ഗൂഢാലോചനയ്ക്ക് തെളിവുണ്ട്, ബാലചന്ദ്രകുമാർ വിശ്വസ്തനായ സാക്ഷിയെന്ന് പ്രോസിക്യൂഷൻ

ഗൂഢാലോചനയ്ക്ക് തെളിവുണ്ട്, ബാലചന്ദ്രകുമാർ വിശ്വസ്തനായ സാക്ഷിയെന്ന് പ്രോസിക്യൂഷൻ

കൊച്ചി: ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിൻ്റെ മുൻകൂർജാമ്യാപേക്ഷയിൽ ഇന്നത്തെ വാദം ആരംഭിച്ചു. ഇന്നലെ പ്രതിഭാഗം അഭിഭാഷകൻ രാമൻപ്പിള്ള നടത്തിയ വാദങ്ങൾ ഖണ്ഡിക്കാനാണ് ഇന്നത്തെ വാദത്തിൽ പ്രോസിക്യൂഷൻ്റെ ശ്രമം.

നടിയെ ആക്രമിച്ച കേസിൽ പരാജയപ്പെടുന്നുവെന്ന് ബോധ്യപ്പെട്ടതോടെ പ്രോസിക്യൂഷൻ കെട്ടിചമച്ചതാണ് ഈ കേസെന്നും ബാലചന്ദ്രകുമാർ കള്ളസാക്ഷിയാണെന്നും ദിലീപിനെ ജയിലിലാക്കാൻ സി.ഐ ബൈജു പൌലോസും ബാലചന്ദ്രകുമാറും എഡിജിപി മുതലുള്ള ഉദ്യോഗസ്ഥരും ചേർന്ന് കെട്ടിച്ചമച്ചതാണ് ഈ കേസെന്നുമാണ് ഇന്നലെ പ്രതിഭാഗം വാദിച്ചത്. ഈ വാദങ്ങൾക്കെല്ലാം എണ്ണിയെണ്ണി മറുപടി പറയുകയാണ് ഇന്ന് പ്രോസിക്യൂഷൻ. 

ഹർജിയിൽ അനന്തമായി വാദം നീളുന്നുവെന്ന വിമർശനം പൊതുസമൂഹത്തിലുണ്ടെന്നും എത്രയും പെട്ടെന്ന് കേസിൽ അന്തിമമായി തീർപ്പുണ്ടാക്കേണ്ടതുണ്ടെന്നും ഇന്നലെ കോടതി നിരീക്ഷിച്ചിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ.ഷാജിയാണ്  പ്രോസിക്യൂഷക്കാനായി വാദിക്കുന്നത്

