'ഡ്രൈവിംഗ് ലൈസന്‍സി'ന്‍റെ ഹിന്ദി റീമേക്ക് ചിത്രീകരണം ആരംഭിച്ചു

'ഡ്രൈവിംഗ് ലൈസന്‍സി'ന്‍റെ ഹിന്ദി റീമേക്ക് ചിത്രീകരണം ആരംഭിച്ചു

ലയാളത്തില്‍ ബോക്സ് ഓഫീസ് വിജയം നേടിയ 2019 ചിത്രം 'ഡ്രൈവിംഗ് ലൈസന്‍സി'ന്‍റെ (Driving Licence) ഹിന്ദി റീമേക്ക് ചിത്രീകരണം ആരംഭിച്ചു. 'സെല്‍ഫി' (Selfiee) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസ്, കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയ്ക്കൊപ്പം പൃഥ്വിരാജിന്‍റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് നിര്‍മ്മാണ പങ്കാളിത്തമുള്ള ആദ്യ ബോളിവുഡ് ചിത്രമാണിത്.

സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു അനൗണ്‍സ്‍മെന്‍റ് വീഡിയോയും അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. സച്ചിയുടെ തിരക്കഥയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്‍ത 'ഡ്രൈവിംഗ് ലൈസന്‍സി'ല്‍ പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹിന്ദി റീമേക്കില്‍ ഇതേ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്‍മിയുമാണ്. ഇരുവരും ഒരു ചിത്രത്തിനുവേണ്ടി ആദ്യമായാണ് ഒരുമിക്കുന്നത്.

ഗുഡ് ന്യൂസ്' സംവിധായകന്‍ രാജ് മെഹ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം തന്നെ തിയറ്ററുകളിലെത്തിക്കാന്‍ കഴിയുന്ന വിധം നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശം. മറ്റു താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ ലഭ്യമാകും.