സിൽവർ ലൈൻ ഭൂമിയേറ്റെടുക്കാൻ 2000 കോടി, ആകെചിലവ് 63,941 കോടി, കേന്ദ്രാനുമതി പ്രതീക്ഷ

സിൽവർ ലൈൻ ഭൂമിയേറ്റെടുക്കാൻ 2000 കോടി, ആകെചിലവ് 63,941 കോടി, കേന്ദ്രാനുമതി പ്രതീക്ഷ

തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സിൽവർ ലൈൻ അർധ അതിവേഗ പാത (Silver Line) പദ്ധതിക്ക് വേണ്ടി ഭൂമിയേറ്റെടുക്കാനായി 2000 കോടി ബജറ്റിൽ അനുവദിച്ച് (Kerala Budget 2022) ധനമന്ത്രി കെഎൻ ബാലഗോപാൽ. പദ്ധതിക്ക് 63,941 കോടിയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. വികസന പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിലെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സംസ്ഥാനത്തിന് വലിയ മാറ്റമുണ്ടാക്കുന്ന പദ്ധതിയാണ് കെ റെയിൽ. നിലവിൽ ഏറ്റവും പരിസ്ഥിതി സൌഹാർദ്ധ പദ്ധതിയായ ഇലക്ട്രിക്ക് ട്രെയിൻ കേരളത്തിന് വലിയ മാറ്റം കൊണ്ടുവരും. ഭൂമിയേറ്റെടുക്കലിനായി അനുവദിക്കുന്ന 2000 കോടി കിഫ്ബി വഴി ആദ്യ ഘട്ടത്തിൽ നൽകുമെന്നും ധനമന്ത്രി അറിയിച്ചു. 

വിലക്കയറ്റം തടയാൻ 2000 കോടി 

ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റിലെ ആദ്യ പ്രഖ്യാപനം വിലക്കയറ്റം തടയുന്നതിന് വേണ്ടിയാണ്. ഇതിനായി സംസ്ഥാന ബജറ്റിൽ 2000 കോടി വകയിരുത്തി. യുദ്ധത്തിന് ശേഷം വൻ വിലക്കയറ്റമുണ്ടാകും. അതിനാൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും വിലക്കയറ്റ ഭീഷണിയെ അതിജീവിക്കുന്നതിനും വേണ്ടിയാണ് 2000 കോടി അനുവദിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. 

വിലക്കയറ്റത്തെ നേരിടാൻ നമ്മുടെ പൊതു സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനം പുകൾപ്പെറ്റതാണ്. സർക്കാർ അർധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. വില സ്ഥിരത ഉറപ്പാക്കും. മഹാമാരിക്കാലത്ത് നിത്യോപയോഗ സാധനങ്ങളായ പച്ചക്കറികളുടെയടക്കം ഉത്പ്പാദനം വർധിപ്പിക്കാനായെന്നും ആ നല്ല  മാതൃക മുന്നിലുണ്ടെന്നും ധനമന്ത്രി ഓർമ്മിപ്പിച്ചു.