തകർച്ചകൾ വരുമ്പോഴും തോറ്റ് പിന്മാറില്ല; ബ്യൂറോക്രാറ്റുകൾ ഒരു കാര്യവും ചെയ്യാൻ സമ്മതിക്കുന്നില്ലെന്നും സ്വപ്ന

തകർച്ചകൾ വരുമ്പോഴും തോറ്റ് പിന്മാറില്ല; ബ്യൂറോക്രാറ്റുകൾ ഒരു കാര്യവും ചെയ്യാൻ സമ്മതിക്കുന്നില്ലെന്നും സ്വപ്ന

തിരുവനന്തപുരം: തകർച്ചകൾ വരുമ്പോഴും തോറ്റ് പിന്മാറില്ലെന്ന് സ്വപ്ന സുരേഷ് (Swapna Suresh) . കള്ളം കപടത്തോടെ പോവരുത്. എച്ച്ആർഡിഎസിൽ (HRDS) ജോലി ചെയ്യുന്നതിൻ്റെ പേരിൽ തനിക്കെതിരെ വേട്ടയാടലുകൾ തുടരുന്നുണ്ട് എന്നും സ്വപ്ന സുരേഷ് പറഞ്ഞു. 

തനിക്കെതിരായ വേട്ടയാടലുകൾ ആശങ്കയുണ്ടാക്കുന്നുണ്ട്. ബ്യൂറോക്രാറ്റുകൾ ഒരു കാര്യവും ചെയ്യാൻ സമ്മതിക്കുന്നില്ല. എച്ച്ആർഡിഎസ് പദ്ധതികൾക്ക് അനുമതി നൽകുന്നില്ലെന്നും സ്വപ്ന സുരേഷ് ആരോപിച്ചു. 

വിവാദമായ സ്വർണക്കടത്ത് കേസിലെ (Gold Smuggling case) പ്രതിയായ സ്വപ്ന സുരേഷ് (Swapna Suresh) ജോലിയിൽ പ്രവേശിച്ച സന്നദ്ധ സംഘടനയായ എച്ചആർഡിഎസിനെതിരെ (HRDS) സംസ്ഥാന പട്ടികജാതി- പട്ടികവർ‌​ഗ കമ്മീഷൻ കേസെടുത്തിരുന്നു. അട്ടപ്പാടിയിൽ ആദിവാസി കുടുംബങ്ങൾക്ക് വാസയോഗ്യമല്ലാത്ത വീട് നിർമ്മിച്ചുവെന്ന പരാതിയിലാണ് കേസ് എടുത്തത്. ആദിവാസി ഭൂമി പാട്ടത്തിനെടുക്കാൻ ശ്രമിച്ചുവെന്ന പരാതിയും കമ്മീഷൻ അന്വേഷിക്കും. എച്ച്ആർഡിഎസിനെക്കുറിച്ചുള്ള പരാതികളിൽ ജില്ല കളക്ടർ, എസ് പി എന്നിവരോട് റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. 

എച്ച് ആർ ഡി എസിൽ താൻ ജോലിയിൽ പ്രവേശിച്ചതിനെതിരെയുള്ള വിവാദങ്ങൾക്ക് പിന്നിൽ ശിവശങ്കർ (M Sivasankar) ആണെന്ന് നൂറുശതമാനവും ഉറപ്പുണ്ടെന്ന് സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.  ഭയങ്കരമായ രീതിയിൽ തന്നെ ആക്രമിക്കാൻ ഉള്ള ശ്രമം നടത്തുന്നു. വിവാദങ്ങളിൽ ഒരുപാട് ദുഖം ഉണ്ട്. ആദ്യം പുസ്തകം എഴുതി ദ്രോഹിച്ചു. അതും പോരാതെയാണ് ഇപ്പോഴത്തെ ആക്രമണം‌ എന്നും സ്വപ്ന സുരേഷ് ആരോപിച്ചു. 

ബി ജെ പിയുമായോ ആർ എസ് എസ്സുമായോ ഒരു ബന്ധവും ഇല്ല. ഒരു രാഷ്ട്രീയ പാർട്ടിയെയും പറ്റിയും അറിയില്ല. മാധ്യമങ്ങളെ കാണുന്നത് പതിവ്രത ചമയാനല്ലെന്നും സ്വപ്ന സുരേഷ് പ്രതികരിച്ചു. കുടുംബത്തെ നോക്കാൻ ജോലി അത്യാവശ്യം ആണ്. വിവാദ​ങ്ങളെ അവ​ഗണിച്ച് മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും സ്വപ്ന പറഞ്ഞിരുന്നു.

സ്വപ്ന സുരേഷ് ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്ആർഡിഎസ് എന്ന സന്നദ്ധ സംഘടനയിൽ സിഎസ്ആർ ഡയറക്ടറായി ആണ് ജോലിയിൽ പ്രവേശിച്ചത്. സ്വകാര്യ എൻജിഒയുടെ തൊടുപുഴ ഓഫീസിലെത്തിയാണ് സ്വപ്ന ജോയിൻ ചെയ്തത്. പാലക്കാട് അട്ടപ്പാടിയിൽ അടക്കം ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എച്ച്ആർഡിഎസിനായി വിദേശ കമ്പനികളിൽ നിന്ന് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് കണ്ടെത്തി നൽകുന്നതാണ് സ്വപ്ന സുരേഷിന്‍റെ ജോലി. 

ഫെബ്രുവരി പതിനൊന്നാം തീയതിയാണ് പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്ആർഡിഎസ് എന്ന എൻജിഒയിൽ സിഎസ്ആർ ഡയറക്ടറായി സ്വപ്ന സുരേഷിന് നിയമന ഉത്തരവ് നൽകിയത്. പ്രതിമാസ ശമ്പളം നാൽപ്പത്തിമൂവായിരം രൂപയിലായിരുന്നു സ്വപ്നയുടെ നിയമനം. വിദേശത്തും ഇന്ത്യയിലുമുള്ള കമ്പനികളിൽ നിന്നടക്കം വിവിധ പദ്ധതികള്‍ക്കായി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സബിലിറ്റി ഫണ്ട് കണ്ടെത്തി നല്‍കുക, വിദേശ സഹായം ലഭിക്കുവാന്‍ പ്രവര്‍ത്തിക്കുക എന്നിവയാണ് സ്വപ്നയുടെ പ്രധാനചുമതല. ചുമതലകള്‍ നിര്‍വ്വഹിക്കുന്നത് വിലയിരുത്തി ശമ്പള ഇനത്തിൽ വര്‍ധനവ് നല്‍കുമെന്ന് നിയമന ഉത്തരവ് പറയുന്നു. 

ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന 'സദ്ഗൃഹ' എന്ന പദ്ധതിയിലേക്ക് അടക്കമാണ് സ്വപ്ന ഫണ്ട് കണ്ടെത്തേണ്ടത്. ജാമ്യത്തിലിറങ്ങിയശേഷം ജോലിയില്ലാത്തതിനാല്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു. ഇതോടെയാണ്  സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ എച്ച്ആര്‍ഡിഎസ് തയാറായതെന്ന് ചീഫ് പ്രൊജക്ട് കോഡിനേറ്റര്‍ ജോയ് മാത്യു പറഞ്ഞിരുന്നു.