ഗ്രീന്‍, ഫ്രീലാന്‍സ് വിസകള്‍ പ്രഖ്യാപിച്ച് യു.എ.ഇ

ദുബൈ: രാജ്യത്തിെന്റ സുവര്‍ണജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഈ മാസം ആരംഭിക്കുന്ന 50പദ്ധതികളിലെ ആദ്യഘട്ടം പ്രഖ്യാപിച്ചു. ഗ്രീന്‍, ഫ്രീലാന്‍സ് എന്നീ പേരുകളില്‍ പുതിയ വിസ സേവനങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. യു.എ.ഇ വിദേശ വ്യാപാര വകുപ്പ് സഹമന്ത്രി ഡോ. ഥാനി അല്‍ സയൂദിയാണ് പുതിയ വിസ സംവിധാനം മാധ്യമങ്ങള്‍ക്ക് വെളിപ്പെടുത്തിയത്. വിദ്യാര്‍ഥികള്‍, നിക്ഷേപകര്‍, ബിസിനസുകാര്‍, പ്രത്യേക വൈദഗ്ധ്യമുള്ളവര്‍ എന്നിവരുള്‍പ്പെടെ ഉന്നത നേട്ടങ്ങള്‍ കരസ്ഥമാക്കിയവര്‍ക്കാണ് ഗ്രീന്‍ വിസ അനുവദിക്കുക. ഇത് ലഭിക്കുന്നവര്‍ക്ക് രക്ഷിതാക്കളെയും 25വയസുവരെ മക്കളെയും സ്പോണ്സര് ചെയ്യാന്‍ കഴിയും. കലാവധി കഴിഞ്ഞാല്‍ വിസ പുതുക്കുന്നതിന് 90മുതല്‍ 180ദിവസം വരെ ഗ്രേസ് പിരിയിഡും ലഭിക്കും.
പതിവ് താമസ വിസകളില്‍ നിന്ന് വ്യത്യസ്തമായ ആനുകൂല്യങ്ങളും പദവികളും ഗ്രീന്‍ വിസക്കാര്‍ക്കുണ്ടാകും. ഏതെങ്കിലും കമ്ബനിയുടെ ഭാഗമല്ലാതെ, സ്വന്തം നിലക്ക് നിലനില്‍ക്കാന്‍ ഇത് സഹായിക്കും. കൂടുതല്‍ ഗ്രേസ് പിരിയിഡ് ലഭിക്കുന്നതിനാല്‍ വിസ കാലാവധി കഴിഞ്ഞാലും ആറുമാസം വരെ രാജ്യത്ത് തങ്ങാനാകും. സാധാരണ വിസ കാലാവധി കഴിഞ്ഞാല്‍ 30ദിവസമാണ് ഗ്രേസ് പിരിയിഡ്. വര്‍ക്ക് പെര്‍മിറ്റില്‍ നിന്ന് റസിഡന്‍സ് പെര്‍മിറ്റിനെ വേര്‍തിരിക്കുന്ന പുതിയ റസിഡന്‍സ് സംവിധാനമെന്ന നിലയില്‍ ഗ്രീന്‍ വിസ കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതാണ്. സ്വതന്ത്ര ബിസിനസുകാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ലഭിക്കുന്ന വിസയാണ് ഫ്രീലാന്‍സ് വിസ. വിവാഹമോചിതരായ സ്ത്രീകള്‍ക്കും ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന 15 വയസ് പിന്നിട്ട വിദ്യാര്‍ത്ഥികള്‍ക്കും വിസ നല്‍കും.
നിലവില്‍ മൂന്ന് ലയറുകളിലായി ഗോള്‍ഡന്‍, റെസിഡന്‍സി, ടൂറിസ്റ്റ് വിസകളാണ് രാജ്യത്ത് അനുവദിക്കുന്നത്. പ്രതിഭകളെ രാജ്യത്ത് തുടരാന്‍ പ്രേരിപ്പിക്കുന്നതാണ് കൂടുതല്‍ ഇളവുകള്‍ ലഭിക്കുന്ന പുതിയ വിസ സേവനങ്ങള്‍.