ശ്രീനിവാസന്‍ വധം : എതിരാളികളുടെ പട്ടിക തയ്യാറാക്കിയുള്ള കേരളത്തിലെ ആദ്യ കൊലപാതകം, പൊലീസ് കോടതിയില്‍

ശ്രീനിവാസന്‍ വധം : എതിരാളികളുടെ പട്ടിക തയ്യാറാക്കിയുള്ള കേരളത്തിലെ ആദ്യ കൊലപാതകം, പൊലീസ് കോടതിയില്‍

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധം (Sreenivasan Murder) എതിരാളികളുടെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയ കേരളത്തിലെ ആദ്യ സംഭവം എന്ന് പൊലീസ് (Police) കോടതിയിൽ. കൊല്ലേണ്ടവരുടെ പട്ടിക തയ്യാറാക്കിയതില്‍ ഉൾപ്പടെ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും കൊലപാതകത്തിനായി പ്രതികള്‍ നടത്തിയത് വലിയ ഗൂഢാലോചനയാണെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കി. മുഹമ്മദ് ബിലാൽ, റിയാസുദീൻ എന്നിവർ ഗൂഢാലോചനയിലും ആയുധങ്ങൾ പ്രതികൾക്ക് നൽകുന്നതിലും സഹായിയായി പ്രവർത്തിച്ചു. ആയുധങ്ങൾ എത്തിച്ച് നൽകിയത് സഹദാണ്. മുഹമ്മദ് റിസ്‌വാൻ പ്രതികളുടെ മൊബൈൽ ഫോണുകൾ ശേഖരിച്ച് തെളിവ് നശിപ്പിച്ചെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി. പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ ഒളിവിൽ കഴിയുന്ന പ്രതികൾക്ക് സഹായമാവും എന്നും തെളിവ് നശിപ്പിക്കുമെന്നും പൊലീസ് പറഞ്ഞു. ശ്രീനിവാസന്‍റെ ആറംഗ കൊലയാളി സംഘത്തിലെ മൂന്നു പേരും ഗൂഡാലോചനയിൽ പങ്കാളികളായ പത്ത് പേരുമാണ് ഇതിനോടകം അറസ്റ്റിലായത്. പ്രതി അബ്ദുറഹ്മാനുമായി രണ്ട് ദിവസം മുമ്പ് നടത്തിയ തെളിവെടുപ്പിൽ കല്ലടിക്കോടു നിന്ന് ആയുധവും പ്രതികളുടെ ചോര പുരണ്ട വസ്ത്രവും കണ്ടെത്തിയിരുന്നു.