കൊവിഡ് പരിശോധന നിരക്ക്;ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും; നിരക്ക് കൂട്ടണമെന്നാവശ്യം

കൊവിഡ് പരിശോധന നിരക്ക്;ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും; നിരക്ക് കൂട്ടണമെന്നാവശ്യം

കൊച്ചി: കൊവിഡ് പരിശോധനാ(covid test) നിരക്കുകൾ (rates)കുറച്ച സർക്കാർ നടപടി ചോദ്യം ചെയ്ത് ലാബുടമകൾ (lab owners)സമർപ്പിച്ച ഹർജി ഹൈക്കോടതി(high court) ഇന്ന് വീണ്ടും പരിഗണിക്കും. ആർ ടി പി സി ആർ നിരക്ക് 300 രൂപയായും ആന്‍റിജൻ നിരക്ക് 100 രൂപയായിട്ടുമാണ് കുറച്ചത്. പരിശോധന നടത്തുന്ന ലാബ് ഉടമകളെ കേൾക്കാതെയാണ് സർക്കാ‍ർ തീരുമാനമെടുത്തതെന്നാണ് ഹ‍ർജിക്കാരുടെ വാദം

കൊവിഡ് പരിശോധന നിരക്കുകൾ കുറച്ചത് ചോദ്യം ചെയ്തു ലാബ് ഉടമകൾ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി  രണ്ടാഴ്ചയ്ക്കകം വിശദമായ എതിർ സത്യവാങ്മൂലം നൽകാൻ സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ഏകപക്ഷീയമായി നിരക്കുകൾ കുറച്ച സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ലാബ് ഉടമകൾ കോടതിയിൽ വാദിച്ചു.

പുതുക്കിയ നിരക്കനുസരിച്ച് പരിശോധനകൾ നടത്തുന്നത് പ്രായോഗികമല്ല എന്നാണ് ലാബ് ഉടമകളുടെ വാദം. ആർ ടി പി സി ആറിന് 300 രൂപയും ആന്റിജന് 100 രൂപയുമാണ് സർക്കാർ പുതുക്കി നിശ്ചയിച്ച നിരക്ക്. പരിശോധന നടത്തുന്ന ലാബ് ഉടമകളുടെ വാദം കേൾക്കാതെ ഏകപക്ഷീയമായാണ് സർക്കാർ നിരക്ക് കുറച്ചതെന്ന്  ലാബ് ഉടമകളുടെ ഹർജിയിൽ പറയുന്നു. 

നിരക്ക് കുറക്കാൻ സർക്കാറിന് അധികാരമുണ്ടെന്നായിരുന്നു സംസ്ഥാന സർക്കാരിനായി നേരത്തെ അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചത്. വിവിധ പരിശോധനകൾക്ക് ലാബുകൾ അമിത ചാർജ് ഈടാക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സർക്കാർ നടപടിയെന്നും അഡ്വക്കറ്റ് ജനറൽ വാദിച്ചിരുന്നു. നിരക്ക് വർധന സംബന്ധിച്ച് ഹൈക്കോടതിയിൽ നിലനിൽക്കുന്ന മറ്റ് കേസുകളുടെ ഒപ്പമാണ് ലാബ് ഉടമകളുടെ ഹർജിയും കോടതി പരിഗണിക്കുക.

ആർടിപിസിആർ പരിശോധനയ്ക്ക് അഞ്ഞൂറ് രൂപയും ആൻ്റിജൻ പരിശോധനയ്ക്ക് 300 രൂപയും ആയി തന്നെ തുടരണമെന്നാണ് ലാബ് ഉടമകളുടെ സംഘടന ആവശ്യപ്പെടുന്നത്. പുതിയ നിരക്കുകൾ അംഗീരിക്കാൻ ആവില്ലെന്നാണ് നിലപാട്. ലാബ് ഉടമകൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും ആ സാഹചര്യത്തിൽ കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകാനാവില്ലെന്നാണ് നിലപാട്. കുറച്ച നിരക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ സമര മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ഫെബ്രുവരി ഒമ്പതിനാണ് സംസ്ഥാനത്ത് കൊവിഡ് പരിശോധനകൾക്കും പിപിഇ കിറ്റ്, എൻ 95 മാസ്ക് തുടങ്ങിയ സുരക്ഷാ സാമഗ്രികൾക്കും നിരക്ക് പുനക്രമീകരിച്ച് ആരോഗ്യ വകുപ്പിന്‍റെ ഉത്തരവ് വരുന്നത്. സർക്കാരിന്‍റെ പുതിയ തീരുമാനം അനുസരിച്ച്. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഇനി മുതൽ 300 രൂപ മാത്രമേ ഈടാക്കാവൂ. ആന്‍റിജൻ ടെസ്റ്റിന് 100 രൂപ, എക്‌സ്‌പെര്‍ട്ട് നാറ്റ് 2,350 രൂപ, ട്രൂനാറ്റ് 1225 രൂപ, ആര്‍ടി ലാമ്പ് 1025 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയുള്ള നിരക്കാണിത്. ഈ നിരക്കിനെതിരെയാണ് ലാബ് ഉടമകൾ രംഗത്തെത്തിയിരിക്കുന്നത്.

ആര്‍ടിപിസിആര്‍ 500 രൂപ, ആന്റിജന്‍ 300 രൂപ, എക്‌സ്‌പെര്‍ട്ട് നാറ്റ് 2500 രൂപ, ട്രൂനാറ്റ് 1500 രൂപ, ആര്‍ടി ലാമ്പ് 1150 രൂപ എന്നിങ്ങനെയായിരുന്നു മുമ്പത്തെ നിരക്ക്. ഞങ്ങളെ തോക്കിൻ മുനയിൽ നിർത്തി പരിശോധന നടത്താൻ ആവശ്യപ്പെടുന്നതിന് തുല്യമാണ് പുതിയ കുറച്ച നിരക്കെന്നാണ് ലാബ് ഉടമകളുടെ നിലപാട്. ലാബ് ഉടമകളോട് കൂടി കൂടിയാലോചന നടത്തി പുതിയ നിരക്ക് നിശ്ചയിക്കണമെന്നാണ് ആവശ്യം. ആർടിപിസിആർ നിരക്ക് 900 രൂപയും, ആന്റിജൻ പരിശോധനയ്ക്ക് 250 രൂപയും എങ്കിലുമാക്കി ഉയർത്തണമെന്നാവശ്യപ്പെട്ടാണ് ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.