വാക്സീനുകള്‍ക്ക് omicron അണുബാധയെ പൂര്‍ണ്ണമായി ചെറുക്കാനാവില്ല; മുന്നറിയിപ്പ് നൽകി ഐസിഎംആർ

വാക്സീനുകള്‍ക്ക് omicron അണുബാധയെ പൂര്‍ണ്ണമായി ചെറുക്കാനാവില്ല; മുന്നറിയിപ്പ് നൽകി ഐസിഎംആർ

കൊവിഡ് വാക്സീനുകള്‍ക്ക് അണുബാധയെ പൂര്‍ണ്ണമായി ചെറുക്കാനാവില്ലെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ. എന്നാല്‍ രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനാകും. രോഗ ബാധ തീവ്രമാകാതിരിക്കാനും മരണനിരക്ക് കുറക്കാനുമായാണ്  കരുതല്‍ ഡോസ് നല്‍കുന്നതെന്നും ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി.

അതേസമയം, രാജ്യത്ത് കൊവിഡ് വീണ്ടും ഭീതി വിതയ്ക്കുകയാണെന്ന മുന്നറിയിപ്പാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്നത്. ദില്ലിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ വെല്ലുവിളികളെ നേരിടാൻ എല്ലാവരും സജ്ജരാകണമെന്ന് ആരോഗ്യമന്ത്രാലയം അധികൃതർ പറഞ്ഞു. 33 ദിവസങ്ങൾക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകൾ 10,000 കടന്നതോടെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തെ കൊവിഡ് പ്രതിദിന ബാധിതരുടെ 25 ശതമാനവും കേരളത്തിൽ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു.

കൊവിഡിനെതിരെ പാലിക്കുന്ന ജാഗ്രതയിൽ വീഴ്ച പാടില്ല. ഒമിക്രോൺ മൂലമാണ് രാജ്യത്ത് കൊവിഡ് കേസുകൾ കുതിക്കുന്നത്. 2-3 ദിവസം കൊണ്ട് തന്നെ കേസുകൾ ഇരട്ടിയാകുന്ന സ്ഥിതിയാണെന്നും കണക്കുകൾ ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രാലയം പറയുന്നു. കൊവിഡിനെതിരെ മാസ്ക് തന്നെയാണ് പ്രധാന ആയുധമെന്നും വെല്ലുവിളികളെ നേരിടാൻ സജ്ജമാകണമെന്നും മുന്നറിയിപ്പുണ്ട്.

കൊവിഡ് നിയന്ത്രണ മാർഗങ്ങൾ അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും പ്രധാനമന്ത്രിയടക്കം പങ്കെടുക്കുന്ന റാലികൾ ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിന് അധികൃതർ മറുപടി നൽകി. തെരഞ്ഞെടുപ്പ് നടത്തണോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുക്കട്ടെയെന്നും കൊവിഡ് ദൗത്യസംഘം മേധാവി ഡോ. വി കെ പോൾ പറഞ്ഞു. കൊവിഡിന്റെ ഡെൽറ്റ വകഭേദവും ഒമിക്രോൺ വകഭേദവും ഇരട്ട ഭീഷണി. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഗൗരവത്തോടെ കാണുകയും, അനുസരിക്കുകയും ചെയ്യണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു