ഞങ്ങളുടെ കൈയിലും ആണവായുധമുണ്ട്'; റഷ്യക്ക് മുന്നറിയിപ്പുമായി ഫ്രാന്‍സ്

പാരിസ്: യുക്രൈനില്‍ (Ukraine) യുദ്ധം ആരംഭിച്ച റഷ്യക്ക് (Russia) മുന്നറിയിപ്പുമായി ഫ്രാന്‍സ് (France). നാറ്റോയുടെ (NATO) പക്കലും ആണവായുധമുണ്ടെന്ന് പുടിന്‍ ഓര്‍ക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നല്‍കി. അതേസമയം നേരിട്ട് യുദ്ധത്തിനില്ലെന്നും റഷ്യക്കുമേല്‍ കൂടുതല്‍ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ (Joe Biden) പറഞ്ഞു. യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്നും പുടിനുമായി  (Putin)ചര്‍ച്ചക്കില്ലെന്നും ബൈഡന്‍ വ്യക്തമാക്കി. യുദ്ധം തുടങ്ങിയ പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധവും അമേരിക്ക പ്രഖ്യാപിച്ചു. മാസങ്ങള്‍ക്ക് മുമ്പേ പുടിന്‍ ആക്രമണം തീരുമാനിച്ചിരുന്നുവെന്ന് ബൈഡന്‍ ആവര്‍ത്തിച്ചു.

അടിയന്തരമായി വെടിനിർത്തൽ ഉണ്ടാകണം, ചര്‍ച്ച നടത്തണം; പുടിനെ ഫോണില്‍ വിളിച്ച് മോദി

യുദ്ധം തുടങ്ങിയവര്‍ തന്നെ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. നാറ്റോ സഖ്യരാജ്യങ്ങളെ സംരക്ഷിക്കുമെന്നും ബൈഡന്‍ ഉറപ്പ് നല്‍കി. റഷ്യക്കെതിരെയുള്ള സാമ്പത്തിക ഉപരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായി നാല് റഷ്യന്‍ ബാങ്കുകള്‍ക്കും പ്രമുഖ കമ്പനികള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി്. ഇവയുടെ അമേരിക്കയിലെ ആസ്തികള്‍ മരവിപ്പിച്ചു. സോവിയറ്റ് യൂണിയന്റെ പുനസ്ഥാപനമാണ് പുടിന്റെ ലക്ഷ്യമെന്ന് പറഞ്ഞ ബൈഡന്‍ ഉപരോധങ്ങള്‍ ഫലം കാണാന്‍ സമയമെടുക്കുമെന്നും വ്യക്തമാക്കി. അതേസമയം, റഷ്യ-യുക്രൈന്‍ വിഷയത്തില്‍ പുറത്തിനിന്ന് ഇടപെടലുണ്ടായാല്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നാണ് റഷ്യയുടെ ഭീഷണി.

കടുത്ത സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടൺ: റഷ്യൻ ബാങ്കുകളെ ബഹിഷ്കരിക്കും

ലണ്ടൻ: റഷ്യക്കെതിരെ നിർണായക സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടൺ. ബ്രിട്ടീഷ് പാ‍ർലമെന്റിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് യുക്രൈൻ അധിനിവേശത്തിൻ്റെ പേരിൽ റഷ്യക്കെതിരെ അതിശക്തമായ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര തലത്തിൽ സാമ്പത്തിക ഇടപാടുകൾക്ക് ആയി ഉപയോ​ഗിക്കുന്ന സ്വിഫ്റ്റ് പേയ്‌മെന്റുകളിൽ നിന്ന് റഷ്യയെ ഒഴിവാക്കാനുള്ള സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പാർലമെൻ്റിനെ അറിയിച്ചു.

ബോറിസ് ജോൺസൻ ബ്രിട്ടീഷ് പാ‍ർലമെൻ്റിൽ നടത്തിയ പ്രഖ്യാപനങ്ങൾ: 

  • എല്ലാ പ്രധാന റഷ്യൻ ബാങ്കുകളുടേയും ആസ്തികൾ മരവിപ്പിക്കുകയും യുകെയിൽ ഇവരുടെ സാമ്പത്തിക ഇടപാടുകൾ മരവിപ്പിക്കുകയും ചെയ്യും.
  • പ്രമുഖ റഷ്യൻ ധനകാര്യസ്ഥാപനമായ  VTB ബാങ്കിന്റെ പൂർണ്ണവും ഉടനടി മരവിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
  • പുട്ടിനുമായും റഷ്യൻ സർക്കാരുമായും അടുത്ത ബന്ധമുള്ള നൂറ് വ്യക്തികളുടെ യു.കെയിലെ വ്യക്തിപരമായ നിക്ഷേപങ്ങളും ഇവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ സ്വത്തുക്കളും മരവിപ്പിക്കും.
  • റഷ്യൻ വിമാനക്കമ്പനിയായ എയ്‌റോഫ്ലോട്ട് എയർലൈൻസിന് യുകെയിൽ ഇറങ്ങുന്നതിന് വിലക്കേർപ്പെടുത്തും.
  • റഷ്യക്കാർക്ക് യുകെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്നതിന് പരിധി ഏർപ്പെടുത്തും.