പിറന്നാൾ നിറവില്‍ മുരളി ഗോപി; 'എമ്പുരാനാ'യ് കാത്ത് സിനിമാസ്വാദകർ

ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചയാളാണ് മുരളി ഗോപി(Murali Gopy). ഭരത് ഗോപി എന്ന അനശ്വര നടന്റെ മകനെന്ന മേല്‍വിലാസം മാത്രമായിരുന്നു അന്ന് മുരളി ഗോപിക്ക് ഉണ്ടായിരുന്നത്. പിന്നീട് മലയാള സിനിമയിൽ ഒഴിച്ചുകൂടാനാകാത്ത തിരക്കഥാകൃത്തായും നടനായും അദ്ദേഹം മാറി. ലൂസിഫർ ഉൾപ്പടെയുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് മുരളി ഗോപിയുടെ തുലികയിലൂടെ ജീവൻവച്ചു.
1972 മാർച്ച് 4നു തിരുവനന്തപുരത്ത്, ഭരത് ഗോപിയുടെയും ജയലക്ഷ്മിയുടെയും മൂത്ത മകനായിട്ടായിരുന്നു മുരളി ഗോപിയുടെ ജനനം. ഭരത് ഗോപിയുടെ മകനായ മുരളി ഗോപിയെ സംബന്ധിച്ച് സിനിമ കുട്ടിക്കാലത്തു തന്നെ മനസ്സിൽ കയറിയ സ്വപ്നമായിരുന്നു. രസികൻ എന്ന ചിത്രത്തിന് തിരക്കഥ എഴുതി മുരളി ഗോപി ആ സ്വപ്നത്തിലേക്ക് ചുവടുവച്ചു. ചിത്രത്തിൽ വില്ലനായും മുരളി അഭിനയിച്ചു. കുറച്ചു കാലങ്ങൾക്ക് ശേഷം സിനിമ വിട്ട അദ്ദേഹം, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ബ്ലെസി ഒരുക്കിയ ഭ്രമരം എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തെത്തി. മോഹൻലാൽ ആയിരുന്നു നായകൻ.
പിന്നീട് ചില രചനകളിലൂടെ മുരളി ഗോപി മലയാള സിനിമയിൽ തന്റെ സ്ഥാനം വരച്ചിട്ടു. മുരളി ഗോപിയുടെ രചനയിൽ പുറത്തുവന്ന ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, എന്നി ചിത്രങ്ങൾ അക്കാലത്തെ വളരെ ശ്രദ്ധനേടിയ രചനകൾ ആയിരുന്നു. കാലഘട്ടത്തിന്റെ മാറ്റത്തെക്കാളുപരി എഴുതാൻ ഉദ്ദേശിക്കുന്ന ആശയം, പശ്ചാത്തലം എന്നിവയ്ക്ക് തന്റേതായ വ്യാകരണമുണ്ടാക്കുന്ന ആളുകൂടിയായിരുന്നു അദ്ദേഹം.
പത്തൊമ്പതാമത്തെ വയസ്സില്‍ ആയുര്‍രേഖ എന്ന ചെറുകഥയാണു മുരളിയുടെ പ്രസിദ്ധീകരിച്ച ആദ്യ രചന. തുടക്ക കാലത്ത് ദി ഹിന്ദു, ദി ഇന്ത്യന്‍ എക്സ്പ്രസ്സ് എന്നീ പത്രങ്ങളിലും മുരളി ഗോപി ജോലി ചെയ്തിട്ടുണ്ട്. ചില പത്രങ്ങളിൽ ചെറുകഥകളും ചെറുപ്പം മുതൽ എഴുതിയിരുന്നു. അവയിൽ പലതും സമാഹാരങ്ങൾ ആയിട്ട് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 2021-ൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത 'തീർപ്പ്' എന്ന ചിത്രത്തിലൂടെ അദ്ദേഹം നിർമ്മാതാവിന്റെ മേലങ്കി കൂടി അണിഞ്ഞു.
ഇതിനിടെ എമ്പുരാൻ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമിൾ ചിത്രത്തിനായി കാത്തിരിക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരിക്കഥ എഴുതുന്നത്. 2022 പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് മുരളി ഗോപി മുമ്പൊരിക്കൽ പറഞ്ഞിരുന്നു.
”ത്രിപാർട്ട് ഫിലിം സീരീസാണ് അത്. ലൂസിഫറിന്റെ സെക്കന്റ് ഇൻസ്റ്റാൾമെന്റാണ് എമ്പുരാൻ. ഇനിയൊരു തേർഡ് പാർട്ട് കൂടി ഐഡിയയിൽ ഉണ്ട്. ലൂസിഫറിന്റെ തുടർച്ചയാണ് ഇവ. ചിത്രം തുടങ്ങിയാൽ മാത്രമേ അതേപറ്റി കൂടുതൽ എനിക്ക് പറയാൻ സാധിക്കുള്ളൂ. എമ്പുരാൻ എന്നതിന്റെ അർത്ഥം എന്റെ ദൈവം എന്നാണ്. ദൈവത്തോട് അടുത്ത് നിൽക്കുന്നയാളെയാണ് അങ്ങനെ വിളിക്കുന്നത്. 2022 പകുതിയോടെയാണ് ചിത്രത്തിന്റെ ഷൂട്ട് പ്ലാൻ ചെയ്തിരിക്കുന്നത്”, എന്നായിരുന്നു മുരളി ഗോപി പറഞ്ഞിരുന്നത്.
ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാൻ, മുരളി ഗോപിയുടെ തൂലികയിൽ നിന്നും ഉതിരുന്ന മറ്റൊരു സൂപ്പർ ഹിറ്റാകുമെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ഇന്ന് അമ്പത്തൊന്നാം പിറന്നാൾ ആഘോഷിക്കുകയാണ് മുരളി ഗോപി. സിനിമയ്ക്ക് ആകത്തും പുറത്തുമുള്ള നിരവധി പേർ അദ്ദേഹത്തിന് ആശംസയുമായ് രംഗത്തെത്തുകയാണ്.