'ജവാന്' വില 10 ശതമാനം വര്‍ധിപ്പിക്കണം, ബെവ്കോ ശുപാര്‍ശ ; നടപടി സ്പിരിറ്റ് വില കൂടിയ സാഹചര്യത്തില്‍

തിരുവനന്തപുരം: ജവാൻ റമ്മിന്റെ വില വർദ്ധിപ്പിക്കണമെന്ന് ബെവ്കോയുടെ ശുപാര്‍ശ. വില 10 % കൂട്ടണമെന്നാണ് ബെവ്കോ എം ഡി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇപ്പോൾ ലിറ്ററിന് 600 രൂപയാണ് വില.
സ്പിരിറ്റിന്റെ വില കൂടിയ സാഹചര്യത്തിലാണ് വില വർദ്ധന ആവശ്യപ്പെട്ട് ബെവ്കോ സർക്കാരിന് ശുപാർശ നൽകിയത്. സർക്കാർ ഉടമസ്ഥതയിലുളള മദ്യമാണ് ജവാൻ.
സംസ്ഥാനത്ത് വ്യാജ മദ്യ വില്‍പനയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എക്‌സൈസ് ഇന്റലിജന്‍സിന്റേതാണ് ജാഗ്രതാ നിര്‍ദേശം. ബെവ്കോ ഔട്ട്‌ലറ്റുകളില്‍ വിലകുറഞ്ഞ മദ്യലഭ്യത കുറഞ്ഞതോടെയാണ് മുന്നറിയിപ്പ്. കരുതല്‍ നടപടി ആരംഭിച്ചെന്ന് എക്‌സൈസ് അറിയിച്ചു.
രണ്ടാഴ്ചയായി എക്‌സൈസിന്റെ കരുതല്‍ നടപടികള്‍ തുടരുകയാണ്. വ്യാജ മദ്യ ലോബികളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വ്യാജമദ്യ കേസുകളില്‍ ഉള്‍പ്പെട്ടവരും നിരീക്ഷണത്തിലാണ്. എക്‌സൈസ് ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. വ്യാജമദ്യ സാധ്യതയുള്ള കേന്ദ്രങ്ങളില്‍ രണ്ടാഴ്ചയായി റെയിഡ് നടന്നുവരുന്നു. ബാറുകളിലെ മദ്യവില്‍പനയും നിരീക്ഷണത്തിലാണ്.
സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യം കിട്ടാനില്ലാത്ത അവസ്ഥയുണ്ട്. ബെവ്‌കോ ഔട്ട്‌ലറ്റുകളില്‍ വിലകുറഞ്ഞ മദ്യം കിട്ടാനില്ല. ബാറുകളിലും വിലകുറഞ്ഞ മദ്യമില്ല. ഇതുമൂലം രണ്ടാഴ്ചയായി മദ്യവില്‍പനശാലകളില്‍ വന്‍ പ്രതിസന്ധിയാണ്.
750 രൂപവരെ വിലവരുന്ന മദ്യമാണ് കിട്ടാത്തത്. ബെവ്കോയ്ക്ക് വലിയ വരുമാനമുണ്ടാക്കുന്നത് കുറഞ്ഞ നിരക്കിലുള്ള മദ്യവിൽപ്പനയിലൂടെയാണ് . ഇടത്തരം മദ്യ ബ്രാൻറുകളുടെ വിതരണം കമ്പനികള്‍ കുറച്ചത് ബെവ്കോയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സ്പിരിറ്റിന്‍റെ വില കൂടിയതിനാൽ മദ്യവില കൂട്ടണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്. വിലകൂട്ടാത്തതിനാലാണ് മദ്യ വിതരണം കമ്പനികള്‍ കുറച്ചത്.
തൃശൂരും എറണാകുളത്തുമായി വ്യജ വിദേശ മദ്യനിർമ്മാണ യൂണിറ്റുകള്‍ എക്സൈസ് പിടികൂടിയിരുന്നു. കർണാടയിൽ നിന്നും കടത്തികൊണ്ടുവന്ന സെക്കൻറ്സ് മദ്യവും പിടികൂടി. ബെവ്കോ വഴി കുറഞ്ഞ വിലക്കുള്ള മദ്യ വിൽപ്പന കുറഞ്ഞതു മുതലാക്കാൻ വ്യാജൻമാർ രംഗത്തിറങ്ങിയെന്നാണ് എക്സൈസിന്‍റെ അനുമാനം. വ്യാജ വാറ്റുമായി ബന്ധപ്പെട്ട് നേരത്തെ കേസുകളുള്ളവർ, മറ്റു സംസ്ഥാനങ്ങളിൽ നിന്നും മദ്യം കടത്തുന്നവർ എന്നിവരെ നിരീക്ഷിക്കാനാണ് നിർദ്ദേശം. ബാറുകളിലെ മദ്യ വിൽപ്പന നിരീക്ഷിക്കാനും നിർദ്ദേശമുണ്ട്. എല്ലാ സ്ഥലങ്ങളും പ്രത്യേക പരിശോധന നടക്കുകയാണ്.
പ്രതിസന്ധി പരിഹിക്കാനുള്ള ചർച്ചകള്‍ ആരംഭിക്കാൻ ബെവ്കോയോടും എക്സൈസ് ആവശ്യപ്പെട്ടിരിക്കുകയാണ്. കരാർ പ്രകാരമുള്ള മദ്യവിതരണം നടത്തമെന്നാവശ്യപ്പെട്ട് കരാർ കമ്പനികള്‍ക്ക് ബെവ്കോ നോട്ടീസ് നൽകിയിട്ടും വിലകൂട്ടാതെ പൂർണതോതിലുള്ള മദ്യവിതരണം കഴിയില്ലെന്ന നിലപാടിലാണ് കമ്പനികള്‍. മൂന്നു മാസത്തിനുള്ളിൽ 5 രൂപയാണ് സ്പരിരിറ്റിന്‍റെ വിലകൂടിയത്. 72 രൂപയ്ക്കാണ് സർക്കാരിന്‍റെ സ്വന്തം ബ്രാന്‍ഡായി ജവാൻ റം നിർമ്മാണത്തിന് ബെവ്കോ സ്പരിറ്റ് വാങ്ങുന്നത്. സ്പരിറ്റിന്‍റെ വിലവർദ്ധന ജവാൻ ഉൽപ്പാദനത്തിനെയും ബാധിച്ചിട്ടുണ്ട്. കുറഞ്ഞ നിരക്കിൽ വിൽക്കുന്ന ബ്രാണ്ടായ ജവാൻ പ്രതിദിനം 70000 കെയ്സാണ് ബെവ്കോ ഉല്പാദിപ്പിക്കുന്നത്. പക്ഷേ ഇതുകൊണ്ടും ഔട്ട് ലെറ്റുകളിലെ പ്രതിസന്ധിക്ക് പരിഹാരമാവില്ല.