യുക്രൈന്‍ ഒരു കുഴിബോംബാണെന്ന് അന്നേ ഗോര്‍ബച്ചേവ് പ്രവചിച്ചു, ഒപ്പം പരിഹാരമാര്‍ഗങ്ങളും!

സമാധാന കരാറുകള്‍ അംഗീകരിച്ചില്ലെങ്കില്‍ യുക്രൈന്‍ എന്നും കീറാമുട്ടിയായി തുടരുമെന്ന് പണ്ടേ പ്രവചിക്കപ്പെട്ടിരുന്നു. യുക്രൈന്‍ അടക്കമുള്ള രാജ്യങ്ങളുടെ പിറവിക്ക് ചുക്കാന്‍ പിടിച്ച മുന്‍ സോവിയറ്റ് യൂനിയന്‍ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവാണ് യുക്രൈന്‍ എന്നും തലവേദനയായി തുടരുമെന്ന് പ്രവചിച്ചിരുന്നത്. മനുഷ്യരെ തമ്മില്‍ തല്ലിക്കാനും അതുവെച്ച് രാഷട്രീയ മുതലെടുക്കാനും ഭരണകൂടങ്ങള്‍ ശ്രമിക്കുന്നിടത്തോളം യുക്രൈന്‍ കീറാമുട്ടിയായി തുടരുമെന്നാണ് 2014-ല്‍ നല്‍കിയ ഒരഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയത്. റഷ്യ ബിയോണ്ട് എന്ന പ്രസിദ്ധീകരണത്തിന് വേണ്ടി മാക്‌സിന്‍ കോര്‍ഷുനോവ് നടത്തിയ അഭിമുഖം, പുതിയ യുക്രൈന്‍ സംഘര്‍ഷ സാഹചര്യങ്ങളില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
ബെര്‍ലിന്‍ മതില്‍ തകര്‍ന്നതിന്റെ 25-ാം വാര്‍ഷിക സമയത്താണ് സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവ് യുക്രൈന്‍ അടക്കമുള്ള വിഷയങ്ങളെ കുറിച്ച് സംസാരിച്ചത്. പാശ്ചാത്യ രാജ്യങ്ങളും റഷ്യയും ഉണ്ടാക്കിയ സമാധാന കരാറുകള്‍ പാലിക്കപ്പെടേണ്ടതിന്റെ അനിവാര്യതയാണ് അന്നദ്ദേഹം എടുത്തുപറഞ്ഞത്.
1991-ലാണ് സോവിയറ്റ് യൂനിയന്‍ തകര്‍ന്നത്. അന്നതിന് കാര്‍മികത്വം വഹിച്ചത് ഗോര്‍ബച്ചേവ് ആയിരുന്നു. യുക്രൈന്‍ അടക്കമുള്ള അന്നത്തെ സോവിയറ്റ് പ്രദേശങ്ങള്‍ റിപ്പബ്ലിക് ആയി മാറുന്ന സാഹചര്യത്തില്‍ പാശ്ചാത്യരാജ്യങ്ങളുമായി അദ്ദേഹം ചില കരാറുകളില്‍ ഒപ്പുവെച്ചു. റഷ്യയോട് തൊട്ടുകിടക്കുന്ന തന്ത്രപ്രധാനമായ യുക്രൈനിന്‍ അടക്കമുള്ള രാജ്യങ്ങളെ നാറ്റോയിലേക്ക് ചേര്‍ക്കുകയില്ലെന്നത് ആ വ്യവസ്ഥകളില്‍ ഒന്നായിരുന്നു. അതോടൊപ്പം കിഴക്കന്‍ ഭാഗത്തേക്ക് നാറ്റോ സഖ്യം വികസിപ്പിക്കുകയില്ലെന്നും അന്ന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍, ഇതൊന്നും പിന്നീട് പാലിക്കപ്പെട്ടില്ല. ഇക്കഴിഞ്ഞ ദിവസം യുക്രൈനെ ആക്രമിക്കാനുള്ള തീരുമാനം എടുത്ത കാര്യം അറിയിച്ചുകൊണ്ടുള്ള പ്രഭാഷണത്തില്‍ റഷ്യന്‍ പ്രസിഡന്റ വ്‌ളാദിമിര്‍ പുടിനും ഈ കരാര്‍ ലംഘനങ്ങളുടെ കാര്യം എടുത്തു പറഞ്ഞിരുന്നു.