നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിക്കും, പ്രതിരോധം ശക്തമാക്കണം, മുന്നറിയിപ്പ് നല്‍കി സെലന്‍സ്കി

കീവ്: റഷ്യ (Russia) വൈകാതെ നാറ്റോ രാജ്യങ്ങളെയും ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി (Volodymyr Zelenskyy). റഷ്യക്ക് എതിരെ പ്രതിരോധം ശക്തമാക്കണമെന്നും ആക്രമണം ഉണ്ടാകാതിരിക്കാനുള്ള ഏക വഴി യുക്രൈനുമേൽ വ്യോമനിരോധന മേഖല പ്രഖ്യാപിക്കുകയാണെന്നും സെലൻസ്കി പറഞ്ഞു. അതേസമയം പോളണ്ട് അതിർത്തിയോട് ചേർന്ന സൈനിക താവളം റഷ്യ ആക്രമിച്ചതിൽ കടുത്ത പ്രതിഷേധവുമായി അമേരിക്ക രംഗത്തെത്തി. ആക്രമണത്തെ ശക്തമായി അപലപിച്ച യുഎസ് റഷ്യ ആക്രമണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. പോളണ്ട്-യുക്രൈന്‍ അതിര്‍ത്തിക്ക് സമീപമുള്ള യവോരിവ് നഗരത്തിലാണ് റഷ്യ ആക്രമണം നടത്തിയത്. ഇവിടെ 35 പേർ കൊല്ലപ്പെടുകയും 134 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 30 ലധികം ക്രൂയിസ് മിസൈലുകൾ പ്രയോഗിച്ചതായാണ് യുക്രൈന്‍റെ ആരോപണം.
പോളണ്ട് അതിർത്തിയിൽ നിന്ന് 25 കിലോമീറ്റർ മാത്രം അകലെയാണ് വ്യോമ ആക്രമണം ഉണ്ടായത് എന്നതുകൊണ്ട് തന്നെ ഇത് സംഘര്‍ഷത്തിന്‍റെ ഗുരുതരാവസ്ഥ കൂട്ടുന്നുവെന്ന് ബ്രിട്ടൻ ആശങ്കയറിയിക്കുന്നുണ്ട്. റഷ്യയുടെ അധിനിവേശം നാറ്റോ സഖ്യരാജ്യത്തിന് നേര്‍ക്കുവന്നാല്‍ കൂട്ടായ സംരക്ഷണമുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും മുന്നറിയിപ്പ് നല്‍കി. അതേസമയം ഡൊണെറ്റ്സ്ക് മേഖലയിലെ വോൾനോവാഖ നഗരം റഷ്യൻ ബോംബാക്രമണത്തിൽ പൂർണ്ണമായും തകർന്നിട്ടുണ്ട്. 12 ദിവസം മുമ്പ് റഷ്യൻ സൈന്യം വളഞ്ഞ മരിയുപോളില്‍ സ്ഥിതിഗതികള്‍ ഏറെ പ്രയാസമാണ്. ഭക്ഷണം പോലും കിട്ടാതെയാണ് ഇവിടെ കുറയധികം മനുഷ്യര്‍ കഴിയുന്നത്. അതിനിടെ കീവിനടുത്ത് ഒരു ഗ്രാമം ഒഴിപ്പിക്കുന്നതിനിടെ സ്ത്രീകളുടെയും കുട്ടികളുടെയും വാഹനവ്യൂഹത്തിന് നേരെ റഷ്യൻ ആക്രമണമുണ്ടായി. ഏഴ് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അതേസമയം യുക്രൈനിയന്‍ അതിർത്തി കടക്കുന്ന അഭയാർത്ഥികളുടെ നിരക്ക് കുറഞ്ഞു. 26 ലക്ഷം പേരാണ് അയല്‍രാജ്യങ്ങളില്‍ അഭയം തേടിയത്.