നിമിഷ പ്രിയയുടെ മോചനം; സഹായം വാഗ്ദാനം ചെയ്ത് സംസ്ഥാന സർക്കാരും; അമ്മ മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം:യമനിൽ (yemen)വധശിക്ഷയ്ക്ക് (execution)വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ(nimisha priya) ബന്ധുക്കൾ മുഖ്യമന്ത്രിയെ കണ്ടു.രക്ഷപ്പെടുത്തുന്നതിനാവശ്യമായ നയപരമായ സഹായം തേടിയാണ് നിമിഷ പ്രിയയുടെ അമ്മയ പ്രേമകുമാരിയും ആക്ഷൻ കൗൺസിൽ അംഗങ്ങളും മുഖ്യമന്ത്രിയെ കണ്ടത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് ചെയ്യാൻ കഴിയുന്ന പരമാവധി സഹായം നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി പറഞ്ഞു. ഇതേ ആവശ്യവുമായി നിമിഷ പ്രിയയുടെ അമ്മയും ആക്ഷൻ കൗൺസിൽ അംഗങ്ങളും പ്രതിപക്ഷ നേതാവ് വി ഡി സതീശനേയും കണ്ടു.
നിമിഷ പ്രിയയുടെ (nimisha priya)വധശിക്ഷക്കെതിരെ (execution)യെമൻ സുപ്രീം കോടതിയിൽ(supreme court) അപ്പീൽ നൽകാനുള്ള സഹായം കേന്ദ്ര സർക്കാർ നൽകും. ദില്ലി ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ നിലപാടറിയിച്ചത്. യെമനിലെത്തി ചർച്ചകൾ നടത്താനുള്ള സഹായവും കേന്ദ്രം നൽകും. ഇതുമായി ബന്ധപ്പെട്ട ഹർജി ദില്ലി ഹൈക്കോടതി ഹർജി തീർപ്പാക്കിയിട്ടുണ്ട്.
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശി നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ദില്ലി ഹൈക്കോടതിയിൽ ഹര്‍ജി ഫയല്‍ ചെയ്തത്. നയതന്ത്രതലത്തിൽ ഇടപെടാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ചത്. സനായിലെ അപ്പീല്‍ കോടതിയാണ് വധശിക്ഷ ശരിവെച്ചത്. വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെയാണ് നിമിഷ പ്രിയ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ അപ്പീൽ കോടതിയെ സമീപിച്ചു. കേസിലെ വാദം കഴിഞ്ഞ ജനുവരിയിൽ പൂർത്തിയായിരുന്നു. സ്ത്രീയെന്ന പരിഗണന നൽകി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു നിമിഷ പ്രിയയുടെ ആവശ്യം. എന്നാല്‍ യുവതിയുടെ വധശിക്ഷ കോടതി ശരിവെക്കുകയായിരുന്നു.
2017 ജൂലൈ 25 നാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയ യെമന്‍കാരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷപ്രിയ. സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൗരന്‍ തലാൽ അബ്ദുമഹദി പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച് നാട്ടില്‍ വിടാതെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ഇവര്‍ ആരോപിച്ചിരുന്നു.
തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് നിമിഷ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു. പീഡനം സഹിക്കവയ്യാതെയാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പറയുന്നത്. നിമിഷ പ്രിയ തലാലിന്‍റെ ഭാര്യയാണെന്നതിന് യെമനില്‍ രേഖകളുണ്ട്. എന്നാല്‍ ക്ലിനിക്കിനുള്ള ലൈസന്‍സ് എടുക്കുന്നതിനുണ്ടാക്കിയ താല്‍ക്കാലിക രേഖ മാത്രമാണിതെന്നാണ് നിമിഷയുടെ വാദം. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നും നിമിഷ ആരോപിച്ചിരുന്നു.
നിമിഷ പ്രിയക്കാപ്പം യമന്‍ സ്വദേശിയായ സഹപ്രവര്‍ത്തക ഹനാനും കേസില്‍ അറസ്റ്റിലായിരുന്നു. കീഴ്ക്കോടതി നിമിഷയെ വധശിക്ഷക്ക് വിധിച്ചതിനെ തുടര്‍ന്ന് മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുകയായിരുന്നു. കോടതിക്ക് മുന്നില്‍ കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിയുടെ ബന്ധുക്കളും പ്രദേശവാസികളും പ്രതിഷേധവുമായെത്തിയിരുന്നു. നൂറുകണക്കിനാളുകളാണ് നിമിഷ പ്രിയയുടെ വധശിക്ഷ വിധി ശരിവെക്കണമെന്നാവശ്യപ്പെട്ട് കോടതിക്ക് മുന്നിലെത്തിയത്. തലാല്‍ അബ്ദുമഹ്ദിയുടെ കുടംബത്തിന് ബ്ലഡ് മണി നല്‍കി വധ ശിക്ഷ ഒഴിവാക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.