കോതമംഗലത്ത് ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ചു; പിന്നാലെ സുഹൃത്തിനെ മരിച്ചനിലയില്‍ കണ്ടെത്തി

കൊച്ചി: ( 30.07.2021) കോതമംഗലത്ത് ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ചു. പിന്നാലെ സുഹൃത്തിനെ മരിച്ചനിലയില്‍ കണ്ടെത്തി . കോതമംഗലം നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റല്‍ കോളജില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.
നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന കണ്ണൂര്‍ നാരത്ത് രണ്ടാം മൈല്‍ സ്വദേശിനി പി വി മാനസ (24) ആണ് മരിച്ചത്. കണ്ണൂര്‍ സ്വദേശി തന്നെയായ രാഖിന്‍ എന്നയാളാണ് വെടിയുതിര്‍ത്തത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിന്‍ സ്വയം നിറയൊഴിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
മാനസ ഏതാനും പെണ്‍കുട്ടികള്‍കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന വീട്ടില്‍ രാഖിന്‍ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു. ഇയാള്‍ മാനസയെ കൊലപ്പെടുത്താനായി കണ്ണൂരില്‍ നിന്ന് എത്തിയതാണെന്നാണു വിവരം.
യുവാവ് താമസ സ്ഥലത്ത് എത്തിയപ്പോള്‍ നീ എന്തിനാണ് ഇവിടെ വന്നതെന്ന് മാനസ് ചോദിച്ചതായി ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ പറയുന്നു. കൊലയ്ക്ക് കാരണം പൂര്‍വ വൈരാഗ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. മാനസയുടെ മൊബൈല്‍ഫോണ്‍ പൊലീസ് പരിശോധിക്കും.