സ്വാതന്ത്ര്യദിനം: സുരക്ഷക്കായി ചെങ്കോട്ടയ്ക്ക് മുന്നില്‍ കണ്ടെയ്‌നറുകള്‍ നിരത്തി പോലീസ്‌, റിപ്പബ്ലിക് ദിനത്തില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

സ്വാതന്ത്ര്യദിനം: സുരക്ഷക്കായി ചെങ്കോട്ടയ്ക്ക് മുന്നില്‍ കണ്ടെയ്‌നറുകള്‍ നിരത്തി പോലീസ്‌, റിപ്പബ്ലിക് ദിനത്തില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി ചെങ്കോട്ടയില്‍ സുരക്ഷ ശക്തമാക്കി ഡല്‍ഹി പോലീസ്. ചെങ്കോട്ടയ്ക്ക് ചുറ്റും പോലീസിനെ നിയോഗിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15 വരെ പൊതുജനങ്ങള്‍ക്ക് ചെങ്കോട്ടയിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല. സുരക്ഷ ഉറപ്പാക്കാന്‍ ചെങ്കോട്ടയുടെ പ്രധാന കവാടത്തിന് മുന്നില്‍ ഡല്‍ഹി പോലീസ് വലിയ കണ്ടെയ്‌നറുകള്‍ നിരത്തിയെന്നാണ് വാര്‍ത്താകള്‍.

ദേശീയപതാക ഉയര്‍ത്തല്‍ ഉള്‍പ്പടെയുളള പ്രധാന ചടങ്ങുകള്‍ ചെങ്കോട്ടയിലാണ് നടക്കുന്നത്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച്‌ ഡ്രോണ്‍ ആക്രമണം നടത്താന്‍ പാകിസ്താന്‍ പിന്തുണയോടെ ഭീകരവാദ സംഘങ്ങള്‍ ശ്രമിക്കുന്നതായി ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കുറച്ചുദിവസങ്ങള്‍ക്ക് മുന്ന് ചെങ്കോട്ടയുടെ പിറക് വശത്തുകൂടി പറന്ന ഒരു ഡ്രോണ്‍ ഡല്‍ഹി പോലീസ് പിടിച്ചെടുത്തിരുന്നു. ഇത് ചെങ്കോട്ടയുടെ പരിസരത്ത് വെബ്സീരീസ് ചിത്രീകരണം നടത്തിയിരുന്ന സംഘത്തിന്റെയായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഡ്രോണ്‍, പാരാഗ്ലൈഡിങ്, ഹോട്ട് എയര്‍ ബലൂണ്‍ എന്നിവയ്ക്ക് ഡല്‍ഹി പോലീസ് കമ്മിഷണര്‍ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച്‌ നിരോധനമേര്‍പ്പെടുത്തി. ഓഗസ്റ്റ് 16 വരെയായിരിക്കും നിയന്ത്രണം. ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക പ്രതിഷേധത്തിനിടെ ചെങ്കോട്ടയില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.