കോട്ടയം റെയിൽപ്പാത ഇരട്ടിപ്പിക്കൽ: പ്രധാന ട്രെയിനുകൾ റദ്ദാക്കി, മലബാറിൽ യാത്രാദുരിതം

കോട്ടയം റെയിൽപ്പാത ഇരട്ടിപ്പിക്കൽ: പ്രധാന ട്രെയിനുകൾ റദ്ദാക്കി, മലബാറിൽ യാത്രാദുരിതം

കോട്ടയം:  ചിങ്ങവനത്തിനും ഏറ്റുമാനൂരിനുമിടയിൽ പാതയിരട്ടിപ്പിക്കുന്നതിൻ്റെ ഭാഗമായി കോട്ടയം (Double tracking of Kottayam - Chingavanam railway line) വഴിയുളള കൂടുതൽ ട്രെയിനുകൾ ഇന്നുമുതൽ ഓടില്ല (Railway tack doubling). യാത്രക്കാർ  ഏറെയാശ്രയിക്കുന്ന പരശുറാമും ജനശതാബ്ദിയും താത്ക്കാലികമായി റദ്ദാകുന്നതോടെ, മലബാറിലാണ് യാത്രാദുരിതം രൂക്ഷമാകുന്നത്. ബദൽസംവിധാനം ഉടൻ ഏർപ്പെടുത്തുമെന്നാണ് റെയിൽവെയുടെ വിശദീകരണം 

കോട്ടയത്ത് പാതയിരട്ടിപ്പിക്കലും അറ്റകുറ്റപ്പണിയും നടക്കുന്നതിനാൽ ഇനിയുളള 8 ദിവസം മംഗലൂരുവിനും നാഗർകോവിലിനും ഇടയിലെ 51 സ്റ്റേഷനുകളിലെ യാത്രക്കാർ പെരുവഴിയിലാകും. ഈ മാസം 29 വരെയാണ് ട്രെയിനുകളുടെ സർവ്വീസ്  നിയന്ത്രണം. 

മംഗളൂരു-നാഗർകോവിൽ പരശുറാം ഇന്നലെ  മുതൽ  28 വരെയും നാഗർകോവിൽ-മംഗളൂരു പരശുറാം ഇന്നുമുതൽ   മുതൽ 29 വരെയും റദ്ദാക്കി. ഇനിയുളള അഞ്ചുദിവസത്തേക്ക് ജനശതാബ്ദിയും ഉണ്ടാകില്ല . തിരുവനന്തപുരത്തേക്കുളള വേണാട് എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് നേരത്തേ പൂർണമായും റദ്ദാക്കിയിരുന്നെങ്കിലും  യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത്   ഷൊർണൂർ വരെ സർവ്വീസ് നടത്തുമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു. 

പക്ഷേ, ദീർഘദൂര യാത്രക്കാർക്ക് ബദൽസംവിധാനമില്ലാത്തതാണ് പ്രധാന പ്രശ്നം.  ഷൊർണൂരിനും മംഗളൂരുവിനും ഇടയിൽ  പരശുറാം എക്സ്പ്രസും കണ്ണൂ‍ർ എറണാകുളം റൂട്ടിൽ മാത്രമായി ജനശതാബ്ദിയും ഓടിച്ച്  യാത്ര ദുരിതം കുറക്കണമെന്നാണ്  യാത്രക്കാരുടെ ആവശ്യം.  യാത്രാക്കാരെ വലയ്ക്കുന്ന ക്രമീകരണത്തിന് ബദൽ സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്നുളള എം പിമാർ  ദക്ഷിണറെയിൽവെയ്ക്കുൾപ്പെടെ കത്തയച്ചിട്ടുണ്ട്. ദീർഘ ദൂര ട്രെയിനുകളെ ആലപ്പുഴയിലൂടെ വഴിതിരിച്ചുവിടണമെന്നും കൊവിഡിന്റെ കാലത്ത് റദ്ദാക്കിയ മെമു ഉൾപ്പെടെ പുനസ്ഥാപിക്കണമന്നും ജനപ്രതിനിധികൾ റെയിൽവെക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.