സിൽവർ ലൈൻ സംവാദം അനിശ്ചിതത്വത്തിൽ; പിന്മാറുമെന്ന് അലോക് വർമ, അതൃപ്തി പരസ്യമാക്കി ശ്രീധർ രാധാകൃഷ്ണൻ

സിൽവർ ലൈൻ സംവാദം അനിശ്ചിതത്വത്തിൽ; പിന്മാറുമെന്ന് അലോക് വർമ, അതൃപ്തി പരസ്യമാക്കി ശ്രീധർ രാധാകൃഷ്ണൻ

തിരുവനന്തപുരം: സിൽവർലൈനിൽ (Silver Line) എതിർപ്പ് ഉന്നയിച്ച വിദഗ്ധരെയടക്കം പങ്കെടുപ്പിച്ച് നടത്താനിരുന്ന സംവാദം അനിശ്ചിതത്വത്തിൽ. സർക്കാർ നടത്തുന്നതെന്ന നിലയിൽ ചർച്ചയായ സംവാദം കെ റെയിൽ നടത്തുന്നതെന്ന രീതിയിലെക്കെത്തിയതോടെ പിന്മാറുമെന്ന സൂചന നൽകി സിൽവർ ലൈൻ പദ്ധതിയെ എതിർത്ത് പങ്കെടുക്കുന്ന രണ്ട് പാനൽ അംഗങ്ങൾ രംഗത്തെത്തി . അലോക് വർമ്മക്ക് പിന്നാലെ പുതിയതായി പാനലിൽ ഉൾപ്പെടുത്തിയ  ശ്രീധർ രാധാകൃഷ്ണനാണ് അതൃപ്തി പരസ്യമാക്കിയത്. പദ്ധതിയുടെ മാഹാത്മ്യം പ്രചരിപ്പിക്കാനെന്ന രീതിയിലാണ് പരിപാടിയുടെ ക്ഷണക്കത്തടക്കമുള്ളതെന്ന് ശ്രീധർ രാധാകൃഷ്ണൻ ആരോപിച്ചു. 

കേരളത്തിന്റെ വികസനത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന പദ്ധതിയുടെ വിവരങ്ങൾ ജനങ്ങളെ അറിയിക്കാനുള്ള മീറ്റിംഗ് എന്ന നിലയിലാണ്  ക്ഷണക്കത്തിലെ പരാമർശങ്ങളുള്ളതെന്നാണ് പാനൽ അംഗങ്ങൾ ഉയർത്തുന്ന പ്രധാന വിമർശനങ്ങളിലൊന്ന്. സംവാദത്തിൽ നിന്നും പിന്മാറുമെന്ന് എതിർപ്പ് ഉന്നയിച്ച് പങ്കെടുക്കുന്ന പാനൽ അംഗം ഇന്ത്യന്‍ റെയില്‍വേ റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍  അലോക് വർമ്മയാണ് ആദ്യം വ്യക്തമാക്കിയത്. നേരത്തെ സർക്കാർ സംവാദം നടത്തും എന്നാണ് അറിയിച്ചതെങ്കിലും ഇപ്പോൾ കെ റെയിലാണ് പാനലിൽ ഉള്ളവരെ ക്ഷണിച്ചത്. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് അലോക് വർമ്മ എതിർപ്പുന്നയിച്ചത്. ക്ഷണക്കത്ത് പോലും ഏകപക്ഷീയമാണെന്നും അദ്ദേഹം ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ പരാമർശിക്കുന്നു. ക്ഷണക്കത്ത് പ്രതിഷേധാർഹമാണ്. പദ്ധതിയുടെ അനുകൂല വശം ജനങ്ങളെ ബോധിപ്പിക്കാൻ സംവാദം എന്നാണ് ക്ഷണക്കത്തിലെ പരാമർശം. ഇത് ഏകപക്ഷീയവും പ്രതിഷേധാർഹവുമാണ്. ഇന്ന് ഉച്ചക്കുള്ളിൽ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തി ചീഫ് സെക്രട്ടറിയോ സർക്കാർ പ്രതിനിധിയോ കത്ത് അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയുടെ മറുപടിക്ക് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നാലെ എതിർപ്പുയർത്തി പുതിയതായി പാനലിൽ ഉൾപ്പെടുത്തിയ ശ്രീധർ രാധാകൃഷ്ണനും രംഗത്തെത്തി. ക്ഷണക്കത്തടക്കം ഏകപക്ഷീയമാണെന്ന് ശ്രീധർ രാധാകൃഷ്ണനും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നേരത്തെ സർക്കാർ നടത്തുന്ന പരിപാടിയെന്ന രീതിയിലായിരുന്നു പാനൽ അംഗങ്ങളെ സർക്കാർ പ്രതിനിധികൾ സമീപിച്ചിരുന്നത്. എന്നാൽ കെ റെയിലാണ് ഇപ്പോൾ പരിപാടി നടത്തുന്നതെന്നാണ് വ്യക്തമാകുന്നത്. അലോക് വർമ്മ എതിർപ്പുന്നയിച്ച് ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിനോട് അനുകൂല നിലപാടാണെന്നും ഇത്തരത്തിൽ ഏകപക്ഷീയമായാണ് മുന്നോട്ട് പോകുന്നതെങ്കിൽ സംവാദത്തിൽ നിന്നും താനും വിട്ടുനിൽക്കുമെന്നും  ശ്രീധർ രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. എന്നാൽ വിയോജിപ്പുണ്ടെങ്കിലും പങ്കെടുക്കുമെന്ന് മറ്റൊരു പാനലിസ്റ്റായ ആർവിജി മേനോൻ വ്യക്തമാക്കി. എന്തുകൊണ്ടാണ് എതിർക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവസരമാണ് ലഭിക്കുന്നത്. അത് ഉപയോഗപ്പെടുത്തണമെന്നാണ് കരുതുന്നത്. മറ്റ് പാനൽ അംഗങ്ങളുടെ തീരുമാനം വിഷമകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.