'അതിജീവിത സംസാരിക്കുന്നത് സമൂഹം കേൾക്കണം, ഭാവനക്കൊപ്പം WCC പോരാട്ടം തുടരും': അ‍‍ഞ്ജലി മേനോൻ

'അതിജീവിത സംസാരിക്കുന്നത് സമൂഹം കേൾക്കണം, ഭാവനക്കൊപ്പം WCC പോരാട്ടം തുടരും': അ‍‍ഞ്ജലി മേനോൻ

തിരുവനന്തപുരം: ഭാവനക്കൊപ്പം WCC പോരാട്ടം തുടരുമെന്ന്  അഞ്ജലി മേനോൻ (Anjali Menon). നടിയുടെ പ്രശ്‍നം ഏറ്റെടുത്തപ്പോൾ സൗഹൃദങ്ങൾ നഷ്ടമായി. അധികാര കേന്ദ്രങ്ങളെ ചോദ്യം ചെയ്യുമ്പോൾ ഒരു വിഭാഗം അസ്വസ്ഥരാകും. ജസ്റ്റിസ് ഹേമ കമ്മിറ്റി അംഗങ്ങളിൽ നിന്നും റിപ്പോർട്ടിനെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് ഞെട്ടിക്കുന്ന പ്രതികരണമാണ്. റിപ്പോർട്ട് ഉടൻ പുറത്ത് വിടണം. ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കുന്നതിൽ സിനിമ സംഘടനകൾ ഒന്നും ചെയ്തില്ലെന്നും അഞ്ജലി കുറ്റപ്പെടുത്തി. വനിതാ ദിനത്തിൽ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഞ്ജലി മേനോൻ.

അതിജീവിത ഒളിഞ്ഞിരിക്കേണ്ട ആളല്ലെന്നും തുറന്നു പറഞ്ഞതിനു നടിയെ അഭിനന്ദിച്ചു കൊണ്ട് അഞ്‌ജലി മേനോൻ പറഞ്ഞു. അതിജീവിത സംസാരിക്കുന്നത് സമൂഹം കേൾക്കണം. എല്ലാവരെയും സന്തോഷിച്ചു പോരാട്ടം നടത്താൻ ആകില്ല. റിപ്പോർട്ടിനെ കുറിച്ച് ചോദിച്ചപ്പോൾ  ഹേമ കമ്മീറ്റിയിൽ നിന്നും ഉണ്ടായത് ഞെട്ടിപ്പിക്കുന്ന പ്രതികരണമാണ്. ഇവരുടെ മുന്നിൽ ആണോ സത്യം പറഞ്ഞതെന്ന് ഇരകൾ ചോദിക്കുന്നു. ആഭ്യന്തര പരാതി പരിഹാര കമ്മീറ്റി അവകാശമാണ്. കമ്മിറ്റി രൂപീകരണത്തിൽ സിനിമ സംഘടനകൾ ഒന്നും ചെയ്യുന്നില്ല. Wcc യെ തുടക്കം മുതൽ സിനിമ സംഘടനകൾ ശത്രു പക്ഷത്തു കാണുന്നു.  ഹേമ കമ്മീറ്റി റിപ്പോർട്ട് പുറത്തു വിടണമെന്നും നടനൊപ്പം നടിക്കും തുല്യ വേതനം വേണമെന്നും അഞ്ജലി മേനോൻ ആവശ്യപ്പെട്ടു.