'സുധാകരന്റ ജീവിതം സിപിഎമ്മിന്റെ ഭിക്ഷ, നികൃഷ്ട ജീവിയെ കൊല്ലാൻ താല്പര്യമില്ല': സിപിഎം ജില്ലാസെക്രട്ടറി

തിരുവനന്തപുരം: കെപിസിസി (Kpcc) പ്രസിഡന്റ് കെ സുധാകരനെതിരെ പ്രകോപന പരാമർശവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് (cpm idukki secretary cv varghese). സുധാകരന് (k sudhakaran) സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും അത് ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് മാത്രമാണെന്നുമാണ് സി വി വർഗീസ് ഇടുക്കിയിൽ പ്രസംഗിച്ചത്. 'സിപിഎമ്മിന്റെ കരുത്തിനെ കുറിച്ച് സുധാകരന് ധാരണയുണ്ടാകണമെന്നും സിപിഎം നേതാവ് ഓർമ്മിപ്പിക്കുന്നു. കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഎം ചെറുതോണിയിൽ നടത്തിയ പ്രതിഷേധ സംഗമത്തിൽ ആയിരുന്നു വിവാദ പരാമർശം.
ഇടുക്കിയിൽ എഞ്ചിനിയറിംഗ് കോളേജിലെ എസ് എഫ് ഐ വിദ്യാർത്ഥി ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നിഖില്‍ പൈലിയെ ന്യായീകരിച്ച് സുധാകരന്‍ പല തവണ രംഗത്തെത്തിയിരുന്നു. നിഖിൽ പൈലി കുത്തുന്നത് ഒരാളും കണ്ടിട്ടില്ല. ജയിലിൽ കിടക്കുന്നത് നിരപരാധികളാണ്. സാക്ഷിയില്ലാത്ത കേസ് നിലനിൽക്കുമോ തുടങ്ങിയ പരാമർശങ്ങളാണ് സുധാകരൻ നടത്തിയത്. ഇതിന് പിന്നാലെയാണ് ഇടുക്കിയിൽ വലിയ പ്രതിഷേധമുണ്ടായി. കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഎം ഇടുക്കി ചെറുതോണിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. അതേ യോഗത്തിൽ വെച്ചാണ് സുധാകരന് ഭീഷണിപ്പെടുത്തുന്ന പരാമർശവും ഉണ്ടായത്. നേരത്തെ ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം എം മണി നടത്തിയ വൺ ടു ത്രി കൊലപാതക പരാമർശവും വലിയ വിവാദമായിരുന്നു.