'ശരീരത്തിൽ പരുക്കുകളില്ല', കസ്റ്റഡിയിലിരിക്കെ പ്രതി സുരേഷ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരണം

'ശരീരത്തിൽ പരുക്കുകളില്ല', കസ്റ്റഡിയിലിരിക്കെ പ്രതി സുരേഷ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: തിരുവല്ലം ജഡ്ജികുന്നിൽ ദമ്പതികളെ ആക്രമിച്ച കേസിൽ തിരുവല്ലം (Thiruvallam) പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി സുരേഷ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരണം. ശരീരത്തിൽ പരുക്കുകളോ മർദ്ദനത്തിന്റെ അടയാളങ്ങളോ ഇല്ല. ചില പാടുകളുണ്ട്. അവ മരണ കാരണമല്ല. മരണ കാരണം മർദ്ദനമല്ലെങ്കിലും കസ്റ്റഡിയിൽ വെച്ച് പൊലീസ് പ്രതിയെ മർദ്ദിച്ചോ എന്നതിൽ അന്വേഷണം തുടരുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വിശദികരിക്കുന്നത്. പൊലീസുകാർക്കെതിരെ ഗുരുതര വകുപ്പുകൾ ഉടൻ ചേർക്കില്ല. ഇവരെ വീണ്ടും ചോദ്യം ചെയ്യും. 

തിരുവല്ലം ജഡ്ജികുന്നിൽ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിനാണ് മരിച്ച സുരേഷ് അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് സുരേഷ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് മ‍ർദ്ദനമാണ് മരണ കാരണമെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കി. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.  സുരേഷിനൊപ്പം അറസ്റ്റ് ചെയ്ത മറ്റ് നാലു പേരും ഇപ്പോഴും ജയിലാണ്. ഈ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് നെയ്യാറ്റിൻകര കോടതി തള്ളിയിരുന്നു.സുരേഷ് അടക്കമുള്ളവർ സദാചാര പൊലീസ് ചമഞ്ഞ് മർദ്ദിച്ചുവെന്നാണ് ദമ്പതികളുടെ പരാതി. ജഡ്ജികുന്നില്‍ നിന്നും ചിത്രങ്ങളെടുക്കാൻ പോയപ്പോള്‍ വഴി കാണിച്ചു തന്ന ശേഷം സുരേഷ് അടക്കമുള്ള സംഘം പിന്തുടർന്നെത്തി. തന്നെയും ഭാര്യയെും മർദ്ദിച്ചു. സ്ഥലം സന്ദര്‍ശിക്കാനെത്തിയ തന്നെയും ഭാര്യയെയും സുഹ്യത്തിനെയും മദ്യപ സംഘം ബന്ദിയാക്കി. മുക്കാല്‍ മണിക്കൂറോളം മര്‍ദ്ദനമുണ്ടായി. സ്ത്രീകളെയും ഉപദ്രവിച്ചു. ഫോണ്‍ വിളിക്കാന്‍ പോലും അനുവദിച്ചില്ലെന്നും ദമ്പതികള്‍ വിശദീകരിച്ചു.