കൊലപാതകത്തിന് കാരണം സിന്ധുവിനോട് തോന്നിയ സംശയം; പ്രതി ബിനോയ്‌ കുറ്റം സമ്മതിച്ചെന്ന് പൊലീസ്

കൊലപാതകത്തിന് കാരണം സിന്ധുവിനോട് തോന്നിയ സംശയം; പ്രതി ബിനോയ്‌ കുറ്റം സമ്മതിച്ചെന്ന് പൊലീസ്

ഇടുക്കി: പണിക്കന്‍കുടി കൊലപാതക കേസിലെ പ്രതി ബിനോയി കുറ്റം സമ്മതിച്ചു. കൊലയിലേക്ക് നയിച്ചത് സിന്ധുവിനോട് തോന്നിയ സംശയമെന്നും പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവദിവസം വഴക്കുണ്ടായെന്നും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നും ബിനോയ്‌ പൊലീസിനോട് പറഞ്ഞു. തമിഴ്നാട്ടിലും കേരളത്തിലെ വിവിധ ജില്ലകളിലുമായിട്ടായിരുന്നു ഒളിവില്‍ കഴിഞ്ഞത്. പെരിഞ്ചാംകുട്ടിയില്‍ എത്തിയത് രണ്ട് ദിവസം മുന്‍പാണെന്നും പ്രതി വെളിപ്പെടുത്തി.

പ്രതിയെ നാളെ കൊല നടന്ന സ്ഥലത്തെത്തിച്ചു തെളിവെടുക്കാനാണ് പൊലീസിന്റെ തീരുമാനം. 20 ദിവസമാണ് പ്രതി ഒളിവില്‍ കഴിഞ്ഞത്. കൈയ്യിലുണ്ടായിരുന്ന പണമെല്ലാം തീര്‍ന്നതോടെ പെരിഞ്ചാംകുടിയിലെത്തി. രണ്ട് ദിവസമായി ഒരു പാലത്തിന് കീഴില്‍ കഴിഞ്ഞു വരികയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ കണ്ടെത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ആര്‍ക്കറിയാം എന്ന മലയാള ചിത്രത്തിന്റെ ഇതിവൃത്തതിന് സമാനമായിട്ടാണ് പ്രതി സിന്ധുവിന്റെ മൃതദേഹം കുഴിച്ചുമൂടിയത്. അതേസമയം സിനിമയാണോ ഇത്തരമൊരു നീക്കത്തിന് പ്രചോദനമായതെന്ന് വ്യക്തമല്ല.

പണിക്കന്‍കുടിയില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന കാമാക്ഷി താമഠത്തില്‍ സിന്ധുവിന്റെ മൃതദേഹം ഈ മാസം മുന്നിനാണ് അയല്‍വാസിയായി ബിനോയിയുടെ വീട്ടിലെ അടുക്കളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ബിനോയിയുടെ വീടിന്റെ അടുത്തുള്ള ചക്കാലയ്ക്കല്‍ ബെന്നി എന്നയാളുടെ വീട്ടിലാണ് സിന്ധുവും 12 വയസ്സുകാരന്‍ മകനും അഞ്ച് വര്‍ഷത്തോളമായി വാടകയ്ക്ക് താമസിച്ചിരുന്നത്. ഭര്‍ത്താവുമായി അകന്നുകഴിഞ്ഞിരുന്ന സിന്ധു കുറച്ചു കാലങ്ങളായി ബിനോയിയുമായി ഒരുമിച്ച്‌ ജീവിച്ചു വരുകയായിരുന്നു. എന്നാല്‍ സിന്ധു വീണ്ടും ഭര്‍ത്താവുമായി അടുത്തതാണ് കൊലപാതത്തിന് പ്രേരണയായതെന്നാണ് സൂചന.

ബിനോയും സിന്ധും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും പ്രതി ഇവരെ മര്‍ദ്ദിച്ചിരുന്നതായും സിന്ധുവിന്റെ അമ്മ വെള്ളത്തൂവല്‍ പൊലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് ഇയാളെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തില്‍ വെള്ളത്തൂവല്‍ എസ്‌എച്ച്‌ഒ ആര്‍.കുമാര്‍, എസ്‌ഐമാരായ രാജേഷ്‌കുമാര്‍, സി.ആര്‍.സന്തോഷ്, സജി എന്‍.പോള്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിക്കായി അന്വേഷണം നടത്തുന്നത്.

ബിനോയി ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതടക്കം എട്ട് ക്രിമിനല്‍കേസുകളില്‍കൂടി പ്രതിയാണ്. വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതില്‍ അടിപിടി കേസുകളാണ് കൂടുതലും. ഭാര്യയെ ഉപദ്രവിച്ച കേസില്‍ ഇയാള്‍ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്