'കഠിനാധ്വാനം, ഉറക്കമില്ലാത്ത രാത്രികൾ, മേക്കപ്പിന്റെയും വിയർപ്പിന്റെയും ഗന്ധം'; സിത്താര പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണകുമാർ(Sithara Krishnakumar). മനോഹരമായ സിത്താരയുടെ ശബ്ദത്തിൽ പുറത്തിറങ്ങിയ ഓരോ ഗാനവും സംഗീത പ്രേമികൾക്ക് പ്രിയപ്പെട്ടതാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു പോസ്റ്റാണ് വൈറലാകുന്നത്. കലാജീവിതത്തിൽ നേടിയ സമ്മാനങ്ങൾ പരിചയപ്പെടുത്തുന്നതാണ് സിത്താരയുടെ പോസ്റ്റ്. ഓരോ സമ്മാനത്തിനും പിന്നിൽ വർഷങ്ങളുടെ കഠിനാധ്വാനം ഉണ്ടെന്ന് വീഡിയോയ്ക്കൊപ്പം സിത്താര കുറിച്ചു.
സിത്താരയുടെ വാക്കുകൾ
എന്റെ പഠനകാലം മുതലുള്ളതാണ് ഈ സമ്മാനങ്ങൾ. ഞാൻ ഏറ്റവും കൂടുതൽ വിലമതിക്കുന്ന കാലം. അഭിമാനിക്കുന്ന കാലം. അനുഗ്രഹീതമായ കുട്ടിക്കാലെ. ഓരോ സമ്മാനത്തിനും കുറച്ചു വർഷങ്ങളുടെയല്ല, ദശാബ്ദങ്ങളുടെ തന്നെ കഥ പറയാനുണ്ട്. കഠിനാധ്വാരം, ആശങ്കകൾ നിറഞ്ഞ ബാക്സ്റ്റേജ് അനുഭവം, ഉറക്കമില്ലാത്ത രാത്രികൾ, മേക്കപ്പിന്റെയും വിയർപ്പിന്റെയും ഗന്ധം, ജയ പരാജയങ്ങൾ എല്ലാറ്റിലുമുപരി എന്റെ മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും കഥകൾ പറയുകയാണ് ഇവയെല്ലാം. സ്നേഹവും അനുഗ്രഹവുമായി ജീവിതത്തിലേയ്ക്കു കടന്നുവന്നവരാണ് എന്റെ ലോകം മനോഹരമാക്കിയത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് സിത്താരയെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തുന്നത്. ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയുമാണ് ചലച്ചിത്രപിന്നണി രംഗത്തേക്ക് സിത്താര എത്തുന്നത്. മികച്ച പിന്നണിഗായികയ്ക്കുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.പിന്നീട് മികച്ച പിന്നണിഗായികക്കുള്ള 2017 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു. രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാന ഗന്ധർവൻ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് സിതാര കൃഷ്ണകുമാർ.