തൃശൂര്‍ മെഡി. കോളേജില്‍ 81 പേര്‍ക്ക് കൊവിഡ്

തൃശൂര്‍: ഗവ. മെഡിക്കല്‍ കോളേജില്‍ 44 രോഗികള്‍ക്കും 37 കൂട്ടിരിപ്പുകാര്‍ക്കും അടക്കം 81 പേര്‍ക്ക് കൊവിഡ്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ രോഗികളും കൂട്ടിരിപ്പുകാരുമായി നൂറോളം പേര് കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡോക്ടര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടും. അമ്ബതോളം മെഡിക്കല്‍, ഡെന്റല്‍ വിദ്യാര്‍ത്ഥികളും കഴിഞ്ഞ ദിവസം രോഗബാധിതരായി. ഇതോടെ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം കടുത്ത നിയന്ത്രണത്തിലായി.
ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികള്‍ക്കും രോഗം ബാധിച്ചതോടെ ആശങ്ക ശക്തമായി. ഓപ്പറേഷന് തിയേറ്ററുകളിലും, വാര്‍ഡുകളിലും കൊവിഡ് വ്യാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് രോഗബാധയുളളതിനാല്, അവരുടെ സമ്ബര്‍ക്കത്തില്‍ ഉള്ളവരും പോസിറ്റീവ് ആകാനുള്ള സാദ്ധ്യത കൂടുതലാണ്. ഡെന്റല്‍ വിഭാഗത്തിലെ കൂടൂതല്‍ വിദ്യാര്‍ത്ഥികളെ പരിശോധനയ്ക്ക് വിധേയരാക്കി. ആശുപത്രി ഇന്ഫക്ഷന് കണ്ട്രോള് കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്ന് നിയന്ത്രണങ്ങള്‍ക്കും നടപടികള്‍ക്കും ശുപാര്‍ശ ചെയ്തു. കര്‍ശന നിയന്ത്രണവും ഇടപെടലുകളുമുണ്ടായില്ലെങ്കില് കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന് ഹോസ്പിറ്റല്‍ ഇന്ഫക്ഷന് കണ്ട്രോള് കമ്മിറ്റി മുന്നറിയിപ്പ് നല്കി. സൂപ്രണ്ട്, മൈക്രോബയോളജി ഡോക്ടര്‍, എച്ച്.ഒ.ഡി ചെയര്‍മാര്‍, ഹെഡ് നഴ്സുമാര്‍, നഴ്സിംഗ് സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം ഉന്നയിച്ചത്.
2,498 പേര്‍ക്ക് കൊവിഡ്:
പോസിറ്റിവിറ്റി15.69%
തൃശൂര്‍: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.69 ശതമാനമായി ഉയര്‍ന്നതോടെ, 2,498 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 1,970 പേര് രോഗമുക്തരായി. രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,271 ആണ്. തൃശൂര്‍ സ്വദേശികളായ 96 പേര് മറ്റ് ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,09,936 ആണ്. 2,97,896 പേരാണ് ആകെ രോഗമുക്തരായത്. ശനിയാഴ്ച്ച സമ്ബര്‍ക്കം വഴി 2,472 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 13 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 07 പേര്‍ക്കും, ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗം ബാധിച്ചു.