പോക്സോ കേസിൽ അറസ്റ്റിന് പിന്നാലെ നിരപരാധിയെന്ന് എഴുതി വെച്ച് യുവാവ് ആത്മഹത്യ ചെയ്തു

തൃശ്ശൂർ: പോക്സോ കേസിൽ മാസങ്ങളോളം തടവിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ചാമക്കാല സ്വദേശി കൊടുങ്ങൂക്കാരൻ സഹദാണ് മരിച്ചത്. 26 വയസായിരുന്നു. ഇദ്ദേഹത്തിനെതിരെ ചാമക്കാലയിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സഹദിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് മാസങ്ങളോളം തടവിൽ കഴിഞ്ഞു. ഈയടുത്താണ് ജാമ്യം നേടി ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ചൊവ്വാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെ വീടിനുള്ളിലാണ് സഹദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഈ കേസിൽ താൻ തെറ്റു ചെയ്തിട്ടില്ലെന്ന് പറഞ്ഞ് സഹദ് ഇന്നലെ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.