'വിരട്ടൽ വേണ്ട, സംഘടനയെ മറയാക്കി സ്വർണ്ണക്കടത്തും ഇനി നടക്കില്ല', ഡിവൈഎഫ്ഐയുടെ മറുപടി

'വിരട്ടൽ വേണ്ട, സംഘടനയെ മറയാക്കി സ്വർണ്ണക്കടത്തും ഇനി നടക്കില്ല', ഡിവൈഎഫ്ഐയുടെ മറുപടി

കണ്ണൂർ: സമൂഹ മാധ്യമങ്ങളിൽ സ്വീകാര്യത കിട്ടാൻ പി ജയരാജന്റെ കൂടെ നിന്ന് ഫോട്ടോ എടുത്ത് അതുപയോഗിച്ചാണ് ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയും അടക്കമുള്ള സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘാംഗങ്ങളുടെ പ്രവർത്തനമെന്ന് ഡിവൈഎഫ്ഐ നേതാവ് മനു തോമസ്. പി ജയരാജനെ മാത്രം പുകഴ്ത്താനും മറ്റുള്ള നേതാക്കളെ ഇകഴ്ത്താനും ഇവർക്ക് സാധിക്കുന്നത് പാർട്ടി ബോധ്യം ഇല്ലാത്തതിനാലാണെന്നും ഡിവൈഎഫ്ഐയുടെ മുൻ ജില്ലാ പ്രസിഡന്റ് കൂടിയായ മനു കുറ്റപ്പെടുത്തി. ഇരുവരേയും പി ജയരാജൻ തന്നെ തള്ളിപ്പറഞ്ഞതാണെന്നും ആഎസ്എസ് ക്രിമിൽ സംഘങ്ങളുമായി പോലും ബന്ധമുള്ള കൊടും കുറ്റവാളികളാണ് രണ്ടുപേരുമെന്നും മനു തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

എല്ലാം തുറന്നു പറയും എന്ന് വിരട്ടി ഡിവൈഎഫ്ഐയെ വെറുതെ ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിക്കാതെ പറയാനുള്ളത് തുറന്ന് പറയണമെന്നാണ് അർജുൻ ആയങ്കിക്ക് മനു തോമസിന്റെ മറുപടി. ഒരാളെ കൊല്ലാനും പാർട്ടി ഇവരെ പറഞ്ഞുവിട്ടില്ല എന്നും സിപിഎം ജില്ലാ കമ്മറ്റി അംഗം കൂടിയായ മനു തോമസ് വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിൽ സ്വീകാര്യത കിട്ടാനായാണ് പി ജയരാജനെ പുകഴ്ത്തുന്നത്. പി ജയരാജൻ തങ്ങളുടെ കീശയിലാണെന്ന് വരുത്തി തീർക്കാനാണ് ഇരുവരും ശ്രമിക്കുന്നതെന്നും മനു ആരോപിച്ചു. 

കഴിഞ്ഞ ദിവസമാണ് ഡിവൈഎഫ്ഐക്ക് മുന്നറിയിപ്പുമായി അ‍ർജ്ജുൻ ആയങ്കി ഫേസ്ബുക്കിൽ കുറിപ്പിട്ടത്. വെറുതെ എന്നെക്കൊണ്ട് എല്ലാ കാര്യങ്ങളും പറയിപ്പിക്കരുതെന്നും തുറന്ന് പറഞ്ഞാൽ പിന്നാലെയുണ്ടാകുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഡിവൈഎഫ്ഐ നേതൃത്വം ഉത്തരവാദിത്തം പറയേണ്ടി വരുമെന്നുമെന്നുമായിരുന്നു അർജുന്റെ മുന്നറിയിപ്പ്. 'വിചാരണ ചെയ്യുന്ന സാഹചര്യം വന്നാൽ പ്രതികരിക്കാൻ നിർബന്ധിതനാകും.

അധോലോകത്തിൽ അതിഥികളായ അഭിനവ വിപ്ലവകാരികൾ ആരെന്ന് ചൂണ്ടിക്കാണിക്കാൻ നിൽക്കുന്നില്ല. അനാവശ്യമായി ഉപദ്രവിക്കാൻ നിന്നാൽ അതാർക്കും ഗുണം ചെയ്യില്ല' എന്നും സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിൽ ഉൾപെട്ട് ജാമ്യത്തിൽ കഴിയുന്ന അർജുൻ ആയങ്കി മുന്നറിയിപ്പ് നൽകുന്നു. അർജ്ജുൻ ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെയുള്ള പ്രതികരണം.