Russia Ukraine Conflict : യുക്രൈന്‍ വിമതമേഖലയില്‍ റഷ്യന്‍ സൈന്യമെത്തി; യുദ്ധടാങ്കുകള്‍ അടക്കം വന്‍ സൈനികവ്യൂഹം

മോസ്കോ: യുക്രൈനിൽ (Ukraine) നിന്ന് വിഘടിച്ചു നിൽക്കുന്ന രണ്ടു പ്രവിശ്യകളിലേക്ക് റഷ്യ (Russia)  സൈനിക നീക്കം തുടങ്ങി. ടാങ്കുകൾ അടക്കം വൻ സന്നാഹങ്ങളുമായി റഷ്യൻ സൈന്യം അതിർത്തി കടന്നതോടെ ലോകം യുദ്ധ ഭീതിയിലായി. 2014 മുതൽ യുക്രൈനുമായി വിഘടിച്ച് നിൽക്കുന്ന വിമത മേഖലയായ ഡൊണസ്കിലേക്ക് ടാങ്കുകൾ അടക്കം വൻ സന്നാഹങ്ങളുമായി റഷ്യൻ സൈന്യം പ്രവേശിച്ചു. രാജ്യത്തോടായി ഇന്നലെ നടത്തിയ ഒരു മണിക്കൂർ നീണ്ട ടെലിവിഷൻ അഭിസംബോധനയിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഈ സൈനിക നീക്കം പ്രഖ്യാപിച്ചിരുന്നു. യുക്രൈന് ഒരിക്കലും ഒരു സ്വതന്ത്ര രാജ്യത്തിന്‍റെ സ്വഭാവം ഉണ്ടായിരുന്നില്ലെന്ന് പുടിൻ പറഞ്ഞു.

ഇപ്പോൾ യുക്രൈനിലുള്ള പാവ ഭരണകൂടത്തെ നിയന്ത്രിക്കുന്നത് അമേരിക്കയാണ്. യുക്രൈനിൽ നിന്ന് വിഘടിച്ചു നിൽക്കുന്ന പ്രവിശ്യകളായ ഡൊണസ്ക്, ലുഹാൻസ്കെ എന്നിവയുടെ സ്വാതന്ത്ര്യം റഷ്യ അംഗീകരിക്കുന്നു. റഷ്യൻ അനുകൂലികളുടെ ഈ പ്രവിശ്യകളിലേക്ക് റഷ്യ സൈന്യത്തെ അയയ്ക്കുന്നത് അവിടങ്ങളിൽ സമാധാനം ഉറപ്പിക്കാനാണെന്നുമാണ് പുടിന്‍ പറഞ്ഞത്. പുടിന്‍റെ സൈനിക നീക്കത്തോട്  കടുത്ത ഭാഷയിലാണ് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും പ്രതികരിച്ചത്. സൈന്യത്തെ അയച്ച റഷ്യയുടെ തീരുമാനം തീക്കളിയാണെന്ന്  അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും പ്രതികരിച്ചു. പ്രതീക്ഷിക്കപ്പെട്ട നാണംകെട്ട നടപടി എന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. റഷ്യക്ക് എതിരെ കടുത്ത ഉപരോധ നടപടികൾക്ക് അമേരിക്ക തുടക്കമിട്ടു.

റഷ്യ എന്ത് പറഞ്ഞാലും യുക്രൈന്‍റെ ഭൂമിശാസ്ത്രപരമായ അതിരുകൾ മാറില്ലെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലിൻസ്കി പറഞ്ഞു. ആശങ്കയുണ്ടാക്കുന്ന പ്രഖ്യാപനം എന്ന്  ഐക്യരാഷ്ട്ര സഭ മേധാവി അന്‍റോണിയോ ഗുട്രസ് പറഞ്ഞു. അമേരിക്കയും ബ്രിട്ടനും ഉപരോധ നടപടി തുടങ്ങി. സാഹചര്യം ചർച്ച ചെയ്യാൻ ചേർന്ന അടിയന്തിര യുഎൻ രക്ഷാ സമിതി യോഗത്തിൽ ലോകരാജ്യങ്ങൾ പലതും റഷ്യയുടെ നടപടിയെ അപലപിച്ചു. അതിർത്തികൾ സംരക്ഷിക്കാനും സ്വയം പ്രതിരോധത്തിനും അവകാശമുണ്ടെന്നായിരുന്നു റഷ്യയുടെ നിലപാട്. റൂഹ്സ്യൻ പിന്തുണയുള്ള വിമതരുടെ ആക്രമണത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി യുക്രൈൻ അറിയിച്ചു. പന്ത്രണ്ട് പേർക്ക് പരിക്കേറ്റു. ലോകത്തെ പ്രധാന വിമാനക്കമ്പനികൾ പലതും യുക്രൈനിലേക്കുള്ള സർവീസുകൾ നിർത്തി . 

  • ആഗോള വിപണികളില്‍ വന്‍ തകര്‍ച്ച

റഷ്യ യുക്രൈന്‍ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ആഗോള വിപണികളില്‍ വന്‍ തകര്‍ച്ച. ഏഷ്യയിലെ പ്രധാന ഓഹരി വിപണികളിലെല്ലാം തന്നെ വലിയ നഷ്ടമാണ് ഉണ്ടായത്. ഇന്ത്യന്‍ വിപണിയില്‍ സെന്‍സെക്സ് ഒരു ഘടത്തില്‍ ആയിരം പോയിന്‍റിലധികം ഇടിഞ്ഞു. ഇപ്പോള്‍ 600 പോയിന്‍റ് നഷ്ടമാണ് സെന്‍സെക്സിനുള്ളത്. കഴിഞ്ഞ 5 ദിവസത്തിനിടെ 9 ലക്ഷം കോടി രൂപയുടെ നഷ്ടം വിപണിയില്‍ നിക്ഷേപകര്‍ക്കുണ്ടായി. പൊതുമേഖലാ ബാങ്കുകളുടെ ഓഹരികളിലാണ് കൂടുതല്‍ നഷ്ടമുണ്ടായത്. യുക്രൈന്‍ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില  94 ഡോളറിലെത്തി. സ്വര്‍ണ്ണവിലയും കൂടി ഒണ്‍സിന് 1900 ഡോളറിനു മുകളിലെത്തി. കഴിഞ്ഞ 9 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഇതിനെ തുടര്‍ന്ന് കേരളത്തിലും സ്വര്‍ണ്ണവില കൂടി. പവന് 280 രൂപ കൂടി പവന് 37000 രൂപയാണ് ഇന്നത്തെ വില