പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷ; സർക്കാരിന്‍റെ പുതിയ ചോദ്യഘടനയ്‍ക്കെതിരെ വ്യാപക പ്രതിഷേധം

തിരുവനന്തപുരം:

പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകൾക്ക് സർക്കാർ നിശ്ചയിച്ച ചോദ്യഘടനക്കെതിരെ വ്യാപക പരാതികളുമായി വിദ്യാർത്ഥികളും അധ്യാപകരും. ഫോക്കസ് ഏരിയ മാത്രം പഠിച്ചാൽ എ ഗ്രേഡും എ പ്ലസ്സും കിട്ടാത്തതാണ് കാരണം. ഉയർന്ന ഗ്രേഡ് കിട്ടുന്നുവരുടെ എണ്ണം കുറക്കാനുള്ള ബോധപൂർവ്വമായ നടപടി എന്നാണ് ആക്ഷേപം.

എസ്‍സിഇആർടി നിശ്ചയിച്ച ഫോക്കസ് ഏരിയ കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസവകുപ്പ് അംഗീകരിച്ചത്. പാഠപുസ്തകങ്ങളുടെ ഫോക്കസ് ഏരിയയിൽ നിന്നു 70 ശതമാനം മാർക്കിനാണ് ചോദ്യം. ബാക്കി 30 ശതമാനം ഫോക്കസ് ഏരിയക്ക് പുറത്താണ്. അതായത് പാഠപുസ്തകം മുഴുവൻ പഠിക്കാതെ എ ഗ്രേഡോ എ പ്ലസോ കിട്ടില്ല. എത്ര മിടുക്കനായ വിദ്യാർത്ഥിയായാലും എ പ്ലസിലേക്കെത്താൻ പാടുപെടുമെന്നാണ് അധ്യാപകർ തന്നെ ചൂണ്ടിക്കാട്ടുന്നത്. കുട്ടിക്ക് ബുദ്ധിമുട്ടുണ്ടായിരിക്കാൻ സാധ്യതയുള്ള നോൺ ഫോക്കസ് ഏരിയയിൽ കൂടുതൽ ഓപ്ഷനുകൾ നൽകുകയായിരുന്നു വേണ്ടത്. ഇതുണ്ടായില്ല. പകരം കുട്ടിക്ക് അറിയാൻ സാധ്യതയുള്ള ഫോക്കസ് ഏരിയയിൽ കൂടുതൽ ഓപ്ഷൻ നൽകി നോൺ ഫോക്കസ് ഏരിയ മാർക്ക് നഷ്ടപ്പെടുത്തുന്ന വിധം ഓപ്ഷനില്ലാതെയുമാക്കി.

നവംബറിലാണ് ഓഫ്‍ലൈൻ ക്ലാസ് തുടങ്ങിയത്. പാഠപുസ്തകങ്ങൾ മുഴുവൻ പഠിപ്പിക്കാൻ ഇനിയ സമയമില്ലാതിരിക്കെ ഫോക്കസ് ഏരിയ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറച്ചതിലാണ് ആശങ്ക. കഴിഞ്ഞ വർഷം 80 ശതമാനം മാർക്കായിരുന്നു ഫോക്കസ് ഏരിയയിൽ നിന്നും കിട്ടിയത്. എന്നാൽ കഴിഞ്ഞ വർഷം അധ്യയന തീരെ നടന്നിരുന്നില്ലെന്നാണ് വിദ്യാഭ്യാസവകുപ്പ് വിശദീകരണം. 

ഇത്തവണ ജൂൺ മുതൽ ഓൺലൈനായും ക്ലാസുകൾ കിട്ടിയതിനാൽ കൂടുതൽ അധ്യയനം നടന്നിട്ടുണ്ടെന്നതാണ് സർക്കാർ വാദം. കഴിഞ്ഞ തവണ ഉദാര സമീപനം സ്വീകരിച്ചതോടെ 1 ലക്ഷത്തിന് മുകളിൽ പേർക്ക് എ പ്ലസ് കിട്ടി, പ്ലസ് വൺ പ്രവേശനമടക്കം സങ്കീർണമായി സർക്കാർ പ്രതിസന്ധിയിലായിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ഫോക്കസ് ഏരിയ കുറച്ചത്.