യുക്രൈന്‍ അണുബോംബുണ്ടാക്കുന്നു, പുതിയ ആരോപണവുമായി റഷ്യ

യുക്രൈന്‍ അണുബോംബുണ്ടാക്കുന്നു, പുതിയ ആരോപണവുമായി റഷ്യ

അപ്രതീക്ഷിതമായുണ്ടായ ചെറുത്തുനില്‍പ്പില്‍ അടിപതറിയ റഷ്യ (Russia) യുക്രൈനിനെതിരെ (Ukraine) പുതിയ ആരോപണങ്ങളുമായി രംഗത്തുവന്നു. ലോകത്തെ തന്നെ നശിപ്പിക്കാന്‍ ശേഷിയുള്ള അണുബോംബിന്റെ (Nuclear bomb), നിര്‍മാണത്തിന്റെ വക്കിലാണ് യുക്രൈന്‍ എന്നാണ് പുതിയ പ്രചാരണം. റഷ്യയിലെ പ്രമുഖരായ മൂന്ന് വാര്‍ത്താ ഏജന്‍സികളാണ് (News Agencies)  ഇത്തരമൊരു പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ആരെയും ഉദ്ധരിക്കുകയോ ഒരു തെളിവും നിരത്തുകയോ ചെയ്യാതെയാണ് യുക്രൈനിന് എതിരെ ഗുരുതരമായ ഈ ആരോപണം ഉയര്‍ത്തുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

റഷ്യയിലെ ടാസ്, ആര്‍ഐഎ, ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സികളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ആണവദുരന്തമുണ്ടായ ചെര്‍ണോബില്‍ കേന്ദ്രമായി യുക്രൈന്‍ അപകടകരമായ രീതിയില്‍ ആണവായുധം ഉണ്ടാക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ചെര്‍ണോബിലില്‍ വെച്ച് അണുബാംബുണ്ടാക്കുന്നത് എന്തു വില കൊടുത്തും തടയണമെന്നും ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍, ഇങ്ങനെ ഒരാണവായുധം നിര്‍മിക്കുന്നു എന്നതിനുള്ള ഒരു തെളിവും ഈ വാര്‍ത്താ ഏജന്‍സികള്‍ മുന്നോട്ടുവെക്കുന്നില്ല. യുക്രൈനിലെയോ പുറത്തോ ഉള്ള ഒരു വിദഗ്ധനെയും ഇക്കാര്യത്തില്‍ ഉദ്ധരിക്കുന്നുമില്ല. യുക്രൈന്റെ ആണവായുധ നിര്‍മാണത്തെക്കുറിച്ച് അറിവുള്ള ഒരു റഷ്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു എന്ന നിലയ്ക്കാണ് വാര്‍ത്ത. മാനവരാശിക്ക് അപകടകരമായ ആയുധം നിര്‍മിക്കുന്ന യുക്രൈനെ തടയേണ്ടത് ആവശ്യമാണെന്ന ആംഗിളിലാണ് വാര്‍ത്ത റഷ്യന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

എന്നാല്‍, ഈ വാര്‍ത്തയ്ക്ക് അടിസ്ഥാനമായ ഒരു വസ്തുതയും റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ മുന്നോട്ടുവെക്കുന്നില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. യുക്രൈന്‍ അധികൃതരാവട്ടെ ഇതിനെ കുറിച്ച് ഇതുവര പ്രതികരിച്ചിട്ടുമില്ല. ഫെബ്രുവരി 23-ന് യുക്രൈനിനെ ആക്രമിക്കുന്നതിനു മുന്നോടിയായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ നടത്തിയ പ്രഭാഷണത്തില്‍ സോവിയറ്റ് യൂനിയന്റെ ആണവരഹസ്യങ്ങള്‍ അറിയുന്ന വിദഗ്ധരെ ഉപയോഗിച്ച് യുക്രൈന്‍ ആണവായുധ നിര്‍മാണം നടത്തുന്നതായി ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍, ഇങ്ങനെ ഒരാരോപണം ഉന്നയിക്കുക എന്നതല്ലാതെ അതുമായി ബന്ധപ്പെട്ട ഒരു വിവരവും പുടിനും പുറത്തുവിട്ടിരുന്നില്ല. 

