തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘർഷം, പഞ്ചാബിൽ അകാലിദൾ പ്രവർത്തകൻ കൊല്ലപ്പെട്ടു

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘർഷം, പഞ്ചാബിൽ അകാലിദൾ പ്രവർത്തകൻ കൊല്ലപ്പെട്ടു

ദില്ലി: പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ  (Punjab Election 2022) അവസാന ഘട്ട പ്രചാരണത്തിനിടെയുണ്ടായ സംഘർഷത്തിൽ അകാലിദൾ (Akali Dal) പ്രവർത്തകൻ കൊല്ലപ്പെട്ടു. മുപ്പത്തിനാല് വയസുകാരൻ കരംജിത്ത് സിങ്ങാണ് മരിച്ചത്. പരസ്യപ്രചാരണത്തിന് പിന്നാലെ കോൺഗ്രസ് (Congress)-അകാലിദൾ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് ചികിത്സയിലായിരുന്നു ഇയാൾ. സംഭവത്തിൽ രണ്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്. 

അതേ സമയം, തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച പഞ്ചാബ് മുഖ്യമന്ത്രി ഛരൺജിത്ത് ചന്നിക്കും കോൺഗ്രസ് സ്ഥാനാർത്ഥിയും ഗായകനുമായ  സിദ്ദു മൂസെവാല യ്ക്കുമെതിരെ പൊലീസ് കേസ് എടുത്തു. മാനസ മണ്ഡലത്തിൽ പരസ്യപ്രചാരണം അവസാനിച്ചതിന് ശേഷവും പൊതുയോഗം സംഘടിപ്പിച്ചതിനാണ് കേസ്. ആംആദ്മി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.  സർക്കാർ സംവിധാനങ്ങളെ ചന്നി ദുരുപയോഗം ചെയ്യുന്നതായി എ എ പി ആരോപിച്ചു.