തമിഴ്നാട് തദ്ദേശതെരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് മിന്നും ജയം: 'കരുത്ത് കാട്ടി വിജയ് ഫാൻസ്'

ചെന്നൈ: തമിഴ്നാട്ടിലെ നഗരമേഖലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് മിന്നും വിജയം. സംസ്ഥാനത്തെ 21 കോർപ്പറേഷനുകളും ഡിഎംകെ സഖ്യം തൂത്തുവാരി.

ആകെയുള്ള 138 മുനിസിപ്പാലിറ്റികളിൽ 132 എണ്ണത്തിലും ഡിഎംകെ സഖ്യമാണ് ലീഡ് ചെയ്യുന്നത്. 489 നഗരപഞ്ചായത്തുകളിൽ 391 എണ്ണത്തിലും ഡിഎംകെ സഖ്യം മുന്നിലാണ്. 987 സീറ്റുകളിൽ ഡിഎംകെ സഖ്യം വിജയിച്ചതായി ഔദ്യോഗിക ഫലപ്രഖ്യാപനം വന്നു. എഐഎഡിഎംകെ സഖ്യം ഇതുവരെ ജയിച്ചത് 265 സീറ്റുകളിൽ മാത്രം. കോൺഗ്രസ് 65 ഉം ബിജെപി 24 സീറ്റുകളിലും വിജയിച്ചു. സിപിഎമ്മിന് 20ഉം സിപിഐക്ക് 9ഉം സീറ്റുകളിൽ ഇതുവരെ ജയിക്കാനായി.

ഇടതുകക്ഷികൾക്ക് മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സ്വാധീനം ഉയർത്താനായി.  200 വാര്‍ഡുകളുള്ള ചെന്നൈകോര്‍പ്പറേഷനില്‍ അണ്ണാ ഡിഎംകെ വെറും 14 സീറ്റുകളിലേക്ക് ചുരുങ്ങി. 138 നഗരസഭകളില്‍ 132 ഇടത്ത്ഡിഎംകെ ഭരണമുറപ്പിച്ചു. മൂന്നിടത്ത്  അണ്ണാ ഡിഎംകെയും മൂന്നിടങ്ങളില്‍ സ്വതന്ത്രരും ഭരിക്കും. 

നഗര‍പഞ്ചായത്തുകളില്‍ ഫലം പുറത്തുവന്നതില്‍ ബഹുഭൂരിപക്ഷവും ഡിഎംകെ വിജയിച്ചു. ഒറ്റയ്ക്കു മല്‍സരിച്ചബി.ജെ.പിക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ല. കോയമ്പത്തൂര്‍, തിരുപ്പൂര്‍, കന്യാകുമാരി എന്നീ പരമ്പരാഗത ശക്തികേന്ദ്രങ്ങളിലാണ് ബിജെപി സ്ഥാനാര്‍ഥികള്‍ അധികവും ജയിച്ചത്

നടൻ കമൽഹാസന്റെ പാർട്ടി മക്കൾ നീതിമയ്യത്തിന് ചലനമുണ്ടാക്കാനായില്ല. അതേസമയംനടൻ വിജയ്ന്റെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം പുതുക്കോട്ടൈ, വലജാപേട്ട്, കുമാരപാളയംമുനിസിപ്പാലിറ്റികളിലടക്കം ശ്രദ്ധേയ വിജയങ്ങൾ സ്വന്തമാക്കി. വെല്ലൂര്‍ കോര്‍പ്പറേഷനിലെ 37 ആം വാര്‍ഡില്‍ മത്സരിച്ച ഡിഎംകെയുടെ ട്രാന്‍സ്ജെന്‍ഡര്‍‍ സ്ഥാനാര്‍ത്ഥി ഗംഗനായിക്കിന്റെ വിജയവും ശ്രദ്ധേയമാണ്.