ടാറ്റൂ പീഡനക്കേസ്: പ്രതി സുജീഷിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ടാറ്റൂ പീഡനക്കേസ്: പ്രതി സുജീഷിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചി: ടാറ്റൂ ലൈംഗിക പീഡനക്കേസ് (Tattoo Rape Case) പ്രതി പി എസ് സുജീഷിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ തെളിവെടുപ്പ് നടത്താനാണ് കസ്റ്റഡിയിൽ നൽകിയത്.  ഒരു വിദേശ വനിത ഉൾപ്പെടെ ഏഴ് യുവതികളാണ് ഇയാള്‍ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയത്.

ടാറ്റു ചെയ്യുന്നതിന‍്റെ മറവിലുള്ള ലൈംഗിക അതിക്രമങ്ങളില്‍ ഒരോ ദിവസവും പുറത്ത് വരുന്നത് പുതിയ വെളിപ്പെടുത്തലുകള്‍. 2019 ലാണ് വിദേശ വനിതക്ക് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നത്. കൊച്ചിയിലെ കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരിക്കേ, ഇന്‍ക്ഫെക്ടഡ് സ്റ്റുഡിയോവില്‍ വെച്ച് സുജേഷ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി.  യൂത്ത് എക്സേഞ്ച് പ്രോഗ്രാമിന്‍റെ ഭാഗമായി കൊച്ചിയിലെ കോളേജില്‍ ബിരുദത്തിന് പഠിക്കുകയായിരുന്നു ഈ യുവതി. വീഡിയോ കോണ്‍ഫ്രന്‍സിലൂടെ വനിതയുടെ വിശദമായി മൊഴി രേഖപ്പെടുത്തുമെന്ന് കമ്മീഷണര്‍ അറിയിച്ചിരുന്നു.

മുൻകൂർ ജാമ്യം തേടും മുന്നേ അറസ്റ്റ്

ടാറ്റു ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന മീടു ആരോപണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടയുടന്‍ സുജേഷ് ഒളിവിൽ പോയിരുന്നു. യുവതികള്‍ പരാതി നല്കിയതിന് പിന്നാലെ ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞ രണ്ടുദിവസമായി പൊലീസ് ശ്രമിച്ചു വരികയായിരുന്നു. ഇടുക്കിയിലെ വിവിധ ഭാഗങ്ങളില്‍ സുഹൃത്തിനൊപ്പം ഒളിവില്‍കഴിയുകയായിരുന്നു സുജേഷെന്ന് പൊലീസ്  പറഞ്ഞു. ഇതിനിടെ ഇന്നലെ രാത്രിയോടെ ഇയാള്‍ കൊച്ചിയില്‍ അഭിഭാഷകനെ കാണാൻ വരുമെന്ന വിവരം പൊലീസിന് ലഭിച്ചു. ഹൈക്കോടതിയില്‍ മുന്‍കൂർ ജാമ്യപേക്ഷ നല്കുന്നതിന് വേണ്ടിയായിരുന്നു ഇത്. പൊലീസ് നിരീക്ഷണത്തിലായിരുന്ന ഇയാളെ പെരുമ്പാവുരിന് സമീപം വെച്ച് പിടികൂടുകയായിരന്നു. കസ്റ്റിഡിയില്‍ വിശദമായി ചോദ്യം ചെയ്തതിന് ശേഷം ഇയാളെ ഇന്ന് തന്നെ കോടതിയിൽ ഹാജാരാക്കും.

സുജേഷിന്‍റെ ഉടമസസ്ഥതയിലുള്ള ഇൻക്ഫെക്ടഡ് എന്ന ടാറ്റു കേന്ദ്രത്തില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതികളുടെ പരാതി. കൊച്ചി നഗരത്തില്‍  ആലുന്‍ചുവടും ചേരാനല്ലുരിലുമായി രണ്ട് ടാറ്റു കേന്ദ്രങ്ങല്‍ ഇയാള്‍ക്കുണ്ട്. രണ്ടിടത്തും പീഡനങ്ങല്‍ നടന്നുവെന്നാണ് പരാതി. പരാതിക്കാരായ നാല് യുവതികളുടെ വിശദമായ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്തിന് പുറത്തായതിനാൻ മൊഴി നല്കാന്‍ പിന്നീട് വരാമെന്നാണ് രണ്ട് യുവതികള് അറിയിച്ചിരിക്കുന്നത്. യുവതികളുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് അനുമതി തേടി പൊലീസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നല്കിയിട്ടുണ്ട്. തിങ്കളാഴ്ച ഇവരുടെ രഹസ്യമൊഴി കോടതി മുമ്പാകെ രേഖപ്പെടുത്തിയേക്കും. ഇന്‍ക്ഫെക്ടഡ് സ്ഥാപനത്തില്‍ നിന്ന് ഇന്നലെ റെയ്ഡില്‍ പിടിച്ചെടുത്ത സിസിടിവി ക്യാമറകളുടെ ഡിവിആർ ശാസ്ത്രീയ പരിശോധനക്കായി അയക്കും. ടാറ്റു ചെയ്യുന്ന സ്വകാര്യ മുറിയില്‍ സിസിടിവി ക്യാമറകൾ ഇല്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസ്സിലായതെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ബലാത്സംഗക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകൾ സുജേഷിനെതിരെ ചുമത്തിയിട്ടുണ്ട്.

