കണ്ണൂരിൽ സിൽവർ ലൈൻ സർവേ വീണ്ടും തുടങ്ങുന്നു; എടക്കാട് സംഘർഷത്തിൽ 2 സിപിഎം പ്രവർത്തകർക്കെതിരെ കേസ്

കണ്ണൂർ: സംഘർഷങ്ങളെ തുടർന്ന് നിർത്തിവച്ച സിൽവർ ലൈൻ (silver line)അതിരടയാള കല്ലിടൽ (stone laying)കണ്ണൂരിൽ(kannir) ഇന്ന് വീണ്ടും തുടങ്ങും. കണ്ണൂരിൽ കെറെയിൽ കല്ലിടൽ ഇന്ന് പുന:രാരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസം സംഘർഷം ഉണ്ടായ എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇന്ന് സർവ്വേ നടക്കുക. കഴിഞ്ഞ ദിവസം ഇവിടെ കല്ലിടാനെത്തിയവരെ തടയുകയും അതിരടയാള കല്ലുകൾ കോൺഗ്രസ് പ്രവർത്തകർ പിഴുതെറിയുകയും ചെയ്തിരുന്നു. ഇതിനെതിരെ രംഗത്തെത്തിയ സി പി എം പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിലാണ് സംഘർഷം ഉണ്ടായത്. കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേൽക്കുകയും ചെയ്തിരുന്നു.
എടക്കാട് കോൺഗ്രസ് പ്രവർത്തകർകരെ മർദിച്ച സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ സിപിഎമ്മിന്റെ രണ്ട് പ്രവർത്തകർക്കെതിരെ പൊലീസ് കേസ് എടുത്തു. ഏരിയ കമ്മറ്റി അംഗം പ്രകാശൻ, അശ്വന്ത് എന്നിവർക്കെതിരെ ആണ് കേസെടുത്തത്. അതിനിടെ നടാൽ നെട്രോൾ പമ്പിന് സമീപം സ്ഥാപിച്ചിരുന്ന മൂന്ന് അതിരടയാള കല്ലുകൾ രാത്രിയിൽ ആരോ പിഴുത് മാറ്റിയിട്ടുണ്ട്.
ഇതിനിടെ എടക്കാട് സംഘർഷത്തെ ന്യായീകരിച്ച് സി പി എം നേതൃത്വം ഇന്നലെ രംഗത്തെത്തിയിരുന്നു. അടി കൊള്ളാൻ ആയു യു ഡി എഫ് പ്രവർത്തകരും ബി ജെ പി പ്രവർത്തകരും ചെല്ലരുതെന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. കല്ലിടുന്ന പ്രദേശത്തെ സ്ഥലം ഉടമകൾക്ക് പരാതി ഇല്ലെന്നും കോൺഗ്രസ് പ്രവർത്തകർ മന:പൂർവം പ്രശ്നം ഉണ്ടാക്കുകയാണെന്നുമായിരുന്നു സി പി എം കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജന്റെ പ്രതികരണം
ഗുണ്ടകളേയും പൊലീസിനേയും ഉപയോഗിച്ച് പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് സി പി എമ്മും സർക്കാരും ശ്രമിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രതികരണം. സിൽവർ ലൈനിനെതിരായ സമരം തുടരുമെന്നും കല്ലുകൾ പിഴുതെറിയുമെന്നും വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു