നഗ്ന ചിത്രങ്ങളും വിഡിയോയും പരസ്യപ്പെടുത്തുമെന്നു പറഞ്ഞ് ഭീഷണി: പാലക്കാട്‌ സ്വദേശി നൽകിയ പരാതിയിൽ ഹണിട്രാപ്പുകാരി തൃശൂരിൽ അറസ്റ്റിൽ

തൃശ്ശൂർ: സ്വകാര്യനിമിഷങ്ങൾ വെളിപ്പെടുത്തുമെന്നും കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്ന യുവതി അറസ്റ്റിൽ. ചേലക്കര ഐശ്വര്യനഗർ ചിറയത്ത് സിന്ധു (37)വിനെയാണ് ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. പി. ലാൽകുമാറും സംഘവും അറസ്റ്റുചെയ്തത്. പാലക്കാട് ചന്ദ്രനഗർ സ്വദേശിയെയാണ് ഭീഷണിപ്പെടുത്തിയത്.
സാമൂഹികമാധ്യമം വഴിയാണ് ഇവർ പരിചയപ്പെട്ടത്. തുടർന്ന് തൃശ്ശൂരിൽ വെച്ച് കണ്ടുമുട്ടുകയും ചെയ്തു. ഈ സമയത്ത് പോലീസിൽ പരാതിപ്പെടുമെന്നും അപമാനിക്കുമെന്നും ഭീഷണിപ്പെടുത്തി, സ്വർണ ഏലസും സ്വർണമാലയും ലോക്കറ്റും അടക്കം മൂന്നരപ്പവൻ സ്വർണാഭരണങ്ങൾ നിർബന്ധിച്ച് ഊരിവാങ്ങുകയും ചെയ്തു.

പിന്നീട് ഷൊർണൂരിലെ ഒരു ലോഡ്ജിലേക്കും ഇയാളെ വിളിച്ചുവരുത്തി. അവിടെവെച്ച് പരാതിക്കാരന്റെ നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു.
ഇത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. കൈവശമുണ്ടായിരുന്ന 1,75,000 രൂപ നിർബന്ധിച്ച് കൈക്കലാക്കുകയും ചെയ്തു. അതിനുശേഷം യുവതി ഇയാളെ ടെലഫോണിൽ ബന്ധപ്പെട്ട് പത്ത് ലക്ഷം രൂപകൂടി ആവശ്യപ്പെട്ടു.

തുടർന്ന് ഈസ്റ്റ് പോലീസിൽ പരാതിപ്പെടുകയായിരുന്നു. യുവതിയെ പരാതിക്കാരനെക്കൊണ്ട് തൃശ്ശൂരിലേക്ക് വിളിച്ചുവരുത്തിയാണ് പോലീസ് പിടികൂടിയത്. പ്രതിയുടെ മൊബൈൽഫോണിൽനിന്ന് ഇരുവരും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളും ശബ്ദസന്ദേശങ്ങളും ചിത്രങ്ങളും പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സബ് ഇൻസ്പെക്ടർ കെ. ഉമേഷ്, അസി. സബ് ഇൻസ്പെക്ടർ സണ്ണി വി.എഫ്., സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി. നിജിത, കെ. സ്മിത, എൻ.വി. ഹണി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.