കോടതിയിൽ നടന്ന വാദം - 

പ്രോസിക്യൂഷൻ -

  • തീർത്തും അസാധാരണമായ കേസാണിത്. പ്രതികൾക്കു മേൽ ഇപ്പോൾ ചുമത്തിയ കുറ്റം മാത്രമല്ല ഇവരുടെ മുൻകാല പശ്ചാത്തലവും കോടതി പരിഗണിക്കണം. സ്വന്തം സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാനാണ് ഈ പ്രതികൾ  ക്വട്ടേഷൻ കൊടുത്തത്.  
  • നടിയെ ആക്രമിച്ച കേസിലെ വിസ്താരത്തിൽ ഞങ്ങൾക്ക് യാതൊരു ഭയവുമില്ല. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ കോടതിയിൽ നിരത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസ് പരാജയപ്പെടുന്നുവെന്ന പ്രതിഭാഗത്തിന്‍റെ ആരോപണം നിലനിൽക്കില്ല. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് ഈ കേസിൽ സാക്ഷിയായ ബാലചന്ദ്രകുമാറിനെ മുൻ പരിചയമില്ല.
  • ബൈജു പൗലോസിന് കിട്ടിയ കത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രം അന്ന് അദ്ദേഹം കൂടുതൽ അന്വേഷണം ആവശ്യപ്പെടുന്നത്. പുതിയ  കേസ് അന്വേഷണത്തിന് നി‍ർദേശം നൽകിയത് എഡിജിപിയാണ്.  ബൈജു പൗലോസിന് ഈ കേസിൻ്റെ അന്വേഷണത്തിൽ യാതൊരു റോളുമില്ല. പുതിയ കേസിലെ അന്വേഷണ സംഘത്തിലും ബൈജു പൗലോസില്ല. പ്രതികൾ നടത്തിയ ​ഗൂഢാലോചനയ്ക്ക് സാക്ഷിയുണ്ട്. ആ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അന്വേഷണം. ബാലചന്ദ്രകുമാറിൻ്റെ മൊഴിയിൽ യാതൊരു വൈരുദ്ധ്യവുമില്ല. ഇദ്ദേഹത്തിന്‍റെ മൊഴികൾ കോടതി വിശ്വാസത്തിൽ എടുത്താൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാണ്. 
  • ഗൂഡാലോചനയ്ക്ക് സാക്ഷിയുളള കേസാണിത്. അതുകൊണ്ടുതന്നെ ഏറെ വ്യത്യസ്ഥകളുളള കേസാണിത്. ബാലചന്ദ്രകുമാർ വിശ്വസ്തനായ സാക്ഷിയാണ്. അതുകൊണ്ടുതന്നെ കൊലപാതക ഗൂഡാലോചനയും തുടർനടപടികളും ഉണ്ടായി എന്ന് വിശ്വസിക്കാം.
  • പ്രതിഭാഗം ഉന്നയിക്കുന്ന പൊരുത്തക്കേടുകൾ ശരിയല്ലെന്നും ഡിജിപി. എല്ലാം വ്യക്തമാണ്. അന്വേഷണം ശരിയായ വഴിയിലാണ്. ചെറിയ കോൺട്രഡിക്ഷനിൽ കാര്യമില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും ഡിജിപി
  • കേസിലെ വൈരുദ്ധ്യങ്ങളിൽ നിന്ന് തന്നെ പ്രോസിക്യൂഷൻ പറഞ്ഞ് പഠിപ്പിച്ച സാക്ഷിയല്ല ബാലചന്ദ്രകുമാർ എന്ന് വ്യക്തമാണ്. അദ്ദേഹം യഥാർത്ഥ സാക്ഷിയാണ്
  • സാക്ഷി മൊഴി വിശ്വസിക്കാമെങ്കിൽ എഫ് ഐ ആർ ഇടുന്നതിൽ തെറ്റില്ല. എഫ്ഐആർ എൻസൈക്ലോപീഡിയ ആകണമെന്നില്ല. കേസ് ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണ്
  • കൊലപാതകം നടത്താൻ പദ്ധതിയിട്ടതിന്റെ കൃത്യമായ തെളിവുകളുണ്ട്. കൃത്യം നടത്തേണ്ടത് എങ്ങനെയെന്നുപോലും പ്രതികൾ ആലോചിച്ചിരുന്നു. ഇവന്മാരെ മൊത്തം കത്തിക്കണമെന്ന് പറഞ്ഞ മൊഴിയുണ്ട്.
  • അന്വേഷണ ഉദ്യോഗസ്ഥരെ കത്തിക്കണമെന്ന് ദിലീപ് പറഞ്ഞതായി ഓഡിയോ ക്ലിപ് ഉണ്ട്. എവി ജോ‍ർജ്, എഡിജിപി സന്ധ്യ എന്നിവരെ കൊല്ലാനും പദ്ധതിയിട്ടു. ഗൂഡാലോചന മാത്രമല്ല എങ്ങനെ കൃത്യം നടത്തണമെന്ന ആലോചന പോലും ഉണ്ടായി.
  • ശബ്ജശകലങ്ങൾ മാത്രമല്ല, കൃത്യം നടത്താനുളള തുടർ നീക്കങ്ങളും പ്രതികളുടെ ഭാഗത്തു നിന്ന് ഉണ്ടായി.
  • ഫോണുകൾ ഒറ്റയടിക്ക് മാറിയത് തന്നെ പ്രതികളുടെ ആസൂത്രിത നീക്കത്തിന് തെളിവാണ്. കൂടുതൽ തെളിവുകളും മൊഴികളും തങ്ങളുടെ പക്കൽ ഉണ്ട്. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ല. 
  • ഏഴ് ഫോണുകൾ തിരിച്ചറിഞ്ഞു. ആറെണ്ണം മാത്രമാണ് പ്രതികൾ ഹാജരാക്കിയത്. ഏഴിലധികം ഫോണുകൾ പ്രതികളുടെ പക്കലുണ്ട്. കസ്റ്റഡിയിൽ കിട്ടിയാൽ മാത്രമേ ഇവ കണ്ടെത്താനാകൂ

(ഡിജിപി ബാലചന്ദ്രകുമാറിന്‍റെ  മൊഴി വായിക്കുന്നു)

  • നല്ല പണി കൊടുക്കും എന്ന് പറഞ്ഞാൽ അതെങ്ങനെ ശാപവാക്കായി പരി​ഗണിക്കാനാവും. അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലും എന്ന് പറയുന്നത് ഞാൻ കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് പ്രധാനസാക്ഷി പറയുന്നത്. ഇക്കാര്യങ്ങൾ ബാലചന്ദ്രകുമാർ ഭാര്യയോടും പറഞ്ഞിരുന്നു. ബാലചന്ദ്രകുമാറിൻ്റെ മൊഴിയിൽ പ്രതിഭാ​ഗം ഉന്നയിക്കുന്ന പൊരുത്തക്കേടുകളൊന്നും കൃത്യമല്ല. ഉദ്യോ​ഗസ്ഥരെ അപായപ്പെടുത്താനുള്ള ​ഗൂഢോലോചന ഇവിടെ നടന്നുവെന്ന് വ്യക്തമാണ്. 
  • താൻ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങൾ മനസ്സിൽവയ്ക്കുകയല്ല. കണ്ടറിഞ്ഞ കാര്യങ്ങളെല്ലാം അയാൾ തൻ്റെ ഭാര്യയുമായി പങ്കുവച്ചിരുന്നു. ഇക്കാര്യങ്ങൾ പുറത്തു പോയാൽ നമ്മളെയെല്ലാം ദിലീപ് കൊല്ലുമെന്ന് ഭയപ്പെടുകയാണ് ബാലചന്ദ്രകുമാറിൻ്റെ ഭാര്യ ചെയ്തതെന്ന് അയാളുടെ മൊഴിയിലുണ്ട്.