Rain Alert | സംസ്ഥാനത്ത് കനത്ത മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Rain Alert | സംസ്ഥാനത്ത് കനത്ത മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നത്.

കൂടാതെ സംസ്ഥാനത്തിന്‍റെ തീരപ്രദേശങ്ങളില്‍ (വിഴിഞ്ഞം മുതല്‍ കാസര്‍ക്കോട് വരെ) ജൂലൈ 28 രാത്രി 11.30 വരെ 2.5 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണമെന്നും മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കുക.

മല്‍സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

കേരളത്തിന്റെ കിഴക്കന്‍ മേഖലയില്‍ മഴ തുടരുമെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ മാത്രമേയുണ്ടാവുകയുള്ളൂവെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. ഇന്നു മുതല്‍ സംസ്ഥാനത്ത് മഴ കുറഞ്ഞു തുടങ്ങും. കഴിഞ്ഞ ദിവസങ്ങളില്‍ കിഴക്കന്‍ മലയോരത്ത് ലഭിച്ച അതിശക്തമായ മഴയുടെ രൂക്ഷത രാത്രിയോടെ കുറയുന്നതിനാല്‍ പുഴകളിലും മറ്റും വെള്ളംകയറിയുള്ള അപകട സാധ്യത കുറയും.

പെയ്യുന്ന മഴ വെള്ളം ഒഴുകിപോകാന്‍ സാവകാശം ലഭിക്കും വിധമാണ് ഇനിയുള്ള മഴയുടെ രീതി. ശക്തമായ മഴ ഏതാനും മിനുട്ടുകള്‍ നീണ്ടു നിന്ന ശേഷം ദീര്‍ഘമായ ഇടവേള ലഭിക്കും. അതിനാല്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യം ഇല്ലാതാകും. തീരദേശത്തും ഇടനാട്ടിലും ഇടവേളകളോടെ പെയ്യുന്ന മഴയും നിലവില്‍ ഭീഷണിയാകില്ല.

ഗുജറാത്ത് മുതല്‍ മുംബൈ വരെയുള്ള പടിഞ്ഞാറന്‍ തീരത്തും കേരളം ഉള്‍പ്പെടെ പടിഞ്ഞാറന്‍ തീരം പൂര്‍ണമായും കാലവര്‍ഷക്കാറ്റ് സജീവമാമായിരുന്നെങ്കിലും ഇപ്പോഴും കുറഞ്ഞു. കേരളം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ശക്തമായ മഴക്ക് ഉടന്നെ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ അനുമാനം.

അന്തരീക്ഷസ്ഥിതി അവലോകനം പാകിസ്താനു മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദം വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളായ ഗുജറാത്തിലും രാജസ്ഥാനിലും മഴ ശക്തിപ്പെട്ടിരുന്നു. ഡല്‍ഹി, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും മഴ സജീവമായി നില നില്‍ക്കാന്‍ ഈ ന്യൂനമര്‍ദം സഹായിക്കും. കാലവര്‍ഷക്കാറ്റ് നിലവില്‍ കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ മേഖലയില്‍ സജീവമല്ലെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാഹചര്യങ്ങള്‍ ഉരുത്തിരിയുന്നത് കാറ്റിന്റെ ഗതിയില്‍ മാറ്റം ഉണ്ടാക്കും. മഹാരാഷ്ട്ര മുതല്‍ കര്‍ണാടക വരെ തുടരുന്ന തീരദേശ ന്യൂനമര്‍ദപാത്തിയുടെ സ്വാധീനത്താല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നും ഒറ്റപ്പെട്ട ഇടവേളകളോടെയുള്ള മഴ തുടരും.

മണ്‍സൂണ്‍ സീസണിലെ മൂന്നാമത്തെയും ജൂലൈയിലെ രണ്ടാമത്തെയും ന്യൂനമര്‍ദം കേരളത്തെ കാര്യമായി ബാധിച്ചില്ല. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കാറ്റിന്റെ ദിശയിലും വേഗതയിലും മാറ്റങ്ങള്‍ ദൃശ്യമാണ്. ആദ്യ മണ്‍സൂണ്‍ ന്യൂനമര്‍ദത്തെപ്പോലെ മധ്യ, വടക്കന്‍ ഇന്ത്യയില്‍ മഴ ശക്തിപ്പെടുത്താന്‍ ന്യൂനമര്‍ദം സഹായിക്കും. തമിഴ്നാട്ടില്‍ മാത്രമാകും ദക്ഷിണേന്ത്യയില്‍ മഴ കുറയുക. കേരളത്തില്‍ അതിശക്തമായ മഴ ചിലയിടങ്ങളില്‍ പ്രതീക്ഷിക്കാം. ഏതെല്ലാം ജില്ലകളില്‍ എത്രയളവില്‍ മഴ എന്ന കാര്യത്തില്‍ വരും ദിവസങ്ങളിലെ അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തത വരുത്താനാകും.