റെ എതിർ സംഘത്തിന്‍റെ നേതാവാണ് സൂര്യൻ.

സൂര്യന്റെ സംഘാംഗം എന്ന പേരിലാണ് ജോമോൻ പത്തൊമ്പതുകാരനായ ഷാനെ കൊന്നത്. ഈ സംഭവത്തിന് ശേഷം കോട്ടയം ഈസ്റ്റ് പൊലീസ് സൂര്യനെ ഏറെ തെരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കുറച്ച് നാളുകളായി തൃശ്ശൂർ കേന്ദ്രീകരിച്ചായിരുന്നു സൂര്യന്‍റെ പ്രവർത്തനങ്ങൾ. ദിവസങ്ങൾക്ക് മുന്പാണ് സൂര്യൻ വീണ്ടും കോട്ടയത്ത് എത്തിയത്. ജോമോന്‍റെ സംഘാംഗമായ പുൽച്ചാടി ലുധീഷിനെ എറണാകുളത്ത് വച്ച് മർദ്ദിച്ചത് സൂര്യന്‍റെ സംഘമായിരുന്നു. ലഹരിക്കടത്തിലും സൂര്യന് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. ഇയാളെ വിശദമായ ചോദ്യം ചെയ്ത ശേഷം നാളെ കോടതിയിൽ എത്തിച്ച് റിമാന്‍ഡ് ചെയ്യും. സൂര്യനൊപ്പം സംഘാംഗം അനക്സ് ഷിബുവും പൊലീസ് പിടിയിലായി.