ഭീഷണി, അപകീര്‍ത്തി സന്ദേശങ്ങൾ; ലോൺ ആപ്പ് വഴി വൻ തട്ടിപ്പ്, ഇരകളായി സ്ത്രീകളും

ഭീഷണി, അപകീര്‍ത്തി സന്ദേശങ്ങൾ; ലോൺ ആപ്പ് വഴി വൻ തട്ടിപ്പ്, ഇരകളായി സ്ത്രീകളും

തിരുവനന്തപുരം: ലോണ്‍ ആപ്പുകൾ വലിയ തട്ടിപ്പുകളുടെ വിളനിലമാകുകയാണ്. അത്യാവശ്യ ഘട്ടത്തിൽ ആപ്പുകൾ വഴി പണം വായ്പ്പയായി സ്വീകരിച്ച നിരവധിപ്പേരാണ് പിന്നാലെ ഇവരുടെ ഭീഷണിക്കും പണം തട്ടിലിനും ബ്ലാക്ക് മെയിലിംഗിനും ഇരയാകുന്നത്. ഇത്തരത്തിലുള്ള  നിരവധിപ്പരാതികളാണ് കേരളത്തിൽ നിന്നും മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 

ഇന്‍സ്റ്റന്‍റ് ലോണ്‍ ആപ് വഴി 2,000 രൂപ വായ്പയെടുത്ത യുവതിയെ കമ്പനി ബ്ലാക്ക് മെയിൽ ചെയ്യുന്നതായി പരാതി. ലോണ്‍ തിരിച്ചടക്കേണ്ട സമയപരിധി കഴിഞ്ഞതോടെ യുവതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരിചയക്കാർക്ക് വാട്സ്ആപ് സന്ദേശം അയച്ചാണ് ബ്ലാക്ക് മെയിലിംഗ് തന്ത്രം. തിരുവനന്തപുരം തിരുവല്ലം സ്വദേശിയാണ് ഇന്‍സ്റ്റന്‍റ് ലോണ്‍ ആപ് കമ്പനിയുടെ ചതിക്കുഴിയിൽപ്പെട്ടത്.

ജോലി ചെയ്ത് പഠനം മുന്നോട്ട് കൊണ്ടുപോയ പെണ്‍കുട്ടി രണ്ടാഴ്ച മുമ്പാണ് ഇന്‍സ്റ്റന്‍റ് ലോണ്‍ ആപ് കുരുക്കില്‍പ്പെട്ടത്. നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ അടിയന്തരമായി പണം ആവശ്യമായി വന്നപ്പോള്‍ ക്വിക്ക് ആപ് എന്ന പേരിലുള്ള ലോണ്‍ ആപ് ഡൗണ്‍ലോഡ് ചെയ്തു. ഫോണിലെ കോണ്‍ടാക്ടും ഗ്യാലറിയും അടക്കമുള്ള അനുമതിക്കൊപ്പം ആധാര്‍ പാൻ നമ്പറുകളെല്ലാം നല്‍കേണ്ടി വന്നു. അക്കൗണ്ടില്‍ പണമെത്തി ഏഴാം നാള്‍ അരമണിക്കൂറിനുള്ളില്‍ 5000 രൂപ തിരിച്ചടക്കണമെന്ന സന്ദേശമെത്തി. പിന്നീട് ഭീഷണിയായി. പിന്നാലെ പെണ്‍കുട്ടിയുടെ ഫോൺ കോണ്ടാക്ടുകൾക്കെല്ലാം അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള സന്ദേശം പോയിത്തുടങ്ങി. 500 രൂപ കൊടുത്താല്‍ പെണ്‍കുട്ടിയെ ഒരു ദിവസം ഉപയോഗിക്കാമെന്ന് സന്ദേശം കൂടി പ്രചരിപ്പിച്ചതോടെ മാനസിക പ്രയാസത്തിലാണ് പെൺകുട്ടി. പരാതി നൽകിയിട്ടും ഇതുവരെയും നടപടികളൊന്നുമുണ്ടായില്ലെന്നും പെൺകുട്ടി പറയുന്നു. 

നിരവധി പേരെയാണ് ഇത്തരത്തിൽ കമ്പനി ബ്ലാക്ക് മെയിൽ ചെയ്യുന്നത്. ഫോണിന്‍റെ ഇഎംഐ മുടങ്ങുമെന്നായപ്പോഴാണ് വെങ്ങാനൂര്‍ സ്വദേശിയായ വീട്ടമ്മ 3000 രൂപ വായ്പയെടുത്തത്. ഇവരുടെയും ഫോണ്‍ അലക്ലാഡ്രിയ എന്ന ലോണ്‍ ആപ് കമ്പനി ഹാക്ക് ചെയ്യുകയും കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരിലേക്ക് അപകീർത്തി സന്ദേശങ്ങൾ അയക്കുകയുമായിരുന്നു. ഇവരും സൈബര്‍ സെല്ലിനെ സമീപിച്ചെങ്കിലും പരാതി എടുത്തില്ല.

ചൈനയില്‍ നിന്നുള്ളവരും ഉത്തരേന്ത്യക്കാരും നേതൃത്വം നല്‍കുന്ന വലിയ ലോബിയാണ് ആപുകള്‍ക്ക് പിന്നിലെന്നാണ് വിവരം. മാനഹാനി ഭയന്ന് 8 ലക്ഷം രൂപവരെ നഷ്ടപ്പെട്ടവര്‍ തിരുവനന്തപുരത്ത് തന്നെയുണ്ടെന്നാണ് സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.  മലയാളി അടക്കം നിരവധി പേര്‍ ആത്മഹത്യ ചെയ്തിട്ടും ഇത്തരം ആപുകളെ നിയന്ത്രിക്കാന്‍ ഒരു നടപടിയുമെടുത്തിട്ടില്ല. ഓരോ ദിവസവും കുട്ടികളും വീട്ടമ്മമാരും അടക്കം നിരവധി പേര്‍ ഈ കമ്പനികളുടെ ചതിക്കുഴികളില്‍ വീഴുകയാണ്.