റെഡ്ഡിറ്റിൽ ഉയർന്ന മീ ടു ആരോപണം

ആദ്യം സമൂഹമാധ്യമമായ റെഡ്ഡിറ്റിലാണ് സുജേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഒരു 'മീ ടൂ' ആരോപണം യുവതി പ്രസിദ്ധീകരിച്ചത്. തുടർന്ന് നിരവധി പരാതികൾ ഇയാൾക്കെതിരെത്തന്നെ വിവിധ സമൂഹമാധ്യമങ്ങളിലായി ഉയർന്നുവന്നു. സുജേഷിന്‍റെ സ്ഥാപനത്തിൽ ഇന്ന് റെയ്ഡ് നടത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുത്തിരുന്നു. ദേഹത്ത് ടാറ്റൂ വരയ്ക്കുന്നതിനിടെ, പ്രതി ലൈംഗികച്ചുവയോടെ സംസാരിക്കുകയും, അപമാനിക്കുകയും, ലൈംഗികപീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്ന് വെളിപ്പെടുത്തലുകളുണ്ടായി. ഒരു യുവതി താൻ ബലാത്സംഗത്തിന് ഇരയായെന്നും തുറന്നെഴുതി. 

2017 മുതൽ തുടങ്ങിയ പീഡനങ്ങളാണ് വിവിധ യുവതികളുടെ മൊഴിയിലുള്ളത്. സ്വകാര്യഭാഗത്ത് അനുവാദമില്ലാതെ സ്പർശിക്കുകയും, ടാറ്റൂ വരക്കാൻ എന്ന പേരിൽ  വിവസ്ത്രരാക്കി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും ഇവരുടെ മൊഴിയിലുണ്ട്. സുജീഷിനെതിരെ കൂടുതൽ പരാതികൾ  വരാനുള്ള സാധ്യത പോലീസ്  തള്ളിക്കളയുന്നില്ല.

ഇങ്ക്ഫെക്ടഡ് എന്ന ടാറ്റൂ സെന്‍റർ കൊച്ചിയിലെ ചലച്ചിത്ര താരങ്ങളടക്കമുള്ളവരുടെ കേന്ദ്രവും സെലിബ്രിറ്റി ടാറ്റൂയിംഗ് സെന്‍ററുമാണ്. നിരവധി ചലച്ചിത്ര താരങ്ങൾ ഇവിടെയെത്തി ടാറ്റൂ ചെയ്തതിന്‍റെ ചിത്രങ്ങളും മറ്റും ഇൻസ്റ്റാഗ്രാമിലും മറ്റും പോസ്റ്റ് ചെയ്തിട്ടുണ്ട്. ടാറ്റൂ സെന്‍ററുകൾ തമ്മിലുള്ള തർക്കമാണ് പരാതിക്ക് പിറകിലെന്ന ആക്ഷേപം ഉയരുന്നുണ്ടെങ്കിലും പോലീസ് അത് തള്ളുന്നു.  ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിൽ പൊലീസ് ഇങ്ക്ഫെക്ടഡ് ടാറ്റൂ സെന്‍ററിലെത്തി പരിശോധന നടത്തി. പ്രതിയുടെ ഭാര്യാസഹോദരനും ജീവനക്കാർക്കുമൊപ്പമായിരുന്നു പരിശോധന. ഇവിടെ നിന്ന് സിസിടിവി ദൃശ്യങ്ങളും കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ കൂടുതൽ ടാറ്റൂ കേന്ദ്രങ്ങളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ജീവനക്കാരുടെ വിശദാംസങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. സംഭവത്തിൽ കർശന നടപടി വേണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ബലാത്സംഗക്കേസിൽ ഒളിവിലായിരുന്ന കൊച്ചിയിലെ ടാറ്റൂ ആർട്ടിസ്റ്റ് സുജേഷ് അറസ്റ്റിൽ

നേരത്തെ ആരോപണമുന്നയിച്ച ചില സ്ത്രീകളെ പൊലീസ് വിളിച്ചുവരുത്തിയിരുന്നെങ്കിലും ആരും പരാതി കൊടുക്കാൻ തയ്യാറായിരുന്നില്ല. രണ്ട് സ്ത്രീകൾ സെൻട്രൽ സ്റ്റേഷനിലെത്തി പരാതി നൽകാൻ താൽപര്യമില്ലെന്നും പൊലീസിനെ അറിയിച്ചിരുന്നു. ആരോപണങ്ങളിൽ സ്വമേധയാ അന്വേഷണം നടത്തിയിരുന്നെങ്കിലും പരാതി ലഭിക്കാത്തതിനാൽ സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നില്ല. പിന്നീട് ഇരകൾ പരാതി നൽകാൻ തയ്യാറായതോടെയാണ് കേസ് റജിസ്റ്റർ ചെയ്തതും അന്വേഷണം ഊർജിതമായതും.