യുക്രൈന്‍ ആക്രമണത്തിനിടെ റഷ്യന്‍ സൈന്യം ഏറ്റവും ആദ്യം ലക്ഷ്യംവെച്ച ഇടങ്ങള്‍ ആണവനിലയങ്ങളായിരുന്നു. ലോകത്തെ നടുക്കിയ ഏറ്റവും വലിയ ആണവദുരന്തം നടന്ന ചെര്‍ണോബില്‍ ആണവനിലയമാണ് റഷ്യന്‍ സൈന്യം ആദ്യം പിടിച്ചടക്കിയത്. അതിനു പിന്നാലെ യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയങ്ങളിലൊന്നായ യുസോക്രൈന്‍സ്‌ക് ആണവനിലയവും റഷ്യന്‍ സൈന്യം ലക്ഷ്യമിട്ടിരുന്നു. ലോകത്തെ ഏറ്റവും വലിയ റേഡിയോ ആക്ടീവ് മേഖല കൂടിയായ ചെര്‍ണോബില്‍ ആണവനിലയത്തിന്റെ നിയന്ത്രണം റഷ്യന്‍ ഏറ്റെടുക്കുകയും ആണവനിലയ അധികൃതരെയും അവിടത്തെ ഉദ്യോഗസ്ഥരെയും ബന്ദികളാക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമാനമായ രീതിയിലാണ് യുസോക്രൈന്‍സ്‌ക് ആണവനിലയത്തെയും റഷ്യ ലക്ഷ്യം വെച്ചത്. ഇതിനെതിരെ അമേരിക്ക രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍, ചെര്‍ണോബില്‍ ആണവനിലയത്തിനെതിരെ നടന്ന ക്രമണത്തില്‍ റേഡിയേഷന്‍ ഉണ്ടായില്ലെന്നാണ് റഷ്യന്‍ അധികൃതര്‍ പറഞ്ഞിരുന്നത്. അതിനിടെ, ചെര്‍ണോബില്‍ മേഖലയിലെ ആണവവികിരണത്തില്‍ വര്‍ദ്ധന ഉണ്ടായതായി യുക്രൈന്‍ ആണവോര്‍ജ ഏജന്‍സി പ്രഖ്യാപിച്ചിരുന്നു. 

യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് വെറും 108 കിലോമീറ്റര്‍ മാത്രമാണ് ചെര്‍ണോബിലിലേക്കുള്ളത്. ഈ ആണവനിലയത്തിലെ നാലാമത്തെ റിയാക്ടറാണ്, 1986 ഏപ്രിലില്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് പൊട്ടിത്തെറിച്ചത്. സ്‌ട്രോന്‍ഷ്യം, സീസിയം, പ്ലൂട്ടോണിയം എന്നിവയുടെ വികിരണം അന്നത്തെ യുക്രൈന്‍, ബെലാറസ്, റഷ്യയുടെ കിഴക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ വിതച്ചത് വലിയ പാരിസ്ഥിതികപ്രത്യാഘാതമാണ്. ചെര്‍ണോബില്‍ ദുരന്തം ലോകത്തിന്റെ മനഃസാക്ഷിക്കേറ്റ ഏറ്റവും വലിയ ആഘാതം കൂടിയായിരുന്നു. ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടു എന്നതിനേക്കാള്‍, ഒരു ലക്ഷത്തോളം പേര്‍ ലോകത്തെമ്പാടും കാന്‍സര്‍ ബാധിച്ച് മരിക്കാന്‍ കാരണമാവുകയും ചെയ്തു. ഈ ദുരന്തം. ആദ്യം ഇത്തരത്തില്‍ ഒരു ദുരന്തം സംഭവിച്ചുവെന്ന് തന്നെ സ്ഥിരീകരിക്കാന്‍ സോവിയറ്റ് യൂണിയന്‍ വിസമ്മതിച്ചു. പിന്നീട് ഈ ദുരന്തത്തിന്റെ വ്യാപ്തി ലോകമറിഞ്ഞപ്പോള്‍ അത് സോവിയറ്റ് യൂണിയന്റെ പതനത്തിന് തന്നെ ഒരു കാരണമായി. മിഖായേല്‍ ഗോര്‍ബച്ചേവ് എന്ന സോവിയറ്റ് ഭരണാധികാരിയുടെ പ്രതിച്ഛായക്ക് ഏറ്റ ഏറ്റവും വലിയ ആഘാതമായി അത് മാറിയിരുന്നു.  

നിലവില്‍ യുക്രൈനിലെ മറ്റ് നാല് ആണവനിലയങ്ങള്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നു. ചെര്‍ണോബിലിലെ ആണവഅവശിഷ്ടങ്ങള്‍ അവിടെത്തന്നെ സൂക്ഷിച്ചിരിക്കുകയുമാണ്. റഷ്യ നിയന്ത്രണം ഏറ്റെടുത്താല്‍ ചെര്‍ണോബിലിലെ ആണവഅവശിഷ്ടങ്ങള്‍ സുരക്ഷിതമായിത്തന്നെ തുടരുമോ എന്ന ആശങ്കയും നാറ്റോ രാജ്യങ്ങളടക്കം ഉന്നയിക്കുന്നുണ്ട്.